Spiritual awakening

ജനസമൂഹത്തിന് ആത്മീയ ഉദ്ബോദ്ധനം

ലോകവ്യാപകമായി ജ്ഞാനോദയത്തിലേക്കുള്ള വിപ്ലവകരമായ മാറ്റം

എല്ലാ മതങ്ങളോടും അഗാധമായ ആദരവ് പുലർത്തിയിരുന്ന ക്രിസ്ത്യാനികളായ മാതാപിതാക്കൾക്കാണ് ശ്രീ മാതാജി ജനിച്ചത്. അദ്ധ്യാത്മീകതയിൽ ആകൃഷ്ടനായിരുന്ന ശ്രീ മാതാജിയുടെ പിതാവ് പ്രസാദ് കെ. സാൽവേ, എല്ലാ പ്രധാന മതവിശ്വാസങ്ങളുടെയും അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കാൻ മക്കളെ പ്രോത്സാഹിപ്പിച്ചിരുന്നു. മാനവരാശിയുടെ ആത്യന്തികമായ ഐക്യം ബഹുജന ആത്മീയ ഉദ്ബോദ്ധനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി ലോകത്തെ ബാധിച്ചിരുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായ സംഘർഷങ്ങൾക്ക് അത് അറുതി വരുത്തുമെന്ന് അദ്ദേഹം മനസ്സിലാക്കി.

ശ്രീ മാതാജിയുടെ മാതാപിതാക്കൾ മഹാത്മാഗാന്ധിയുടെ സമാധാനപരമായ നിസ്സഹകരണ തത്ത്വദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ 'ക്വിറ്റ് ഇന്ത്യാ സമര'ത്തിൽ സജീവമായി പങ്കെടുത്തു.[1] ബാലികയായിരുന്ന ശ്രീ മാതാജി, ഗാന്ധിജിയുടെ ആശ്രമത്തിൽ താമസിച്ചിരുന്നപ്പോൾ ഹിന്ദുക്കളുടേയും സിഖുകാരുടേയും ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും കൂടെയായിരുന്നു ചങ്ങാത്തം - ദേശീയ സ്വാതന്ത്ര്യവും സ്വയംഭരണവും എന്ന ഒറ്റ ലക്ഷ്യത്തിൽ എല്ലാവരും ഒന്നിച്ചു. പിന്നീട്, ഇന്ത്യയുടെ വിഭജന സമയത്ത്, മതപരമായ അക്രമങ്ങളാൽ രാജ്യം ശിഥിലമായപ്പോൾ, സംഘട്ടനത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് അവരുടെ മതം നോക്കാതെ ശ്രീ മാതാജിയും കുടുംബവും അഭയം നൽകി.

തീവ്രവും ദുഷ്‌കരവുമായ ഈ കാലഘട്ടങ്ങളിലൂടെ ജീവിച്ച ശ്രീ മാതാജി, രാഷ്ട്രീയ സ്വാതന്ത്ര്യമല്ല ആത്യന്തികമായ പരിഹാരമെന്ന് സ്വയം കണ്ടെത്തി. തന്റെ ജീവിതത്തിലെ യഥാർത്ഥ ദൗത്യം, മാനവരാശിയുടെ ആത്മീയ പരിവർത്തനത്തിന് ഒരു സംഭാവന നൽകുക എന്നതാണെന്ന് ശ്രീമാതാജി തീരുമാനിച്ചു. എന്നിരുന്നാലും, സി പി ശ്രീവാസ്തവയുമായുള്ള വിവാഹം കഴിഞ്ഞപ്പോൾ, തങ്ങളുടെ കുട്ടികൾ വളർന്ന് സ്വയം പര്യാപ്തരായാൽ മാത്രമേ താൻ തന്റെ യഥാർത്ഥ ദൗത്യത്തിൽ ഏർപ്പെടുകയുള്ളൂ എന്ന് ശ്രീ മാതാജി അദ്ദേഹത്തോട് പറഞ്ഞു.

അങ്ങനെ 1970-ൽ ഭൂമിയിൽ തന്റെ യഥാർത്ഥ ദൗത്യം ആരംഭിക്കാനുള്ള സമയം ആഗതമായെന്ന് ശ്രീ മാതാജിക്ക് തോന്നി. ഇതിനകം മനുഷ്യരെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ശ്രീമാതാജി പഠിച്ചു കഴിഞ്ഞിരുന്നു, പക്ഷേ യഥാർത്ഥ ഉത്തരങ്ങൾ അവരുടെ ആത്മീയ ഉണർവിലാണ് എന്ന് അറിയാമായിരുന്നു. എങ്കിലും അത് കാര്യക്ഷമമാക്കാൻ ഒരു സാധ്യതക്കായി കാത്തിരിക്കുകയായിരുന്നു.. യഥാർത്ഥ പ്രവാചകന്മാരുടെ ഉപദേശങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ് മതങ്ങളെങ്കിലും, മനുഷ്യന്റെ ബോധമണ്ഡലത്തിലേക്ക് ഈ ആത്മീയ പ്രചോദനം എത്തിക്കാൻ അവയ്ക്ക് കഴിയില്ലെന്ന് ശ്രീമാതാജിക്ക് അറിയാമായിരുന്നു. ഒരു സായാഹ്നത്തിൽ, യഥാർത്ഥ ആത്മീയതയുടെ വാഗ്ദാനങ്ങൾ നൽകി ജനങ്ങളിൽ നിന്ന് പണം കൊള്ളയടിക്കുന്ന ഇന്ത്യയിലെ വ്യാജ ഗുരുക്കന്മാരിൽ മനം മടുത്തപ്പോൾ, ഇനി കൂടുതൽ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് ശ്രീമാതാജി തീരുമാനിച്ചു. 1970 മെയ് 5 ന് അതിരാവിലെ, ഒരു അമാവാസി രാത്രിയുടെ പാരമ്യത്തിൽ, ഏകാന്തമായ ഒരു കടൽത്തീരത്തിരുന്ന് ധ്യാനിക്കുമ്പോൾ, സൃഷ്ടിയുടെ ആദിമശക്തി തന്റെ സ്വന്തം സൂക്ഷ്മ സത്തയിൽ ഉണരുന്നതായി ശ്രീമാതാജിക്ക് അനുഭവപ്പെട്ടു. ഈ ആഴത്തിലുള്ള ആത്മീയ അനുഭവം സത്യാന്വേഷകരായ സാധകരിൽ നിത്യമായ ആത്മാവിനെ കുറിച്ചുള്ള അവബോധം എങ്ങനെ ഉണർത്താം എന്നതിനെക്കുറിച്ച് ജീവിതത്തിൽ ശ്രീ മാതാജി തേടി കൊണ്ടിരുന്ന എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ നൽകി. ഈ ചരിത്ര സംഭവം, ആത്മീയ ഉണർവിന്റെ അതുല്യമായ ഈ കണ്ടെത്തൽ, ശ്രീമാതാജിയുടെ ജീവിതത്തിലെ പരമപ്രധാനമായ ഒരു പ്രസ്ഥാനമായി മാറി. പിന്നീട് ശ്രീമാതാജി ഒരു ധ്യാനരീതി ആവിഷ്കരിക്കുകയും അത് 'സഹജ യോഗ' എന്ന് അറിയപ്പെടുകയും ചെയ്തു. ശാശ്വതമായ ആ ദൈവിക ശക്തിയുമായുള്ള കൂടിച്ചേരൽ എന്നാണ് അതിനെ അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത്. മനുഷ്യ ജനനം ഇത് ഉൾക്കൊള്ളുന്നു, എന്നാൽ അവൻ അതിനെക്കുറിച്ച് ബോധവാനല്ല.

എല്ലാ മനുഷ്യരിലും കുടിയിരിക്കുന്ന, സൂക്ഷ്മവും എന്നാൽ ശക്തവുമായ ആത്മീയ ഊർജ്ജത്തെ ഉണർത്തുന്ന വളരെ ലളിതവും എളുപ്പവുമായ ഒരു ധ്യാനരൂപമാണ് സഹജ യോഗ. സത്യം അറിയുന്ന ഈ മുഹൂർത്തത്തെ 'ആത്മ സാക്ഷാത്കാരം' എന്നാണ് അറിയപ്പെടുന്നത്: അനാദികാലം മുതൽ ലോകമെമ്പാടുമുള്ള മതങ്ങളുടെ യോഗാത്മകമായ പിടികിട്ടാത്ത ഒരു ഉദ്ദിഷ്ടലക്ഷ്യം.

പരമ ചൈതന്യത്തിന്റെ ദിവ്യമായ സ്നേഹം എന്നറിയപ്പെടുന്ന ഒരു സൂക്ഷ്മമായ ജീവശക്തി നമ്മുടെയെല്ലാം ഉള്ളിലുണ്ട്, അതാണ് എല്ലാ സജീവമായ പ്രവർത്തനങ്ങളും ചെയ്യുന്നത്.

ത്യാഗത്തിലൂടേയും, ആജീവനാന്തം തപസ്സ് ചെയ്യുന്നതിലൂടേയും മാത്രം എത്തിച്ചേർന്നേക്കാവുന്ന വിദൂരമായ ഒരു ലക്ഷ്യം എന്നതിന് വിരുദ്ധമായി, ഇവിടെ വച്ച്, ഇപ്പോൾ തന്നെ കൈവരിക്കാൻ കഴിയുന്ന ഒന്നാണ് ആത്മസാക്ഷാത്കാരം എന്ന് ശ്രീ മാതാജി പ്രഖ്യാപിച്ചു. ശ്രീ മാതാജിയുടെ പൊതു പരിപാടികളിൽ എല്ലായ്‌പ്പോഴും പറയാറുണ്ട്, "നിങ്ങൾ നിങ്ങളുടെ സ്വന്തം ഗുരുവാണ്," എന്ന്. സത്യത്തെക്കുറിച്ച് നമ്മുടെ നേരിട്ടുള്ള അനുഭവത്തെ ആശ്രയിക്കുന്നതിലൂടെ, നമ്മൾ ഓരോരുത്തരും നമ്മുടെ സ്വന്തം ഗുരുവാകണമെന്നും, അല്ലാതെ നമ്മളെ പ്രബുദ്ധതയിലേക്ക് നയിക്കാൻ ഒരു മധ്യവർത്തിയെ ആശ്രയിക്കരുതെന്നും ശ്രീമാതാജി ഊന്നിപ്പറയുന്നു. എന്നുമാത്രമല്ല, താൻ പറഞ്ഞത് ആളുകൾ സ്വയം പരീക്ഷിച്ചു അറിയേണ്ട ഒരു സിദ്ധാന്തമാണെന്നും, അന്ധമായ വിശ്വാസം ഒരാളെ എവിടേയും എത്തിക്കില്ലെന്നും ശ്രീ മാതാജി എപ്പോഴും വ്യക്തമാക്കിയിരുന്നു.

യഥാർത്ഥ മതം സിദ്ധാന്തങ്ങളിലും അധികാരശ്രേണിയിലും അധിഷ്ഠിതമല്ല, മറിച്ച് സ്വയം ആത്മാവാണെന്ന സമ്പൂർണ്ണമായ തിരിച്ചറിവിൽ അധിഷ്ഠിതമാണെന്ന് ശ്രീ മാതാജി പറഞ്ഞു. ശ്രീമാതാജി പറഞ്ഞതുപോലെ, "എല്ലാ മതങ്ങളും, ആത്മീയത എന്ന ഒരൊറ്റ ജീവത വൃക്ഷത്തിൽ നിന്നാണ് വന്നത്,.. നിങ്ങൾക്ക് സമാധാനവും സന്തോഷവും ആനന്ദവും നൽകാനുള്ളതാണ് മതം... എന്തു തന്നെയായാലും (അവ തമ്മിൽ) ഒരു വ്യത്യാസവുമില്ല - എന്നാൽ നിങ്ങൾ സ്വയം അറിയാതെ; നിങ്ങൾക്ക് എങ്ങനെ മതത്തെക്കുറിച്ച് എന്തെങ്കിലും അറിയാനാകും? അതുകൊണ്ട്, ഒന്നാമതായി, നിങ്ങൾ സ്വയം അറിയണമെന്നത് പ്രധാനമാണ്. നിങ്ങൾ സ്വയം ഒരു ആത്മീയ ജീവിയാണെന്ന് തിരിച്ചറിയുമ്പോൾ, "... നിങ്ങൾ പിന്തുടർന്നു കൊണ്ടിരിക്കുന്ന ഏത് മതവും നിങ്ങൾക്ക് മനസ്സിലാകും...(ഒപ്പം)...ഈ എല്ലാ പ്രവാചകന്മാരുടെയും ഗുരുക്കന്മാരുടെയും മഹത്വവും മനസ്സിലാകും"..

ഒരു ഗുരുവോ അല്ലെങ്കിൽ ഒരു തത്ത്വോപദേഷ്ടാവോ എന്നതിലുപരി, അനുകമ്പയും സ്നേഹവും കൊണ്ട് മുന്നോട്ടു നയിക്കുകയും, മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിലും പരിണാമത്തിലും ഉത്കണ്ഠാകുലയും ആയ ശ്രീ മാതാജിയെ ഒരു 'ആത്മീയ മാതാവ്' എന്ന് വിശേഷിപ്പിക്കാം. ശ്രീമാതാജിയുടെ കാഴ്ചപ്പാടും അശ്രാന്ത പരിശ്രമവും കാരണം, നൂറിലധികം രാജ്യങ്ങളിൽ സഹജ യോഗ സ്ഥാപിക്കപ്പെട്ടു, ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവിതത്തിൽ സന്തുലിതാവസ്ഥയും സംതൃപ്തിയും കൈവരിച്ചു. ചിലർ ആത്മസാക്ഷാത്കാരത്തിന്റെ അനുഭവത്തിലൂടെയും സ്ഥിരമായ സഹജ യോഗ ധ്യാന പരിശീലനത്തിലൂടെയും, ഗുരുതരമായ മാനസികവും ശാരീരികവുമായ വൈകല്യങ്ങളെ മറികടന്നു.

 


1. ^ 1942 ഓഗസ്റ്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും, എം.കെ. ഗാന്ധിയും ചേർന്ന് ആരംഭിച്ച ഒരു നിസ്സഹകരണ പ്രസ്ഥാനം, ബ്രിട്ടീഷ് ഭരണത്തിനെതിരെ നിശ്ചയദാർഢ്യത്തോടെ എന്നാൽ നിസ്സഹകരണത്തിലൂടെ ഇന്ത്യയിൽ നിന്ന് 'ക്രമപ്രകാരം ബ്രിട്ടീഷുകാരെ പിൻവലിക്കാൻ' ആഹ്വാനം ചെയ്തു (വിക്കിപീഡിയ, സ്വതന്ത്ര വിജ്ഞാനകോശം).