സുഷുമ്നാ നാഡി
സന്തുലനാവസ്ഥയും പരിണാമവും
നമ്മുടെ കേന്ദ്ര ഊർജ്ജ നാഡിയെ (സംസ്കൃതത്തിൽ സുഷുമ്ന നാഡി) കേന്ദ്ര പാത എന്നും വിളിക്കുന്നു, ഇത് നമ്മുടെ നട്ടെല്ലിന്റെ അടിഭാഗത്തുള്ള (ഇവിടെ നമ്മുടെ കുണ്ഡലിനി ശക്തി സ്ഥിതി ചെയ്യുന്നു) ത്രികാസ്ഥിയിൽ നിന്ന് ഉത്ഭവിക്കുകയും ശിരസ്സിനു മേൽഭാഗത്തുള്ള മൂർദ്ധാവിലെ സഹസ്രാര ചക്രത്തിൽ ലയിക്കുകയും ചെയ്യുന്നു.
കേന്ദ്ര ഊർജ്ജ നാഡി നമ്മുടെ ആത്മീയ വളർച്ചയെ പിന്തുണയ്ക്കുന്നു. ഈ നാഡി സാക്ഷാത്കരിക്കപ്പെട്ട ആത്മാക്കളിലും ധർമ്മത്തിന്റെ പാതയിൽ സഞ്ചരിക്കുന്നവരിലും, സദാചാരങ്ങൾ പാലിക്കുന്നവരിലും വളരെയധികം വികസിച്ചിരിക്കുന്നു. ആത്മസാക്ഷാത്കാരത്തിനു ശേഷം സുഷുമ്‌നാ നാഡി സജീവമാകുന്നതോടെ നമ്മുടെ അവബോധത്തിൽ സത്വഗുണത്തിന്റെ (നീതിപൂ൪വ്വമായ മാനസികാവസ്ഥ) മനോഹരമായ ഗുണങ്ങൾ പ്രകടമാകുന്നു. ജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിരന്തരമായി പരിണമിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.
നമ്മുടെ മുഴുവൻ സൂക്ഷ്മ സംവിധാനവും സഹസ്രാര ചക്രത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, നമ്മുടെ ആത്മീയ വളർച്ചയ്ക്കും ധ്യാനത്തിനും ഈ ചക്രം വളരെ പ്രാധാന്യമർഹിക്കുന്നു. കുണ്ഡലിനി ശക്തിക്ക് അവബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥകൾ തുറന്നു കാട്ടാനും പ്രകടമാക്കാനും കഴിയുന്നത് ഈ ചക്രത്തിൽ കൂടിയാണ്. മധ്യ ഊ൪ജ്ജ നാഡിയിലെ (സുഷുമ്ന നാഡി) തടസ്സങ്ങൾ മാറ്റുന്നത്, സഹജയോഗ ധ്യാനത്തിന്റെ നിർണായക ഘടകമാണ്. നമ്മുടെ കേന്ദ്രപാത ശുദ്ധമാകുമ്പോൾ, സന്തുലിതാവസ്ഥ നിലനിർത്തുന്നത് എളുപ്പമാകുന്നു. ഇത് നമ്മുടെ കുണ്ഡലിനി ശക്തിക്ക്, സഹസ്രാര ചക്രത്തിലേക്ക് സുഗമമായി ഉയരാൻ വഴിയൊരുക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ, നമ്മുടെ ഉള്ളിലുള്ള കുണ്ഡലിനിശക്തി, പുരാതന ആദ്ധ്യാത്മിക പാരമ്പര്യങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നതും പരമചൈതന്യം എന്ന് ശ്രീ മാതാജി വിശേഷിപ്പിച്ചതുമായ സർവ്വവ്യാപിയായ ദിവ്യശക്തിയുമായി ഒന്നിക്കുന്നു. എല്ലാ ചക്രങ്ങളുടെയും നാഡികളുടെയും സൂക്ഷ്മമായ ഊർജ്ജ സന്തുലനം നിലനിർത്തുന്നതിന് സുഷുമ്നാ നാഡിയുടെ ഉചിതമായ പ്രവർത്തനം നിർണായകമാണ്.
ഇതെല്ലാം വളരെ സങ്കീർണ്ണമാണെന്ന് തോന്നുന്നുണ്ടെങ്കിലും, ശ്രീ മാതാജി സാധാരണക്കാർക്ക് "യോഗ ശാസ്ത്രം" (സംസ്കൃതത്തിൽ ഒരു അച്ചടക്കത്തെക്കുറിച്ചുള്ള അറിവ് എന്നർത്ഥം) മനസ്സിലാക്കാൻ വളരെയധികം ലളിതമായ സാദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, നമുക്ക് അവയെ ഇനിപ്പറയുന്ന രീതിയിൽ ചിന്തിക്കാം. നമ്മൾ ജീവിക്കുകയും, ജീവിതം ആസ്വദിക്കുകയും ചെയ്യുമ്പോൾ നമ്മുടെ വികാരങ്ങൾ, ആഗ്രഹങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സന്തുലിതമാക്കാൻ നമുക്ക് ഇടത്, വലത് ഊർജ്ജ നാഡികൾ ഉപയോഗിക്കാവുന്നതാണ്. സമതുലിതവും സംതൃപ്തവുമായ ജീവിതശൈലി, ഭൂമിയിലെ നമ്മുടെ അസ്തിത്വത്തിന്റെ പ്രധാന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ സമയം ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരങ്ങൾ നൽകുകയും, ഏറ്റവും ഉയർന്ന ആത്മീയ തലങ്ങളിലേക്ക് പരിണമിക്കുന്നത് സാധ്യമാക്കുകയും ചെയ്യുന്നു. അങ്ങനെ, മൂന്ന് നാഡികളെയും സമതുലിതവും ശുദ്ധവുമായി സൂക്ഷിക്കുന്നതിലൂടെ, ജീവിതവും അതിൽ നേരിടുന്ന എല്ലാ വെല്ലുവിളികളെയും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തമാക്കുന്നു. ജീവിതത്തിന്റെ എല്ലാ വശങ്ങളും സന്തുലിതവും കൂടുതൽ അ൪ത്ഥപൂ൪ണ്ണവുമായ രീതിയിൽ നമ്മൾ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.