Sir C.P. Srivastava

സർ സി.പി.ശ്രീവാസ്തവ

സർ സി.പി.- അനലംകൃതമായ ഗംഭീര വ്യക്തിത്വം

സഹജ യോഗയുടെ പിന്നിലെ പ്രചോദന ശക്തിയായാണ് ശ്രീ മാതാജി നിർമ്മലാദേവി ലോകമെമ്പാടും അറിയപ്പെടുന്നത്. ഒരു ആത്മീയ നേതാവെന്ന നിലയിലുള്ള ശ്രീ മാതാജിയുടെ പ്രശസ്തിക്കൊപ്പം ഒരു സമാന്തര കഥയുണ്ട്: ശ്രീ മാതാജിയുടെ ഭർത്താവ് സർ ചന്ദ്രിക പ്രസാദ് ശ്രീവാസ്തവയുടെ അസാധാരണമായ ഔദ്യോഗിക ജീവിതം.

വ്യക്തിപരമായി ശ്രീ മാതാജിയോട് ഇടപഴകാൻ ഭാഗ്യം ഉണ്ടായിട്ടുള്ളവർക്കെല്ലാം, മഹത്വവും മാന്യതയും മൃദുഭാഷിയായ വ്യക്തിത്വവും നിറഞ്ഞ "സർ സി.പി." എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന ശ്രീ ചന്ദ്രിക പ്രസാദ് ശ്രീ വാസ്തവ പരിചിതനായിരിക്കും.

സർ സി. പി. തനിക്ക് ലഭിച്ച നൈറ്റ്‌ഹുഡ് പുരസ്ക്കാരം ശ്രീ മാതാജിയുടെയും പെൺമക്കളായ കൽപനയുടെയും സാധനയുടെയും ഛായാചിത്രങ്ങൾക്കൊപ്പം പ്രദർശിപ്പിക്കുന്നു.
സർ സി. പി. തനിക്ക് ലഭിച്ച നൈറ്റ്‌ഹുഡ് പുരസ്ക്കാരം ശ്രീ മാതാജിയുടെയും പെൺമക്കളായ കൽപനയുടെയും സാധനയുടെയും ഛായാചിത്രങ്ങൾക്കൊപ്പം പ്രദർശിപ്പിക്കുന്നു.

യുഎൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ സെക്രട്ടറി ജനറലായി തുടർച്ചയായി നാല് തവണ സേവനമനുഷ്ഠിച്ച അദ്ദേഹം ഒരു പ്രമുഖ രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ആ സമയത്ത് എലിസബത്ത് രാജ്ഞി അദ്ദേഹത്തെ നൈറ്റ് (സർ )പദവി നൽകി ആദരിച്ചു.

സർ സി.പി. ഇന്ത്യൻ സിവിൽ സർവീസിൽ താരതമ്യേന അറിയപ്പെടാത്ത ഒരു യുവ ഉദ്യോഗസ്ഥനായിരിക്കെയാണ് ശ്രീ മാതാജിയുമായുള്ള വിവാഹം നടന്നത്. തന്റെ ഭാര്യയുടെ ഉപദേശവും അന്തർജ്ഞാനവും പിന്തുടർന്നതാണ് തന്റെ മഹത്തായ ഔദ്യാഗിക വിജയത്തിന് കാരണമായതെന്ന് അദ്ദേഹം പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അവരുടെ വിവാഹത്തിന് തൊട്ടുപിന്നാലെ, ഉന്നത പദവിയായ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേരുകയോ, തുല്യമായി - അല്ലെങ്കിൽ അതിലധികമോ ആയ - അഭിമാനകരമായ നയതന്ത്ര വകുപ്പോ തിരഞ്ഞെടുക്കുന്നതിനുള്ള അസൂയാവഹമായ അവസരം അദ്ദേഹത്തിന് ലഭിച്ചു. ഒരു നയതന്ത്രജ്ഞനാകാൻ സുഹൃത്തുക്കൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു, കാരണം അദ്ദേഹത്തിന് ഒരു അംബാസഡർ പദവി വളരെ പെട്ടന്ന് തന്നെ ലഭ്യമാകുമായിരുന്നു.

എന്നാൽ ശ്രീമതി ശ്രീവാസ്തവ ഒരു മടിയും കൂടാതെ പറഞ്ഞു,“ഇല്ല, നമുക്ക് രാജ്യത്തിനകത്ത് തന്നെ തുടരാം. നമുക്ക് ഇവിടെ നിന്ന് തന്നെ നമ്മുടെ രാജ്യത്തെ സേവിക്കാം”. തുടർന്നുണ്ടായ സംഭവങ്ങൾ പ്രവചനങ്ങൾക്കുമപ്പുറത്തായിരുന്നു. അപ്രതീക്ഷിതമായ സമാഗമങ്ങളുടെ പരമ്പരകളിലൂടെ സർ സി.പി. ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയായി നിയമിതനായി.

YouTube player

തിരിഞ്ഞുനോക്കുമ്പോൾ, ഇതൊരു ഭാഗ്യാതിരേകമായ സംഭവമായിരുന്നു, കാരണം ശ്രീ ശാസ്ത്രി പല തരത്തിൽ ശ്രീ മാതാജി ഉൾക്കൊണ്ട സഹജ തത്ത്വചിന്തയുടെ തന്നെ വ്യക്തിത്വമായിരുന്നു, അത് പിന്നീട് ശ്രീ മാതാജി ലോകവുമായി പങ്കിട്ടിരുന്നു. പൊതുസേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം, സർ സി.പി. വീണ്ടും ഭാര്യയുടെ പ്രോത്സാഹനത്തിൽ പ്രവർത്തിച്ചുകൊണ്ട്, 'ലാൽ ബഹദൂർ ശാസ്ത്രി:രാഷ്ട്രീയത്തിൽ ഒരു സത്യമായ ജീവിതം' എന്ന പുസ്തകം എഴുതി. അതിൽ ശ്രീ ശാസ്ത്രിയെ ഹിന്ദു ദൈവമായ ശ്രീരാമന്റെ പല ഗുണങ്ങളും ഉള്ള ഒരു വ്യക്തിയായി അദ്ദേഹം വിവരിക്കുന്നു. എല്ലാ മനുഷ്യരോടും വിനയവും, അഗാധമായ ബഹുമാനവും, മഹത്തായ ആദരവും, കർത്തവ്യ ബോധവും ഉള്ള ഒരു വ്യക്തിത്വമായിരുന്നു ശാസ്ത്രിജിയുടേത്.

സർ സി.പി. എഴുതുന്നു, ശാസ്ത്രി “യഥാർത്ഥത്തിൽ ധർമ്മത്തെയും നീതിയെയും സത്യത്തെയും ധാർമ്മികതയെയുമാണ് വരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രകൃതത്തിൽ നാട്യമില്ലായിരുന്നു. അദ്ദേഹത്തിന് ദ്വിമുഖം ഇല്ലായിരുന്നു. അകത്ത് ഒരു ശാസ്ത്രിയും, പുറത്തു മറ്റൊരു ശാസ്ത്രിയും ആയിരുന്നില്ല. അദ്ദേഹം തികച്ചും പൂർണ്ണമായിരുന്നു: അകത്തും ഏകത്വം, പുറത്തും ഏകത്വം, ഉള്ളിലും മനോഹരം, പുറത്തും മനോഹരം”.

ഹ്രസ്വകായനും, എളിമയുള്ള പെരുമാറ്റത്തിന് ഉടമയുമായ ശാസ്ത്രിജിയുടെ മേൽ എളുപ്പത്തിൽ മേധാവിത്വം സ്ഥാപിക്കാൻ കഴിയുമെന്ന് പലരും കരുതി.

ശാസ്ത്രി പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ കാശ്മീർ ആക്രമിച്ചു. ശാസ്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു,"ഞാൻ സമാധാനപ്രിയനാണ്, പക്ഷേ ഞാൻ സ്വാഭിമാനമുള്ള ആളാണ്. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്.

സർ സി.പി. ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതി,"സമാധാനപ്രിയനായ ഈ മനുഷ്യൻ ഒരു ശക്തനായ മേധാവിയുടെ ഗാഭീര്യത്തോടെ നിന്നു."

ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമയ്ക്ക് മുന്നിൽ  സർ സി. പി. നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം
ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമയ്ക്ക് മുന്നിൽ സർ സി. പി. നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം
"ലാൽ ബഹദൂർ ശാസ്ത്രി തികച്ചും പൂർണ്ണമായ വ്യക്തിത്വമായിരുന്നു:അകത്തും ഏകത്വം, പുറത്തും ഏകത്വം, ഉള്ളിലും മനോഹരം, പുറത്തും മനോഹരം"
സർ സി.പി. ശ്രീവാസ്തവ, ഡിസംബർ 1994

ഇക്കാര്യത്തിൽ, മഹാത്മാഗാന്ധി ആദ്യം കൊളുത്തിയ ദീപമാണ് ശാസ്ത്രി വഹിച്ചത്. അദ്ദേഹം തുടർന്നു,“(ഇന്ത്യയുടെ) സവിശേഷമായ കാര്യം, നമ്മുടെ ഇടയിൽ ഹിന്ദുക്കളും ഇസ്‌ലാംമതാനുയായികളും, ക്രിസ്ത്യാനികളും, സിഖുകാരും, പാഴ്‌സികളും തുടങ്ങി മറ്റ് പല മതക്കാരും ഉണ്ട് എന്നതാണ്… എന്നാൽ നമ്മൾ ഇതെല്ലാം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നില്ല. ഇതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം. പാകിസ്ഥാൻ സ്വയം ഒരു ഇസ്ലാമിക രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുകയും മതത്തെ ഒരു രാഷ്ട്രീയ ഘടകമായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ, ഇഷ്ടമുള്ള ഏത് മതവും പിന്തുടരാനും, ഇഷ്ടമുള്ള രീതിയിൽ ദൈവാരാധന നടത്താനും ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നമ്മൾ ഓരോരുത്തരും മറ്റുള്ളവരെ പോലെ തന്നെ ഇന്ത്യക്കാരാണ്.”

തുടർന്നുള്ള സമാധാന ചർച്ചകളിൽ, ശാസ്ത്രി തന്റെ കാഴ്ചപ്പാടിനനുകൂലമായി എല്ലാ എതിർകക്ഷികളെയും ഒരുമിപ്പിക്കുകയും അവർ ഒരുമിച്ച് പാകിസ്ഥാനുമായി ശാശ്വത സമാധാനം സ്ഥാപിക്കുകയും ചെയ്തു. ഇതേ സമാധാന ചർച്ചകൾക്കിടെ അപ്രതീക്ഷിതമായി ശാസ്ത്രി അന്തരിച്ചു, പ്രത്യക്ഷത്തിൽ ഹൃദയാഘാതം മൂലമാണെന്നാണ് കരുതുന്നത്.മരണ സമയത്ത് സർ സി.പി അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു."ശ്രീലാൽ ബഹദൂർ ശാസ്ത്രിയെ സേവിക്കാനുള്ള അവസരം ലഭിച്ചതിനേക്കാൾ വലിയ പദവിയൊന്നും തനിക്ക് ലഭിച്ചിട്ടില്ല" എന്ന് അദ്ദേഹം പിന്നീട് എഴുതി. [1]

ലാൽ ബഹദൂർ ശാസ്ത്രി എന്ന മഹാനായ വ്യക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ ഭാര്യയുടെ സജീവമായ സഹായത്തോടും പിന്തുണയോടും കൂടി, സർ സി.പി. തന്റെ മഹത്തായ ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു - ആദ്യം ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ, പിന്നീട് ഇന്ത്യൻ ഷിപ്പിംഗ് കോർപറേഷന്റെ ചെയർമാനായി, ഒടുവിൽ യുഎൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ചരിത്രത്തിലെ തുടച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച സെക്രട്ടറി ജനറൽ ആയി.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏക യു എൻ സംഘടനയാണ് IMO. പതിനാറ് വർഷത്തോളം സർ സി.പി. അവിടെ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് ശ്രീ മാതാജി ആദ്യമായി സഹജ യോഗ ധ്യാനം ലോകത്തിന് പരിചയപ്പെടുത്തുക എന്ന തന്റെ ദൗത്യം നടപ്പിലാക്കിയത്.

സ്വീഡനിലെ മാൽമോയിലുള്ള വേൾഡ് മാരിടൈം യൂണിവേഴ്‌സിറ്റിയിൽ ശ്രീ മാതാജിയും സർ സി. പി.-യും
സ്വീഡനിലെ മാൽമോയിലുള്ള വേൾഡ് മാരിടൈം യൂണിവേഴ്‌സിറ്റിയിൽ ശ്രീ മാതാജിയും സർ സി. പി.-യും

1. ^ സി. പി. ശ്രീവാസ്തവ, 'ലാൽ ബഹദൂർ ശാസ്ത്രി: രാഷ്ട്രീയത്തിൽ ഒരു സത്യമായ ജീവിതം' ന്യൂഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1995.