Ida Nadi

ഇട നാഡി

ആഗ്രഹങ്ങളും വികാരങ്ങളും

നമ്മുടെ ഇടത് ചേതന നാഡി (സംസ്കൃതത്തിൽ ഇട നാഡി എന്ന് വിളിക്കപ്പെടുന്നു), ചന്ദ്ര നാഡി എന്നും അറിയപ്പെടുന്നു, ഇത് ആദ്യത്തെ കേന്ദ്രമായ മൂലാധാര ചക്രത്തിൽ നിന്ന് ഉയർന്ന് നമ്മുടെ ശരീരത്തിന്റെ ഇടതുവശത്ത് കൂടി സഞ്ചരിച്ച്‌ തലച്ചോറിന്റെ വലതുഭാഗത്ത് ഒരു ബലൂൺ രൂപത്തിൽ അവസാനിക്കുന്നു.

നമ്മുടെ ഓർമ്മകളുടെയും ശീലങ്ങളുടെയും അവസ്ഥകളുടെയും കലവറയായി വർത്തിക്കുന്ന സൂപ്പർ ഈഗോ എന്നാണ് ശ്രീ മാതാജി ഈ ബലൂണിനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളിലൂടെയും മാതാപിതാക്കളുടെ വളർത്തലിലൂടെയും സമപ്രായക്കാരിലൂടെയും നാം നേടിയെടുക്കുന്ന നമ്മുടെ ധാർമ്മിക സ്വഭാവത്തെ ഇത് നിയന്ത്രിക്കുന്നു.

ആത്മസാക്ഷാത്കാരത്തിനു മുമ്പ്,നമ്മുടെ പ്രത്യഹങ്കാരത്താൽ പ്രേരിപ്പിക്കപ്പെടുന്ന തടസ്സങ്ങൾ നമ്മൾ അനുഭവിക്കുന്നു. അത് നമ്മുടെ അഹങ്കാരം, വിഷയ തൃഷ്ണ എന്നിവയായുള്ള മല്പിടിത്തം പോലെയാണ്.

ഇടത് ഊർജ്ജ നാഡിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ഗുണമാണ് ആനന്ദം. എന്നിരുന്നാലും, ഈ ആനന്ദം വെറും ഒരു സന്തോഷമോ ആവേശമോ എന്നല്ല അർത്ഥമാക്കുന്നത്;അത് ക്ഷണിക സ്വഭാവമുള്ളതാണ്, മാത്രമല്ല കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ നടക്കാതിരിക്കുമ്പോൾ അസന്തുഷ്ടി അല്ലെങ്കിൽ നിരാശ തുടങ്ങിയ ദോഷവശങ്ങളിൽ എത്തിച്ചേരുന്നു. മറിച്ച്, ഇത് ശുദ്ധഗുണമുള്ള ആനന്ദമാണ്.നമ്മുടെ ധാരണകളുമായോ പ്രതീക്ഷകളുമായോ ബന്ധമില്ലാത്ത ഒരു സ്വാഭാവിക സ്വതസിദ്ധമായ വികാരമായി സ്വയം പ്രകടിപ്പിക്കുന്ന ഒന്നാണ് നമ്മുടെ ആത്മാവിന്റെ ശുദ്ധമായ ആനന്ദത്തിന്റെ പ്രത്യേകത എന്ന് ശ്രീ മാതാജി വിവരിക്കുന്നു. ഇത് ശാശ്വത സ്വഭാവമുള്ളതാണ്, ഈ ശുദ്ധമായ ആനന്ദാനുഭൂതി കൂട്ടാനോ ഇല്ലാതാക്കാനോ കഴിയില്ല. നമ്മുടെ ആത്മാവിന്റെ ശുദ്ധമായ ആനന്ദത്തിന്റെ ഈ ഗുണം, ആത്മസാക്ഷാത്കാരത്തിനു ശേഷം സ്വയമേവ നമ്മുടെ അവബോധത്തിലേക്ക് കടന്നുവരുന്നു, കൂടാതെ ക്രമമായ ധ്യാനത്തിലൂടെ എളുപ്പത്തിൽ നിലനിർത്താനും കഴിയുന്നു.

നമ്മുടെ ഇടത് നാഡി വ്യവസ്ഥയിൽ തടസ്സങ്ങൾ നേരിടുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ ശ്രീ മാതാജി തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരമൊരു വ്യക്തിയുടെ വൈകാരിക തലങ്ങൾ അതിരുകടന്നേക്കാം. ആഹ്ളാദത്തിൽ നിന്ന് വിഷാദത്തിലേക്കും തിരിച്ചും വേഗത്തിൽ മാറുന്ന മാനസികാവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. ഒരാൾക്ക് അലസതയും തീവ്രമായ നിഷ്ക്രിയത്വവും അനുഭവപ്പെടാം, പലപ്പോഴും "കൗച് പൊട്ടറ്റോ "(couch potato syndrome) എന്ന അവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ചുരുക്കത്തിൽ, ഇടത് നാഡി വ്യവസ്ഥ നമ്മുടെ വികാരങ്ങളെയും വിചാരങ്ങളെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നു. ഇത് നമ്മുടെ ഓർമ്മകളുമായും മുൻകാല അനുഭവങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വികാരങ്ങൾ സാധാരണ നിലയിലായിരിക്കുന്നിടത്തോളം,ആരോഗ്യകരവും സമതുലിതവുമായ ജീവിതം നമ്മൾ അനുഭവിക്കുന്നു. എന്നിരുന്നാലും, വിഷാദം, മ്ലാനത, മൗനം എന്നിങ്ങനെയുള്ള അത്യന്തമായ വികാരങ്ങൾ അനുഭവിക്കുമ്പോൾ, നാം ഉചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, ഇവിടെ സഹജ യോഗ ധ്യാനം നല്ല ഫലങ്ങൾ കാണിക്കുന്നു, അവയിൽ പലതും ക്ലിനിക്കൽ പഠനങ്ങളിൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

നമ്മുടെ ഇടത് വശത്തെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാനും, വൈകാരികവും മാനസികവുമായ അസ്തിത്വത്തിലെ പ്രതികൂല ഫലങ്ങൾ തിരുത്തുവാനും കഴിയുന്ന ലളിതവും സുരക്ഷിതവുമായ, വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ സാങ്കേതിക വിദ്യകൾ ശ്രീ മാതാജി ശുപാർശ ചെയ്തിട്ടുണ്ട്. ചിട്ടയായ ധ്യാനം, നമ്മുടെ സ്പന്ദനാവബോധത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ആത്മപരിശോധന, ഇടതുവശം ശുദ്ധമാക്കാൻ ശ്രീ മാതാജി പറഞ്ഞിട്ടുള്ള സാങ്കേതിക വിദ്യകളുടെ പ്രയോഗം എന്നിവ ആനന്ദത്തിന്റെ പുതിയ വികാരങ്ങളും ഊർജ്ജസ്വലവും സകാരാത്മകമായ മനോഭാവവും ജീവിതത്തിൽ ഉണർത്തുന്നു.