Swadhisthan Chakra

സ്വാധിഷ്ഠാന ചക്രം

അവബോധവും സർഗ്ഗാത്മകതയും

പ്രായം കൂടി വരുംമ്പോൾ, നമ്മുടെ അനുഭവങ്ങളിൽ നിന്നും പരിസ്ഥിതികളിൽ നിന്നും ആവിർഭവിക്കുന്ന തീവ്രവും ക്രിയാത്മകവുമായ പഠന പ്രക്രിയയ്ക്ക് നാം വിധേയരാകുന്നു. നമ്മൾ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കുന്നു.

രണ്ടാമത്തെ കേന്ദ്രം നമ്മെ സർഗ്ഗാത്മകതയുടെ ഉറവിടവുമായി ബന്ധിപ്പിക്കുകയും വ്യക്തമായ ശ്രദ്ധയും ആത്മീയ ബുദ്ധിയും പ്രാപ്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് നമുക്ക് സൃഷ്ടിപരമായ പ്രചോദനം നൽകുകയും, നമുക്ക് ചുറ്റുമുള്ള സൗന്ദര്യം അനുഭവിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ കേന്ദ്രം നൽകുന്ന ആത്മീയ ബുദ്ധി മാനസികമല്ല, മറിച്ച് യാഥാർത്ഥ്യത്തിന്റെ നേരിട്ടുള്ള ധാരണയാണ്. ഇത് നമ്മുടെ വിരൽത്തുമ്പുകളിൽ അനുഭവപ്പെടുകയും നമ്മുടെ സൂക്ഷ്മശരീരത്തിലെ തടസ്സങ്ങളെ സൂചിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധമായ ശ്രദ്ധയുടെ കേന്ദ്രമായ ഇത് നമുക്ക് ഏകാഗ്രതയുടെ ശക്തി നൽകുന്നു.

സ്ഥാനം:
സ്വാധിഷ്ഠാന ചക്രം നമ്മുടെ ത്രികാസ്ഥിക്ക് (sacrum bone) മുകളിലുള്ള അയോർട്ടിക് പ്ലെക്സസിൽ (aortic plexus) സ്ഥിതി ചെയ്യുന്നു. ഈ ചക്രം നമ്മുടെ കരൾ, വൃക്ക, പ്ലീഹ, അഗ്ന്യാശയം, സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. സ്വാധിഷ്ഠാന ചക്രത്തിന്റെ സ്പന്ദനങ്ങൾ ഇരു കൈകളിലെയും തള്ളവിരലുകളിൽ അനുഭവപ്പെടാൻ കഴിയുന്നു.

നിറം:
മഞ്ഞ നിറമാണ് സ്വാധിഷ്ഠാന ചക്രത്തെ പ്രതിനിധീകരിക്കുന്നത്. അഗ്നിയുടെ ശുദ്ധീകരണ ഘടകവുമായി ഇത് വിന്യസിച്ചിരിക്കുന്നു.

സ്വാധിഷ്ഠാന ചക്രത്തിന്റെ ഗുണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
• സർഗ്ഗാത്മകത
• സൗന്ദര്യാസ്വാദനം
• പ്രചോദനം
• ആശയ ഉത്പാദനം
• പതറാത്ത ശ്രദ്ധ
• തീക്ഷ്ണമായ ബൗദ്ധിക ധാരണ
• ശുദ്ധമായ അറിവ്
• ആത്മീയ ജ്ഞാനം

സ്വാധിഷ്ഠാന ചക്രത്തിന്റെ അടിസ്ഥാന ഗുണം സർഗ്ഗാത്മകതയാണ്. ഈ ചക്രത്തിലൂടെയാണ് നമ്മുടെ സൃഷ്ടിപരമായ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. ശ്രദ്ധ, പ്രചോദനം, ശുദ്ധമായ അറിവ് എന്നിവയും സ്വാധിഷ്ഠാന ചക്രം നിയന്ത്രിക്കുന്നു. സ്വാധിഷ്ഠാന ചക്രത്തിന്റെ ഗുണങ്ങൾ നാം തിരിച്ചറിയുമ്പോൾ, സർഗ്ഗാത്മകതയുടെ സൗന്ദര്യവും ശക്തിയും നാം കണ്ടെത്തുന്നു.

അനുഭവവും നേട്ടങ്ങളും:
സ്വാധിഷ്ഠാന ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശാരീരിക പ്രവർത്തനം നിങ്ങളുടെ മസ്തിഷ്കത്തിലെ ചാരനിറത്തിലുള്ളതും വെളുത്തതുമായ ദ്രവ്യത്തെ (ചിന്തകൾ നൽകുന്ന പദാർത്ഥം) പുനഃസ്ഥാപിക്കുന്നതിനായി നിങ്ങളുടെ വയറിനുള്ളിലെ കൊഴുപ്പ് കണങ്ങളെ മാറ്റുന്നതാണ്.

അമിതമായ ചിന്തയും ആസൂത്രണവും ഇന്നത്തെ ലോകത്ത് വളരെ സാധാരണമാണ്. ആത്യന്തികമായി, നിങ്ങളുടെ സ്വാധിഷ്ഠാന ചക്രത്തിന്റെ വലതുഭാഗം ആ ചിന്തകളാൽ തളർന്നുപോയേക്കാം. ഇത് സംഭവിക്കുമ്പോൾ, നിങ്ങളുടെ സർഗ്ഗാത്മകത മങ്ങുകയും നിങ്ങളുടെ ജോലി നിർജീവമാവുകയും ചെയ്യുന്നു. നിങ്ങൾക്ക്‌ സ്വാഭാവികതയും സന്തോഷവും അനുഭവിക്കാൻ സാധിക്കില്ല.

അമിതമായ ചിന്തയിലൂടെ നിങ്ങൾക്ക് നഷ്ടപ്പെട്ട മസ്തിഷ്ക കോശങ്ങളെ പുനഃസ്ഥാപിക്കാൻ സ്വാധിഷ്ഠാന ചക്രം വെപ്രാളപ്പെടുമ്പോൾ, പരിചരിക്കേണ്ട മറ്റു അവയവങ്ങളെ അതിനു അവഗണിക്കേണ്ടി വരുന്നു. അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഉദാഹരണത്തിന്, നിങ്ങളുടെ ശരീരത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി കൊഴുപ്പ് കോശങ്ങളെ ഉത്പാദിപ്പിക്കാൻ നിങ്ങളുടെ കരളിന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കരൾ ഏകാഗ്രതയുടെ ഇരിപ്പിടമായതിനാൽ, നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുകയും ശുദ്ധമായ ചിന്തയിൽ വീഴ്ച വരികയും ചെയ്യുന്നു.

ശ്രദ്ധയും (ഇത് സ്വാധിഷ്ഠാന ചക്രത്തിന്റെ ഗുണമാണ്) ചിന്തയും (അതിന് ഹാനികരമാണ്) തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ശ്രദ്ധ എന്നാൽ സൂക്ഷ്മ നിരീക്ഷണം അല്ലെങ്കിൽ ശ്രവിക്കൽ എന്നാണ് അർത്ഥമാക്കുന്നത്. ചിന്തയില്ലാതെ ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസ്ഥ. ഏകാഗ്രത, നിരീക്ഷണം, സാക്ഷിഭാവം എന്നിവയാണ് ശ്രദ്ധ കൊണ്ട് അർത്ഥമാക്കുന്നത്.

ഉദാഹരണമായി, ഒരു പുഷ്പത്തിന്റെ സൗന്ദര്യത്തെയും സുഗന്ധത്തെയും അഭിനന്ദിച്ചു കൊണ്ട് അതേസമയം അതിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ ശ്രദ്ധ ആ പൂവിൽ നിന്നെന്നു വരാം. "ഈ പൂവിന്റെ പേരെന്താണ്?" അല്ലെങ്കിൽ "ഈ പൂവ് വർഷത്തിലൊരിക്കൽ വിടരുന്നതാണോ അതോ വർഷം മുഴുവൻ പൂക്കുന്നതാണോ?" തുടങ്ങിയ ചോദ്യങ്ങൾ മനസ്സിലൂടെ കടന്നു പോകാതെ അതിനെ നിരീക്ഷിക്കാനും അതിൽ അത്ഭുതപ്പെടാനും കഴിഞ്ഞേക്കാം.

സന്തുലിതമായ കരൾ അഴുക്കുകൾ, സംഭ്രമങ്ങൾ, ബാഹ്യമായ അലങ്കോലങ്ങൾ എന്നിവ അരിച്ചെടുക്കുന്നതിലൂടെ ശ്രദ്ധിക്കാനുള്ള നിങ്ങളുടെ കഴിവിനെ നിലനിർത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഫലപ്രദമായി ധ്യാനിക്കാൻ നിങ്ങളെ സഹായിക്കുന്ന സമാധാനവും ശാന്തതയും ഈ ശുദ്ധീകരിക്കപ്പെട്ട ശ്രദ്ധയിൽ നിന്നാണ് വരുന്നത്.

സ്വാധിഷ്ഠാന ചക്രം സന്തുലിതമാകുമ്പോൾ, അമിതമായ ചിന്തകൾ തടയപ്പെടുന്നു. ആകുലതകൾ, സംശയങ്ങൾ, ആശയക്കുഴപ്പങ്ങൾ, വിഭ്രാന്തികൾ എന്നിവയിൽ നിന്ന് സ്വതന്ത്രമായ ഒരു മനസ്സിനെ നിലനിർത്താൻ നിങ്ങൾക്ക് കഴിയുന്നു. ഈ സന്തുലിതാവസ്ഥയിലായിരിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന സൃഷ്ടിപരമായ പ്രവർത്തനങ്ങൾ ആത്മീയമായി ഉയർന്നതാകുന്നു. അതിന് ഒരു “ഹൃദയം” ഉണ്ടാകുന്നു.

സ്വയം വിലയിരുത്തൽ:
നിങ്ങളുടെ സ്വാധിഷ്ഠൻ ചക്രം അസന്തുലിതമാണെങ്കിൽ, നിങ്ങൾക്ക് ധ്യാനത്തിലിരിക്കാൻ ബുദ്ധിമുട്ടും സർഗ്ഗാത്മകതയുടെ പൊതുവായ അഭാവവും അനുഭവപ്പെടാം. നിങ്ങൾക്ക് ഉറക്കമില്ലായ്മയും ക്ഷോഭവും അനുഭവപ്പെടാം. പ്രമേഹം, രക്ത സംബന്ധമായ ക്യാൻസർ, അലർജി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളും അസന്തുലിതമായ സ്വാധിഷ്ഠാനത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.

അസന്തുലിതാവസ്ഥയ്ക്കുള്ള കാരണങ്ങൾ:

  • അമിതമായ ചിന്തയും ആസൂത്രണവും അമിത മാനസിക പ്രവർത്തനവും ഈ കേന്ദ്രത്തെ തളർത്തുന്നു. അതിന്റെ തീവ്രതയിൽ, ഇത് നമ്മുടെ ശരീരത്തിന്റെ കടുത്ത ക്ഷീണത്തിനും മാനസികമായ തളർച്ചക്കും കാരണമാകുന്നു.

എങ്ങനെ സന്തുലിതാവസ്ഥ കൈവരിക്കാം:
ഭാഗ്യവശാൽ, ഈ ചക്രത്തെ സന്തുലിതമാക്കുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗം സഹജയോഗ ധ്യാനത്തിൽ പറയുന്നുണ്ട്. സ്വാധിഷ്ഠാന ചക്രം ശുദ്ധമാക്കാൻ, നിങ്ങൾ സാധാരണ താപനിലയുള്ള വെള്ളത്തിൽ ദിവസവും പാദനിമജ്ഞനം ചെയ്യണം.

വലത് സ്വാധിഷ്ഠാന ചക്രം ശുദ്ധമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ധ്യാന സമയത്ത് തണുത്ത ഉപ്പു വെള്ളത്തിൽ (ഐസ് വെള്ളവും ആകാം) പാദനിമജ്ഞനം ചെയ്യുക. വലത് സ്വാധിഷ്ഠാനത്തിന്റെ സ്ഥാനത്ത് നിങ്ങൾക്ക് ഒരു ഐസ് പായ്ക്ക് വെക്കാം. നിങ്ങളുടെ ശരീരം വലതു കാലുമായി ബന്ധിപ്പിക്കുന്ന സ്ഥലത്തിന് തൊട്ടു മുകളിലാണ് വലത് സ്വാധിഷ്ഠാന ചക്രം സ്ഥിതി ചെയ്യുന്നത്.

നിങ്ങളുടെ ഇടത് സ്വാധിഷ്ഠാന ചക്രം ശുദ്ധീകരിക്കാൻ, ധ്യാന സമയത്ത് ചൂടുള്ള ഉപ്പു വെള്ളത്തിൽ (ചർമ്മത്തിന് സുഖപ്രദമായത്) പാദനിമജ്ഞനം ചെയ്യുക.

ഈ ചക്രത്തിന്റെ സന്തുലിതാവസ്ഥയിൽ നിങ്ങൾക്ക് സ്ഥിരമായ പ്രശ്നങ്ങളുണ്ടെങ്കിൽ, ജ്വലിക്കുന്ന മെഴുകുതിരി ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ശുദ്ധീകരിക്കാൻ ശ്രമിക്കാം. നിങ്ങളുടെ ഇടത് സ്വാധിഷ്ഠാന ചക്രത്തിന്റെ മുന്നിൽ കുറച്ച് സെന്റിമീറ്റർ അകലെയായി വലതു കൈയിൽ ഒരു കത്തുന്ന മെഴുകുതിരി പിടിക്കുക. ഇടത് സ്വാധിഷ്ഠാന ചക്രം സ്ഥിതി ചെയ്യുന്നത് നിങ്ങളുടെ ശരീരഭാഗം ഇടത് കാലുമായി ബന്ധിപ്പിക്കുന്നതിന് തൊട്ട് മുകളിലാണ്.