ആത്മീയ ഉന്നതി
ജീവിതത്തിലെ മിഥ്യാധാരണകളെ മറികടക്കാൻ
ആത്മസാക്ഷാത്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം, അവബോധത്തിന്റെ ഉയർന്ന മേഖലകളിലേക്ക് തുടർച്ചയായി കയറാൻ കഴിയുന്ന ഒരു സമതുലിതമായ അവസ്ഥയിലെത്തുക എന്നതാണ്. സഹജയോഗ ധ്യാനം നമ്മെ ആത്മീയ അവബോധത്തിൽ വലിയ ഉയരങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു. ആ അനുഗ്രഹം നമ്മുടെ ദൈനംദിന ജീവിതത്തിലും കുടുംബത്തിലും ജോലിയിലും സമൂഹത്തിലും പ്രതിഫലിക്കുന്നു. നമ്മുടെയും, ഗ്രഹമായ ഭൂമിയുടെയും സുസ്ഥിരമായ നിലനിൽപ്പ് സ്ഥാപിക്കുന്നതിനായുള്ള ഒരു സുപ്രധാനമായ നാഴികക്കല്ലാണിത്.
ദൈനംദിന യാഥാർത്ഥ്യമായി നാം കാണുന്ന മിഥ്യാജീവിതം എന്ന് വിളിക്കപ്പെടുന്ന ഈ ക്ഷണികമായ ജീവിതത്തെ മറികടക്കുക എന്നതാണ് നമ്മുടെ ആത്മീയ ആരോഹണത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. സന്തോഷമോ വിഷാദമോ, സുഖമോ വേദനയോ, ലാഭമോ നഷ്ടമോ എന്ന ദ്വന്ദ്വത്തിൽ നമ്മുടെ അവബോധത്തെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുന്ന ഈ ക്ഷണികമായ ജീവിതത്തിലെ എല്ലാ മനുഷ്യാനുഭവങ്ങളും നമ്മുടെ അസന്തുഷ്ടിയുടെ ഉറവിടമാണെന്ന് പുരാതന ഗ്രന്ഥങ്ങൾ വിവരിക്കുകയും താപസവൃത്തിയുടെയും, ധ്യാനത്തിന്റെയും പാത പിന്തുടർന്ന്, ഉന്നത ആത്മീയ ബോധത്തിലൂടെ ശാന്തിയും സമാധാനവും കൈവരിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. പല സത്യാന്വേഷികളും ഹിമാലയം പോലുള്ള വിദൂര സ്ഥലങ്ങളുടെ ഏകാന്തത തേടി ലൗകിക സുഖങ്ങളെ പരിത്യജിച്ച് ജീവിതത്തിന്റെ അവ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു, അവിടെ ശാന്തിയും മോക്ഷവും ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. സാക്ഷാത്ക്കാരം നേടിയ ഒരു ഗുരുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ കുറച്ച് ഉത്ക്കടമായ സത്യാന്വേഷികൾ ജ്ഞാനോദയം കണ്ടെത്തുന്നുണ്ടെങ്കിലും,വർഷങ്ങളോളം നീണ്ട കഠിനമായ സന്യാസ ജീവിതത്തിനും കർക്കശമായ യോഗ-ധ്യാന പരിശീലനത്തിനു ശേഷവും പലരും നിരാശയോടെയും വെറുംകൈയോടെയും മടങ്ങുന്നു.
സഹജ യോഗ ധ്യാനത്തിന് കർശനമായ സന്യാസ ജീവിതരീതിയോ സമൂഹത്തിൽ നിന്ന് പിന്മാറേണ്ട ആവശ്യമോ ഇല്ല. സമൂഹമധ്യത്തിൽ ജീവിക്കുന്ന ഒരു ഗൃഹനാഥൻ അല്ലെങ്കിൽ ഒരു സാധാരണ പൗരന് ഏറ്റവും അനുയോജ്യമായ രീതിയാണിത്. യഥാർത്ഥത്തിൽ, സഹജയോഗ ധ്യാന പരിശീലനത്തിലൂടെ നാം നേടിയെടുക്കുന്ന ഉയർന്ന അവസ്ഥയെ വിശകലനം ചെയ്യാൻ നമ്മുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ തന്നെ മതിയായ ഹേതുവായി മാറുന്നു.
സഹജയോഗ ധ്യാനത്തിലൂടെ നമ്മൾ ആത്മസാക്ഷാത്കാരം സ്ഥാപിക്കുമ്പോൾ, നമ്മുടെ യഥാർത്ഥ പ്രകൃതം, ശുദ്ധമായ പ്രപഞ്ച ചൈതന്യമാണെന്ന് നാം തിരിച്ചറിയുന്നു. ഈ അവബോധത്തോടും,സഹജയോഗ നമുക്ക് നൽകുന്ന പ്രവീണതക്കുമൊപ്പം, ജീവിതത്തിലെ പ്രക്ഷുബ്ധതയ്ക്ക് സാക്ഷ്യം വഹിക്കാനും, പ്രശ്നങ്ങളെയും പ്രതിബന്ധങ്ങളെയും തിരിച്ചറിഞ്ഞ് അതിൽ നിന്ന് വേറിട്ട് നിൽക്കാനും നമുക്ക് കഴിയുന്നു. നമ്മൾ കരുതുന്ന ഈ "ജീവിതം" നമ്മുടെ സ്വന്തം ചിന്താരീതിയുടെയും പ്രതീക്ഷകളുടെയും ഫലമാണ്, അതുകൊണ്ട് തന്നെ ക്ഷണികമാണ്.
സഹജ യോഗയെക്കുറിച്ചുള്ള നിർമ്മല ജ്ഞാനത്തിന്റെ അമൂല്യ നിധി ശേഖരം പരമ പൂജ്യ ശ്രീ മാതാജി നിർമ്മല ദേവി നൽകിയ ആയിരക്കണക്കിന് പ്രഭാഷണങ്ങളിൽ കണ്ടെത്താനാകും.ഈ പ്രഭാഷണങ്ങളിൽ എല്ലാം തന്നെ നമ്മുടെ ആത്മീയ അസ്തിത്വത്തിന്റെ മനോഹരമായ മാനങ്ങളെ കണ്ടെത്താനും, തുടർന്ന് ഈ അവബോധത്തിൽ വളരുന്നതിനുള്ള ശരിയായ മാർഗ്ഗനിർദ്ദേശം കണ്ടെത്താനും നമ്മെ സഹായിക്കുന്നു.പൊതുപരിപാടി വിഭാഗത്തിലും(പബ്ലിക് പ്രോഗ്രാം വിഭാഗം)ലൈബ്രറി വിഭാഗത്തിലുമുള്ള വിവിധ പ്രഭാഷണങ്ങൾ സജീവമായി ശ്രവിക്കുവാൻ ഞങ്ങൾ വായനക്കാരോട് ശുപാർശ ചെയ്യുന്നു.
നമ്മുടെ ആത്മീയ ഉന്നതിയെക്കുറിച്ചുള്ള ഒരു മനോഹരമായ പ്രഭാഷണം ഇവിടെ പങ്കിടുന്നു. നമ്മുടെ ആത്മീയമായ ധ്യാനാവസ്ഥയെ ഗഹനമായ തലത്തിലേക്ക് എത്തിക്കുവാൻ ഇത് സഹായിക്കുന്നു.