മൂലാധാര ചക്രം
നിഷ്കളങ്കതയും വിവേകവും
നിഷ്കളങ്കരായ കുഞ്ഞുങ്ങളായിട്ടാണ് നാം ലോകത്തിലേക്ക് വരുന്നത്, അതിനാൽ ശിശു സമാനമായ ഗുണം നമ്മുടെ ഉള്ളിലെ സഹജമായ വ്യക്തിത്വ സവിശേഷതയാണെന്ന് നമുക്ക് പറയാം. നിഷ്കളങ്കത, സ്വാഭാവികത, വിവേകം എന്നിവ ഈ ചക്രത്തിന്റെ സാക്ഷാൽക്കാരമാണ്. അത് നമ്മുടെ ഉള്ളിലെ ശാശ്വതവും നശിപ്പിക്കാനാവാത്തതുമായ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. നമ്മുടെ ഉള്ളിലുള്ള കുണ്ഡലിനി ഊർജ്ജം, ഈ ചക്രത്തെ സജീവമാക്കുമ്പോൾ ഈ ഗുണങ്ങൾ അവയുടെ പൂർണ്ണമായ ശക്തിയിൽ പ്രകടമാകുന്നു. ശാരീരിക തലത്തിൽ, ഈ ചക്രം വിസർജ്ജനത്തിനെയും പ്രത്യുൽപാദന വ്യവസ്ഥയെയും നിയന്ത്രിക്കുന്നു. ആത്മീയ തലത്തിൽ, നമ്മുടെ മൂലാധാര ചക്രം മുഴുവൻ സൂക്ഷ്മ സംവിധാനത്തിന്റെയും അടിത്തറയാണ്.
ധ്യാന മാർഗ്ഗത്തിൽ നാം പുരോഗമിക്കുമ്പോൾ, നമ്മോടും മറ്റുള്ളവരോടും ഉള്ള നിഷ്കളങ്കതയും ബഹുമാനവും സ്നേഹവും നാം ആഴത്തിൽ അനുഭവിക്കാൻ തുടങ്ങുന്നു. നമ്മുടെ മനസ്സിൽ നിന്നും അപ്രസക്തമായ സംഭ്രാന്തികൾ മാറുമ്പോൾ നമ്മുടെ ഓർമ്മ ശക്തി വളരെയധികം മെച്ചപ്പെടുന്നതായി നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. ഈ ചക്രം നമ്മുടെ ഉള്ളിൽ വികസിക്കുമ്പോൾ, നമുക്ക് ഒരു ആകർഷകമായ വ്യക്തിത്വം ഉണ്ടാകുന്നു.
സ്ഥാനം:
നമ്മുടെ നട്ടെല്ലിന്റെ അടിഭാഗത്തുള്ള (വസ്തിപ്രദേശത്തുള്ള) പെൽവിക് നാഡീവ്യൂഹത്തിലാണ് മൂലാധാര ചക്രം സ്ഥിതി ചെയ്യുന്നത്. മൂലധാര ചക്രത്തിന്റെ സ്പന്ദനങ്ങൾ നമ്മുടെ കൈപ്പത്തിയുടെ ആരംഭ ഭാഗത്ത് അനുഭവിക്കാൻ കഴിയുന്നു.
നിറം:
ഈ ചക്രം പവിഴത്തിന്റെ ചുവന്ന നിറത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത് ഭൂമി മൂലകവുമായി അടുത്ത് വിന്യസിച്ചിരിക്കുന്നു.
മൂലാധാര ചക്രത്തിന്റെ സൂക്ഷ്മ ഗുണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
• നിഷ്കളങ്കത
• പരിശുദ്ധി
• ലാളിത്യം
• ശിശുതുല്യമായ ആനന്ദം
• സ്വതസിദ്ധമായ വിവേകം
• അന്തസ്സ്
• സന്തുലനാവസ്ഥ
• ലക്ഷ്യബോധവും ദിശാബോധവും
• ഭൂമിയുമായുള്ള ബന്ധം
• പ്രകൃതിയുമായുള്ള പൊരുത്തം
അനുഭവവും നേട്ടങ്ങളും:
സന്തുലിതാവസ്ഥയിലുള്ള മൂലാധാര ചക്രം നിങ്ങളുടെ സ്വതസിദ്ധമായ വിവേകം നിലനിർത്താനും വികസിപ്പിക്കാനും സഹായിക്കും. ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള സഹജമായ കഴിവ് നിങ്ങൾ നേടുന്നു. യഥാർത്ഥ ജ്ഞാനം ഉള്ളിൽ വ്യാപിക്കുമ്പോൾ, തനിക്കോ മറ്റുള്ളവർക്കോ ദോഷം ചെയ്യുന്ന പ്രവൃത്തികൾ (അല്ലെങ്കിൽ പ്രവൃത്തിക്കാതിരിക്കൽ) ഒരാൾ ഒഴിവാക്കുന്നു.
സന്തുലിതാവസ്ഥയിലുള്ള മൂലാധാര ചക്രം മെച്ചപ്പെട്ട ഓർമ്മ ശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവയിലേക്ക് നയിക്കുന്നു. വൈകാരിക സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിർത്തിക്കൊണ്ട് ഒരാൾക്ക് ബുദ്ധിപരമായ തീരുമാനങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും എടുക്കാൻ കഴിയുന്നു. മൂലാധാര ചക്രം ഭൂമിയുടെ മൂലകത്തിൽ നിന്ന് രൂപപ്പെട്ടതിനാൽ, പ്രകൃതി മാതാവിനോട് നമ്മുടെ അവബോധത്തെ ബന്ധിപ്പിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു, കൂടാതെ പ്രകൃതിയുമായി പൂർണ്ണമായി യോജിച്ച്, ഭൂമി മാതാവിന്റെ ഔദാര്യങ്ങൾ ആസ്വദിക്കാനും ജീവിതം നയിക്കാനും സാധിക്കുന്നു. പ്രകൃതിവിരുദ്ധമോ അനാരോഗ്യകരമോ ആയ ജീവിതരീതികൾ ("വികൃതമായത്" അല്ലെങ്കിൽ "പ്രകൃതിക്ക് എതിരായി" എന്ന് കണക്കാക്കാവുന്നവ) ഒഴിവാക്കാനും ഇത് നമ്മെ സഹായിക്കുന്നു. പരിണമിച്ച മൂലാധാര ചക്രത്തിലൂടെ നമുക്ക് നമ്മുടെയും, അത് പോലെ മറ്റുള്ളവരുടെയും നിഷ്കളങ്കത്വത്തിനെയും വിശുദ്ധിയെയും മനസ്സിലാക്കാനും ബഹുമാനിക്കാനും സാധിക്കുന്നു. നമ്മുടെ മൂലാധാര ചക്രത്തിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോൾ, പല അസുഖങ്ങളും ഉണ്ടായേക്കാം.
മൂലാധാര ചക്രം സന്തുലിതമാക്കുന്നതിലൂടെ വിഷാദം അല്ലെങ്കിൽ അലസത പോലുള്ള ഇടത് നാഡിയുടെ പ്രശ്നങ്ങൾ തടയാൻ കഴിയുന്നു. ആക്രമണാസക്തമായ പെരുമാറ്റം, അമിതമായ ചിന്ത, അമിതമായ ആസൂത്രണം,അമിതാസക്തി തുടങ്ങിയ വലതു നാഡിയുടെ പ്രശ്നങ്ങളും, മൂലാധാര ചക്രത്തിന്റെ ശരിയായ സന്തുലനാവസ്ഥ സ്ഥാപിക്കുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയുന്നു.
സ്വയം വിലയിരുത്തൽ:
നിങ്ങളുടെ മൂലാധാര ചക്രം സന്തുലിതമല്ലെങ്കിൽ, നിങ്ങൾക്ക് മോശപ്പെട്ട ദിശാബോധം, ഓർമ്മശക്തി അല്ലെങ്കിൽ സമതുലിതാവസ്ഥ (ഗുരുത്വാകർഷണം) എന്നിവ അനുഭവപ്പെടാം. ഈ ചക്രത്തിലെ തടസ്സത്തിന്റെ മറ്റ് ലക്ഷണങ്ങളിൽ വിസർജ്ജന പ്രശ്നങ്ങൾ, ലൈംഗിക വൈകല്യങ്ങൾ, പ്രത്യുൽപാദനത്തിനുള്ള ബുദ്ധിമുട്ടുകൾ എന്നിവ ഉൾപ്പെടുന്നു.
അസന്തുലിതാവസ്ഥയുടെ കാരണങ്ങൾ:
- അമിതമായ മാനസിക പ്രവർത്തനവും ഇന്ദ്രിയങ്ങളുടെ ആനന്ദത്തിനായുള്ള അമിതമായ ആസക്തിയും ഈ ചക്രത്തിൽ തടസ്സം സൃഷ്ടിക്കുന്നു
- നിഷേധാത്മകമായ സാമൂഹിക സ്വാധീനങ്ങളും നമ്മുടെ മൂലാധാര ചക്രത്തിന്റെ സഹജമായ ഗുണങ്ങളായ നിഷ്കളങ്കതയെയും വിവേകത്തിനെയും സ്വാധീനിക്കുന്നു
എങ്ങനെ സന്തുലനം കൈവരിക്കാം:
സ്ഥിരമായ സഹജ യോഗ ധ്യാനത്തിലൂടെ നമ്മുടെ മൂലാധാര ചക്രത്തിനെ സന്തുലിതമാക്കാനും ഈ ചക്രത്തിന്റെ മനോഹരവും സഹജവുമായ ഗുണങ്ങളെ നമ്മുടെ അവബോധത്തിൽ ശക്തിപ്പെടുത്താനും സഹായിക്കുന്നു. തുടക്കത്തിൽ, നിങ്ങൾ കഴിയുന്നത്ര സമയം ഭൂമിയിൽ നേരിട്ട് ഇരിക്കാൻ ശ്രമിക്കണം. തുറസ്സായ സ്ഥലത്ത് ശാന്തമായി നിലത്ത് ചമ്രം പടിഞ്ഞിരുന്ന് നിങ്ങളുടെ ഇടത് മൂലാധാര ചക്രം ശുദ്ധീകരിക്കാൻ കഴിയുന്നു. ഒപ്പം കൈപ്പത്തികൾ താഴേക്ക് അഭിമുഖീകരിച്ചു കൊണ്ട് ഇരു കൈകളും നിങ്ങളുടെ അരക്കെട്ടിനരികിൽ നിലത്ത് ചേർത്ത് വയ്ക്കുക.
നിങ്ങൾക്ക് പുറത്തിരുന്ന് ചെയ്യാൻ സമയം കിട്ടുന്നില്ലെങ്കിൽ, മറ്റൊരു മാർഗം ഉണ്ട്. ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ നിങ്ങളുടെ പാദങ്ങൾ മുക്കിവെക്കുന്നത് മൂലാധാര ചക്രം സന്തുലിതമാക്കാൻ സഹായിക്കുന്നു.