സഹസ്രാര ചക്രം
സംയോജനം
സഹസ്രാര(അർത്ഥം ആയിരം)ചക്രം നമ്മുടെ തലയുടെ മുകളിൽ സ്ഥിതിചെയ്യുന്നു, ഇത് നമ്മുടെ പരിണാമ യാത്രയുടെ പാരമ്യത്തിന്റെ പ്രതീകമായ ഹോമോ സാപ്പിയൻസ് എന്ന ആധുനിക മനുഷ്യന്റെ വംശത്തിന്റെ സൂചകമാണ്. ഭൂമിയിലെ നാനൂറ്റി എൺപതു കോടി വർഷത്തെ ജീവലോകത്തിന്റെ അവസാനത്തിൽ ഉയർന്നുവന്ന മനുഷ്യ വർഗ്ഗം, അതിന്റെ മസ്തിഷ്കത്തിന്റെ ഒരു മഹത്വം കൊണ്ട് മാത്രം ഭൂഗ്രഹത്തിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നു. നമ്മുടെ മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? ഈ മസ്തിഷ്കത്തെ അധികാരത്തിന്റേയോ പണത്തിന്റേയോ മിഥ്യാധാരണയ്ക്കുവേണ്ടി ഉപയോഗിക്കുകയോ അല്ലെങ്കിൽ ആപേക്ഷിക കാലാന്തരത്തിന്റെയും സമയത്തിന്റെയും അനന്തമായ മേഖലയിൽ സൃഷ്ടിയുടെയും പരിണാമത്തിന്റെയും നിർജ്ജീവ പദാർത്ഥത്തിന്റെ നാശത്തിന്റെയും നിഗൂഢതകൾ മനസ്സിലാക്കാനുള്ള നമ്മുടെ പരിമിതമായ ശാസ്ത്ര ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ മാത്രമാണോ? അതോ നമ്മുടെ മനുഷ്യജീവിതത്തിന് കുറച്ചുപേർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഉയർന്ന ലക്ഷ്യമുണ്ടോ?
കുണ്ഡലിനി ശക്തി ബ്രഹ്മരന്ദ്രത്തിലൂടെ (ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ശിരസ്സിന്റെ മകുടത്തിലെ ദ്വാരം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു), സഹസ്രാര ചക്രത്താൽ ചുറ്റപ്പെട്ട ലിംബിക് മേഖലയിൽ, തുളച്ചു കയറുമ്പോൾ പ്രേരിതമാകുന്ന ആത്മസാക്ഷാത്ക്കാരത്തിലൂടെ, നമ്മുടെ മനുഷ്യബോധം ഒരു പുതിയ ബോധമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നു, നമ്മുടെ മാനസിക പ്രവർത്തനങ്ങൾക്കും ചിന്തകൾക്കും അപ്പുറത്തുള്ള അവബോധമാണത്. ഈ ചക്രം നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തിൽ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നിഷ്കപടവും പരമവുമായ ധാരണ നൽകുന്നു. കൂടാതെ, നിർവികൽപ സമാധി എന്നറിയപ്പെടുന്ന സംശയരഹിതമായ അവബോധാവസ്ഥ നമുക്ക് നിഷ്പ്രയാസം സ്ഥാപിക്കാൻ കഴിയുകയും ചെയ്യുന്നു.
സഹസ്രാര ചക്രത്തിന്റെ പ്രാഥമിക ഗുണം പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളുമായുള്ള സംയോജനവും ഏകത്വബോധവുമാണ്. സർവ്വവ്യാപിയായ ആത്മീയ ഉർജ്ജവുമായും പരമമായ സത്യവുമായുള്ള ബന്ധം സഹസ്രാരത്തിലൂടെയാണ് നാം അനുഭവിക്കുന്നത്. സഹസ്രാരം നമ്മുടെ ആത്യന്തിക ലക്ഷ്യസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും പൂർണ്ണമായി മനസ്സിലാക്കുവാൻ, നമ്മെ സൃഷ്ടിച്ച ശക്തിയുടെ അവിഭാജ്യ ഘടകമായ അവബോധത്തിന്റെ ഉയർന്ന മേഖലകൾ സൂക്ഷ്മനിരീക്ഷണം ചെയ്യേണ്ടതുണ്ട്.
ഈ ഏഴാമത്തെ കേന്ദ്രം ആയിരക്കണക്കിന് നാഡികളും ചക്രങ്ങളും അടങ്ങുന്ന മുഴുവൻ സൂക്ഷ്മ സംവിധാനത്തിന്റെയും ശക്തികളെയും ഗുണങ്ങളെയും സമന്വയിപ്പിക്കുന്നു. എല്ലാ ചക്രങ്ങളുടെയും പ്രവർത്തനരീതി സഹസ്രാരത്തിനുള്ളിലെ ചക്രങ്ങളുടെ അതത് ഇരിപ്പിടങ്ങളാൽ ഉണർത്തപ്പെടുന്നു. നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ നിയന്ത്രണ കേന്ദ്രമായ മസ്തിഷ്കം ഒരു സൂപ്പർ കമ്പ്യൂട്ടർ പോലെയാണ്. ഇവിടെ എല്ലാ വിവരങ്ങളുടെയും ആശയവിനിമയവും വിശകലനവും നടക്കുന്നു. സഹസ്രാരവും സമാനമായ രീതിയിൽ മുഴുവൻ സൂക്ഷ്മ സംവിധാനങ്ങളുമായും സമ്പർക്കം പുലർത്തുന്നു.
സ്ഥാനം:
നിങ്ങളുടെ സഹസ്രാര ചക്രം തലച്ചോറിന്റെ ലിംബിക് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ കൈപ്പത്തിയുടെ മധ്യഭാഗത്ത് സഹസ്രാര ചക്രത്തിന്റെ സ്പന്ദനങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം.
ഗുണങ്ങൾ:
സഹസ്രാര ചക്രത്തിലൂടെയാണ് നിങ്ങളെ സൃഷ്ടിച്ച ശക്തിയുമായി ബന്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. അതിലൂടെ, നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനാകും. ഇത് നിങ്ങളുടെ ആത്യന്തിക ലക്ഷ്യസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു - ഭൂമിയിലെ സ്വർഗ്ഗരാജ്യത്തിന്റെ സാക്ഷാത്കാരം.
സഹസ്രാര ചക്രം ഉൾക്കൊള്ളുന്ന ഗുണങ്ങൾ:
• പ്രപഞ്ചവുമായുള്ള "ഏകത്വ" ബോധം ("സംയോജനം" എന്നും ഇത് അറിയപ്പെടുന്നു)
• ചിന്താശൂന്യമായ അവബോധം അല്ലെങ്കിൽ മാനസിക നിശബ്ദത
• സംശയരഹിതമായ അവബോധം അല്ലെങ്കിൽ ദൈവിക ഊർജ്ജത്തെക്കുറിച്ചുള്ള അവബോധം
മൂലാധാര ചക്രം മുതൽ അജ്ഞാ ചക്രം വരെയുള്ള ആറ് പ്രധാന ചക്രങ്ങളുടെയും വേരുകൾ നിങ്ങളുടെ മസ്തിഷ്കത്തിലാണ് സ്ഥിതി ചെയ്യുന്നത്. നിങ്ങൾ സഹജ യോഗ പരിശീലിക്കുമ്പോൾ, കുണ്ഡലിനി ഉയരുന്നു. ഇത് ഓരോ ആറ് ചക്രങ്ങളിലൂടെയും കടന്നുപോകുകയും നിങ്ങളുടെ തലച്ചോറിലെ ലിംബിക് മേഖലയിൽ സ്ഥാപിതമാകുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ആത്മീയ ജ്ഞാനോദയം എന്നും വിളിക്കുന്നു.
സഹസ്രാര ചക്രം ലിംബിക് മേഖലക്കുള്ളിലെ കുഴിഞ്ഞ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ആയിരം ഞരമ്പുകൾ ഈ സ്ഥാനത്തെ ആവരണം ചെയ്യുന്നു. ധ്യാനത്തിലൂടെ കുണ്ഡലിനി ശക്തി നിങ്ങളുടെ സഹസ്രാര ചക്രത്തിൽ പ്രവേശിക്കുമ്പോൾ, ഈ നാഡികൾ ഒരുമിച്ച് ജ്വലിക്കുന്നു. കുണ്ഡലിനി ഊർജ്ജം നിങ്ങളുടെ തലയുടെ മുകളിലൂടെ പ്രകടമാവുകയും പ്രപഞ്ചത്തിലെ ദൈവിക ഊർജ്ജവുമായി ഒന്നിക്കുകയും ചെയ്യുന്നു.
അനുഭവവും നേട്ടങ്ങളും:
കുണ്ഡലിനി ഊർജ്ജം നിങ്ങളുടെ തലയുടെ മുകളിലൂടെ തുളച്ചുകയറുമ്പോൾ (മൂർദ്ധാവ് എന്നും അറിയപ്പെടുന്നു), അത് നിങ്ങളുടെ വ്യക്തിഗത ബോധത്തെ (ആത്മാവ്) സാർവത്രിക ബോധവുമായി (പരമാത്മാവ്) ഒന്നിപ്പിക്കുന്നു. ഇത് നിങ്ങളുടെ തലയുടെ കിരീടത്തിൽ ശക്തമായ ഒരു സ്പന്ദന സംവേദനമായി അനുഭവപ്പെട്ടേക്കാം.ആർദ്രവും കുളിർമ്മയുള്ളതുമായ അനുഭൂതി പലപ്പോഴും ഈ ശക്തമായ സ്പന്ദനങ്ങളെ പിന്തുടരുന്നു. ഈ അനുഭവത്തിന്റെ ഫലമായി, സത്യം ഗ്രഹിക്കാൻ നിങ്ങളെ അനുവദിക്കുന്ന അവബോധത്തിന്റെ ഒരു പുതിയ മാനം നിങ്ങൾക്ക് ലഭ്യമാകുന്നു. നന്മയും തിന്മയും, ശരിയും തെറ്റും, സത്യവും അസത്യവും വേർതിരിച്ചറിയാൻ ആവശ്യമായ വിവേചന ബുദ്ധി നിങ്ങളിൽ പ്രകടമാകുന്നു.
പ്രപഞ്ചത്തിലെ ദൈവിക ഊർജ്ജ്വവുമായി നിങ്ങളുടെ കുണ്ഡലിനി ശക്തി ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ, നിങ്ങൾ ഭൂതകാലത്തിലോ ഭാവിയിലോ പാഴാകിപ്പോകുന്നില്ല. നിങ്ങൾ മുമ്പ് അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമായ, യഥാർത്ഥ ആന്തരിക സന്തോഷം അനുഭവിക്കുന്നു. ഈ ഘട്ടത്തിൽ, നിങ്ങളുടെ മാനുഷിക അവബോധം ദൈവികവുമായി ഏകീകരിക്കപ്പെടുകയും, നിങ്ങളുടെ ശാരീരികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ വ്യക്തിത്വങ്ങൾ ഒന്നായിത്തീരുകയും ചെയ്യുന്നു.
നിങ്ങൾക്ക് ഇപ്പോൾ സമഗ്രമായ ഐക്യത്തിൽ പ്രവർത്തിക്കാൻ കഴിയുന്നു. നിങ്ങൾക്ക് ഇനി ആശയക്കുഴപ്പമോ വൈരുദ്ധ്യമോ അനുഭവപ്പെടില്ല. പൂർണ്ണമായ ആന്തരിക ശാന്തതയും തികഞ്ഞ സന്തോഷവും നിങ്ങൾക്ക് അനുഭവപ്പെടുന്നു. എങ്ങിനെയുള്ള പ്രതികരണം അല്ലെങ്കിൽ പ്രവർത്തനം ആണ് ധാർമ്മികമായി ശരിയെന്ന് നിങ്ങൾക്ക് സഹജാവബോധത്തോടെ അറിയാൻ കഴിയുന്നു. കുണ്ഡലിനി ശക്തിയുമായി ബന്ധം കൈവരിക്കുന്നതിന് മുമ്പ്, ദൈവം ഉണ്ടെന്ന ഒരു വിശ്വാസത്തെ മാത്രമാണ് നിങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നിരുന്നത്. എന്നാൽ പിന്നീട്, നിങ്ങൾ ദൈവികമായ അസ്തിത്വത്തെക്കുറിച്ച് ബോധവാന്മാരാകുകയും ഭദ്രത അനുഭവിക്കുകയും ചെയ്യുന്ന ഒരു സംശയരഹിതമായ അവബോധത്തിലേക്ക് നീങ്ങുന്നു. നിങ്ങൾ ധ്യാനം ചെയ്തു കൊണ്ടിരിക്കുമ്പോൾ, ഈ അവബോധം കൂടുതൽ ശക്തമാകുന്നു.
സ്വയം വിലയിരുത്തൽ:
നിങ്ങളുടെ സഹസ്രാര ചക്രത്തിൽ തടസ്സം അല്ലെങ്കിൽ അസന്തുലനം അനുഭവപ്പെടുന്നുണ്ടെങ്കിൽ, പൊതുവെ സ്പന്ദനങ്ങൾ അനുഭവിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. ആത്മീയ യാഥാർത്ഥ്യത്തെക്കുറിച്ചോ ദൈവിക അസ്തിത്വത്തെക്കുറിച്ചോ നിങ്ങൾക്ക് സംശയങ്ങൾ അനുഭവപ്പെടാം. ഭാഗ്യവശാൽ, സഹജ യോഗയിൽ നിങ്ങൾ എത്രത്തോളം ധ്യാനം പരിശീലിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ എല്ലാ ചക്രങ്ങളും (ഊർജ്ജ കേന്ദ്രങ്ങൾ) സ്പഷ്ടമാകുന്നു. തത്ഫലമായി, ഇത് സഹസ്രാരത്തിനുള്ളിലെ സന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. തുറന്ന മനസ്സും ധ്യാനം തുടരാനുള്ള സന്നദ്ധതയും മാത്രമാണ് ആവശ്യമായിട്ടുള്ളത്. ആത്യന്തികമായി, നിങ്ങളുടെ കുണ്ഡലിനിയുടെ ദിവ്യശക്തിയുമായുള്ള ബന്ധം നിങ്ങൾ പതിവായി നേടുകയും അനുഭവിക്കുകയും ചെയ്യും.
അസന്തുലിതാവസ്ഥയ്ക്കുള്ള കാരണങ്ങൾ:
- ആത്മസന്ദേഹം
- തീവ്രമായ നിരീശ്വരവാദം
- അങ്ങേയറ്റത്തെ അവസ്ഥ
എങ്ങനെ സമതുലിതാവസ്ഥ കൈവരിക്കാം:
വലതു കൈപ്പത്തി നിങ്ങളുടെ തലയുടെ കിരീടത്തിനു മേൽ ദൃഢമായി വെച്ചുകൊണ്ട് "എനിക്ക് ധ്യാനാവസ്ഥ അനുഭവപ്പെടാൻ സാധ്യമാകണേ" എന്ന് പറഞ്ഞ് കൈ ഘടികാരദിശയിൽ പതുക്കെ തിരിക്കുക. ഇങ്ങനെ നിങ്ങളുടെ സഹസ്രാര ചക്രം സന്തുലിതമാക്കാൻ നിങ്ങൾക്ക് കഴിയുന്നു.
"തുടക്കത്തിൽ സ്പന്ദനങ്ങൾ അനുഭവിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, അത് ആശങ്കക്ക് കാരണമാകരുത്. സഹജ യോഗ പരിശീലിക്കുന്ന പലർക്കും സ്പന്ദനങ്ങൾ അനുഭവിക്കാനോ കുണ്ഡലിനി ഊർജ്ജവുമായുള്ള സ്വന്തം ബന്ധം വിശ്വസനീയമായി സ്ഥിരീകരിക്കാനോ കൂടുതൽ സമയം എടുത്തേക്കാം. ക്ഷമയോടെ കാത്തിരിക്കുക, അതിൽ ഉറച്ചുനിൽക്കുക. നിങ്ങളും അവിടെയെത്തും. നിങ്ങളുടെ സഹസ്രാര ചക്രം തുറന്ന് വെക്കാനും തടസ്സങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്."