യഥാർത്ഥത്തിൽ ഈ സൂക്ഷ്മ കേന്ദ്രങ്ങളെ (ചക്രങ്ങളെ) എങ്ങനെ ഒരാൾക്ക് തന്റെ ശരീരത്തിലോ അല്ലെങ്കിൽ കൈകാലുകളുടെ അഗ്രങ്ങളായ വിരൽത്തുമ്പുകളിലോ അനുഭവിച്ചറിയാൻ കഴിയും എന്നതാണ് ശ്രീ മാതാജി സത്യാന്വേഷികൾക്ക് വിശദീകരിച്ച് കൊടുത്തത്.. മനുഷ്യമനസ്സിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് ഓരോരുത്തർക്കും ചൂട്, തണുപ്പ്, ശരീരത്തിന് തരിപ്പ് അല്ലെങ്കിൽ ഭാരം തുടങ്ങിയ വ്യത്യസ്തമായ സംവേദനങ്ങൾ അനുഭവപ്പെട്ടേക്കാം. ശ്രീ മാതാജിയുടെ സാന്നിധ്യത്തിൽ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായി സത്യാന്വേഷകരെ ബാധിച്ചിരുന്ന ഒരോ പ്രത്യേക പ്രശ്നങ്ങളെയും, അവയുടെ ഓരോ സംവേദനങ്ങളേയും വളരെ ക്ഷമയോടെ അമ്മ വ്യാഖ്യാനം ചെയ്തു.ഈ യോഗശാസ്ത്രപരമായ ആത്മീയ അനുഭവം, ലോകത്തിലെ പല വേദഗ്രന്ഥങ്ങളിലും,പ്രത്യേകിച്ച് വിശുദ്ധ ഖുർആനിലെ വരികളിൽ വളരെ നന്നായി വിവരിച്ചിട്ടുണ്ടെന്ന് ശ്രീമാതാജി ചൂണ്ടിക്കാട്ടി.
ഒരാൾ ചക്രങ്ങളെ സങ്കൽപ്പിക്കുന്നത് ഒരു കൂട്ടം അഗ്നിനാളങ്ങളായോ, താമരദളങ്ങളായോ ആയിരിക്കാം. നാഡീവ്യൂഹത്തിന് ഉള്ളിലുള്ള ഞരമ്പുകളുടെ എണ്ണത്തിന് അനുസൃതമായി ഓരോ ചക്രങ്ങളുടെയും ദളങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാവും. നാഡീവ്യൂഹം നമ്മുടെ ശരീരത്തിലും തലച്ചോറിലുമുള്ള വിവരങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കുകയും, നമ്മുടെ ജീവിതത്തിന്റെ ഐക്യത്തോടെയുള്ള പ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം അതാണ്. അതുകൊണ്ട് തന്നെ, നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ചില സ്വഭാവങ്ങളുമായി ഓരോ ചക്രവും ബന്ധപ്പെട്ടിരിക്കുന്നു. ശാരീരികമായോ മാനസികമായോ വൈകാരികമായോ നമുക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ അത് ഈ ചക്രങ്ങളിലുള്ള സൂക്ഷ്മമായ തടസ്സങ്ങളോ പ്രതിബന്ധങ്ങളോ മൂലമാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നാഡീവ്യവസ്ഥയുടെ ബാഹ്യമായ വിപുലീകരണവും,നമ്മുടെ സൂക്ഷ്മ ശരീരത്തിന്റെ ബാഹ്യമായ വിപുലീകരണവും സമാനമാണ്. ഇത് നമ്മുടെ സുഷുമ്നാനാഡിക്കുള്ളിലെ ചക്രങ്ങളേയും നമ്മുടെ കൈകളിലും കാലുകളിലുമുള്ള അനുബന്ധ അഗ്രഭാഗങ്ങളേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു.നമ്മുടെ ശരീരത്തിനുള്ളിലെ ഈ സ്ഥാനങ്ങളേയും അതിനോടനുബന്ധിക്കുന്ന സൂക്ഷ്മ ചക്രങ്ങളെയും ശരിയായി വ്യാഖ്യാനം ചെയ്യാൻ അറിയാവുന്ന ഒരാൾക്ക്,അയാളുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ അസ്തിത്വത്തെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.ഇനി അങ്ങോട്ട് പരമമായ പ്രപഞ്ച സത്യത്തിൽ നിന്ന് ഒരാൾക്ക് വേറിട്ട് നിൽക്കാനാവില്ല , മറിച്ച്, ആത്മജ്ഞാനത്തിലൂടെ ഗ്രഹിച്ച സത്യത്തിലൂടെ അയാൾക്ക് മിഥ്യാധാരണകളിൽ നിന്ന് സ്വയം വേർപെട്ട് നിൽക്കാൻ കഴിയുകയും ചെയ്യുന്നു.
നമ്മുടെ സൂക്ഷ്മമായ നാഡിവ്യൂഹത്തിലൂടെ, നമുക്ക് ശാരീരികവും മാനസികവും വൈകാരികവുമായ സുസ്ഥിതി വരിക മാത്രമല്ല, അത് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താനും സഹായിക്കുന്നു. അവ നമ്മുടെ വ്യക്തിത്വ സവിശേഷതകളുടെ ഒരു കലവറയാണെന്ന് നമുക്ക് മനസ്സിലാക്കാം. നാം പരിണമിക്കുകയും പക്വത പ്രാപിക്കുകയും വളരുകയും ചെയ്യുമ്പോൾ, ഈ വ്യക്തിത്വ സവിശേഷതകൾ ചിലപ്പോൾ ബോധപൂർവ്വമായും എന്നാൽ പലപ്പോഴും അബോധപൂർവ്വമായും നമ്മുടെ ജീവിതത്തിൽ പ്രകടമാകുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ആരെയെങ്കിലും സഹായിക്കാനോ, ദയ കാണിക്കാനോ എത്ര തവണ അത് നിങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്ന് ചിന്തിക്കുക. ഈ ചിന്തകൾ നിങ്ങൾക്ക് എവിടെ നിന്നാണ് ഉണ്ടാവുന്നത്? ചൈനയിലെയും ഇന്ത്യയിലെയും പുരാതന പൗരസ്ത്യ സംസ്കാരങ്ങൾ, അവരുടെ സമൂഹങ്ങളെ ആത്മീയ ജീവിതത്തിന്റെ ഉന്നത മൂല്യങ്ങളിലും, ധർമ്മത്തിലും അധിഷ്ഠിതമാക്കി സൂക്ഷ്മ നാഡിവ്യവസ്ഥയുടെ അറിവ് ഉപയോഗിച്ചാണ് ജീവിച്ചിരുന്നത്. പ്രാചീന സംസ്കൃത ഭാഷയിൽ ധർമ്മം എന്നാൽ 'നീതിയുള്ള പെരുമാറ്റച്ചട്ടം' എന്നാണ് അർത്ഥമാക്കുന്നത്, ഇത് പരമചൈതന്യത്തിന്റെ നിയമശാസ്ത്രവുമായി പൊരുത്തപ്പെട്ടു പോകുന്നതാണ്. മോശയ്ക്ക് കൈമാറിയ പത്തു കല്പനകളുമായി ഒരു സമാന്തര സാദൃശ്യം ഇവിടെ കാണുന്നു. വാസ്തവത്തിൽ, പുരാതന ലോകത്തെ മതങ്ങളിലും സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും ഈ ആഗോളമായ പെരുമാറ്റച്ചട്ടത്തിന്റെ മറ്റ് ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.
ശ്രീ മാതാജി പങ്കിട്ട അറിവിനെ അടിസ്ഥാനമാക്കി,ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ഓരോ ചക്രങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുകയും സൂക്ഷ്മ കേന്ദ്രങ്ങളുടെ ആദിമ തത്വത്തെ അടിസ്ഥാനമാക്കിയുള്ള സഹജമായ വ്യക്തിത്വ സവിശേഷതകൾ എടുത്തു പറയുകയും ചെയ്യുന്നു. ഈ കേന്ദ്രങ്ങളുടെ ചില ഗുണങ്ങൾ ജനന സമയം മുതൽ തന്നെ മനുഷ്യന്റെ അവബോധത്തിൽ വികസിക്കുന്നു. ഈ കേന്ദ്രങ്ങളുടെ ഉന്നത സൂക്ഷ്മ ഗുണങ്ങൾ നമ്മുടെ ആത്മസാക്ഷാത്കാരത്തിനു ശേഷം കുണ്ഡലിനി ശക്തിയെ ഉണർത്തുന്നതിലൂടെ പൂർണ്ണമായും പ്രകടമാകുന്നു..
വിവിധ ചക്രങ്ങളെക്കുറിച്ചുള്ള ഈ സൂക്ഷ്മമായ അറിവ് ഉപയോഗിച്ച്, സഹജമായ ആത്മീയ സ്വഭാവത്തോട് ലയിച്ചും, സഹജീവികളോടൊപ്പം ജീവിക്കാനും നമുക്ക് നമ്മെ തന്നെ സഹായിക്കാനും ആകും.
[1] ഖുറാനിൽ പുനരുത്ഥാന ദിവസം എന്നറിയപ്പെടുന്ന അൽ-ഖിയാമയെ സൂചിപ്പിക്കുന്നു