Paramchaitanya

പരമചൈതന്യം

പരമചൈതന്യത്തിന്റെ ദിവ്യമായ കുളിർകാറ്റ്

എല്ലാ ദിവസവും വിത്ത് മുളയ്ക്കുന്നതും പൂക്കൾ വിരിയുന്നതും കായ്കൾ പഴുക്കുന്നതും നമ്മൾ കാണുന്നു, പക്ഷേ അത് എങ്ങനെ സംഭവിക്കുന്നുവെന്ന് ചിന്തിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ഈ പ്രവൃത്തി ചെയ്യുന്ന ഒരു ശക്തിയുണ്ട്, അത് ദൈവിക സ്നേഹത്തിന്റെ സർവ്വവ്യാപിയായ ശക്തിയാണ്. നമ്മുടെ ഉള്ളിലുള്ള ഉപകരണത്തിലൂടെ ഈ ശക്തി അനുഭവിക്കേണ്ട സമയം ആഗതമായിരിക്കുന്നു. ഈ ഉപകരണത്തിന്റെ ഉപയോഗം പ്രകടമാകുന്നത് അത് പ്രധാന ഘടകവുമായി ബന്ധിക്കപ്പെടുമ്പോളാണ്. ഈ പ്രധാന ഘടകവുമായി ബന്ധിക്കാത്തിടത്തോളം സമയം നമുക്ക് നമ്മുടെ കഴിവും സൗന്ദര്യവും അറിയാൻ കഴിയുന്നില്ല. എന്നാൽ ഒരിക്കൽ ഈ ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ, അതിന്റെ ശക്തിമത്തായ ഫലങ്ങളിൽ നമ്മൾ ആശ്ചര്യപ്പെടും.

ദൈവസ്നേഹത്തിന്റെ ഈ സാർവത്രിക ശക്തിക്ക് വിവിധ സംസ്കാരങ്ങളിൽ പല പല പേരുകളാണുള്ളത്: ന്യൂമ, റൂഹ്, അസ്സാസ്, താവോ, പരിശുദ്ധാത്മാവിന്റെ കാറ്റ്, ജീവജലം എന്നെല്ലാം. അവയെല്ലാം അർത്ഥമാക്കുന്നത് ഒരേ കാര്യമാണ്, സ്നേഹനിർഭരവും ബുദ്ധിപരവും എല്ലാം ഉൾക്കൊള്ളുന്നതുമായ സൃഷ്ടിയുടെ ഊർജ്ജം. ബോധവും ഊർജ്ജവുമാണ് പ്രാഥമിക ഘടകങ്ങൾ. മറ്റെല്ലാം ദ്വിതീയമാണ്. ഈ യാദൃശ്ചികശക്തി പ്രപഞ്ചം മുഴുവൻ വ്യാപിക്കുന്നു. സർവവ്യാപിയായ ഈ ഊർജ്ജത്തെ ശ്രീ മാതാജി "പരമചൈതന്യം" എന്ന് വിളിക്കുന്നു.

ആത്മസാക്ഷാത്ക്കാരത്തിനു ശേഷം ഈ സർവവ്യാപിയായ ഊർജ്ജം ഒരു കുളിർകാറ്റായി അല്ലെങ്കിൽ "സ്പന്ദനങ്ങളായി" അനുഭവപ്പെടുന്നു, പ്രത്യേകിച്ച് തലയുടെ മുകൾഭാഗത്ത് - മൂർദ്ധാവിലും, കൈപ്പത്തികളിലും. ധ്യാനത്തിൽ, നമ്മുടെ ഉള്ളിലുള്ള കുണ്ഡലിനിശക്തി വ്യത്യസ്ത ചക്രങ്ങളിലൂടെ ഉയരുമ്പോൾ, നട്ടെല്ലിനുള്ളിൽ ഓരോ ചക്രത്തിന്റെയും വ്യത്യസ്ത സ്ഥാനങ്ങളിലും ചിലപ്പോൾ ചക്രങ്ങളുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട വിരലുകളിലും നമുക്ക് ആ ഊർജ്ജം അനുഭവപ്പെടുന്നു. ഈ സ്പന്ദനങ്ങൾ നമുക്ക് യാഥാർത്ഥ്യത്തിന്റെ പൂർണ്ണമായ ഒരു ചിത്രം നൽകുക മാത്രമല്ല, നമുക്കും നമ്മുടെ സഹജീവികൾക്കും നമ്മെ ചുറ്റിപ്പറ്റിയുള്ള മുഴുവൻ പ്രകൃതിക്കും ഉപകാരപ്രദമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തിൽ ഇടപെടാതെ, നമ്മെ പൂർണ്ണമായും വലയം ചെയ്യുകയും, ദൈനംദിന ജീവിതത്തിൽ നമ്മെ നയിക്കുകയും ചെയ്യുന്ന ദിവ്യസ്നേഹമാകുന്ന ഈ സ്പന്ദനങ്ങളുടെ കൃത്യതയിലും ഫലപ്രാപ്തിയിലും സഹജ യോഗ അഭ്യസിക്കുന്ന യോഗികൾ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും പ്രത്യേക മേഖലകളിൽ വിദഗ്ദ്ധമായ അറിവ് ആവശ്യമില്ലാതെ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ബഹുമുഖ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന സർവവ്യാപിയായ ഇന്റർനെറ്റ് മാധ്യമവുമായി ഇതിന് ലളിതമായ ഒരു സാമ്യത ഉണ്ട്. ഇന്റെർനെറ്റിലെന്നപോലെ, ദൈനംദിന ധ്യാനത്തിലൂടെ എളുപ്പത്തിൽ ലഭ്യമാകുന്ന ഈ സർവവ്യാപിയായ ശക്തിയുമായി സമുചിതമായ ബന്ധം സ്ഥാപിച്ചാൽ മാത്രം മതി.

ഒരു കാര്യം യാഥാർത്ഥ്യമോ, അയാഥാർത്ഥ്യമോ; സത്യമോ, അസത്യമോ; സ്നേഹമോ, വെറുപ്പോ; എന്ന് ഒരു സഹജ യോഗിക്ക്‌ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയും. ഇത് സാധ്യമാകുന്നത് സ്പന്ദനങ്ങളിലൂടെ മാത്രമാണ്. അതിനെല്ലാമുപരി, ഈ സ്പന്ദനങ്ങൾ എന്താണെന്നും അത് എന്തുകൊണ്ട് നിർമ്മിതമാണെന്നും ഒരാൾ അറിഞ്ഞിരിക്കണം. ആ സ്പന്ദനങ്ങൾക്ക് പിന്നിലെ സൂക്ഷ്മശക്തി എന്താണ്? നമ്മൾ അതിനെ പരമചൈതന്യം എന്ന് വിളിക്കുന്നു.