പരകോടി പ്രാപിക്കുക
ഒരു എളിയ ആരാധന
മനുഷ്യരാശിയുടെ ആത്മീയ ഉന്നമനം എന്നതാണ് തന്റെ ആത്യന്തികമായ ലക്ഷ്യം എന്ന് ശ്രീ മാതാജിക്ക് ചെറുപ്പം മുതലേ അറിയാമായിരുന്നു. എന്നിട്ടും നാല്പത്തിയേഴാം വയസ്സിൽ, തന്റെ രണ്ട് പെൺമക്കളുടെയും വിവാഹം കഴിഞ്ഞതിനു ശേഷം മാത്രമാണ്, ശ്രീ മാതാജി തന്റെ ജീവിതോദ്ദേശ്യം നിർവഹിക്കുക എന്ന ദൗത്യം ഏറ്റെടുത്തത്.
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ചെറിയ ഗ്രാമമായ നർഗോളിലാണ് ആ പ്രധാന സംഭവം നടന്നത്. 1970 മെയ് 5-ന്, ഗഹനമായ ധ്യാനത്തിന് ശേഷം, ശ്രീ മാതാജിക്ക് ബോധത്തിന്റെയും സത്യത്തിന്റെയും അഗാധമായ അനുഭവം ഉണ്ടായി, അത് അടുത്ത നാൽപ്പത് വർഷത്തേക്ക് ശ്രീ മാതാജിയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി.
ആ നിമിഷം മുതൽ, ശ്രീ മാതാജി സഹജ യോഗ എന്ന് അറിയപ്പെടുന്ന ഒരു ലളിതമായ ധ്യാനരീതിയിലൂടെ ആത്മസാക്ഷാത്കാരം ഓരോ വ്യക്തിക്കും നേടാൻ സാധിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്വയം സമർപ്പിച്ചു. ‘സർവ്വവ്യാപിയായ ദൈവിക ശക്തിയുമായുള്ള വ്യക്തിഗത ബോധത്തിന്റെ സ്വതസിദ്ധമായ ഐക്യമാണ്’ സഹജ യോഗ എന്ന സംസ്കൃത പദം കൊണ്ട് അർഥമാക്കുന്നത്. ആത്മസാക്ഷാത്കാരം എല്ലാവർക്കും സൗജന്യമായി ലഭ്യമാണെന്ന് ശ്രീ മാതാജി പ്രസ്താവിച്ചു,"ഒരു ജ്വലിക്കുന്ന മെഴുകുതിരി മറ്റൊന്നിനെ ജ്വലിപ്പിക്കുന്നതു പോലെ", ഈ അനുഭവം മറ്റുള്ളവർക്ക് കൈമാറാമെന്ന് ശ്രീ മാതാജി കാണിച്ചു തന്നു.
ശ്രീ മാതാജി ചെറിയ തോതിൽ മുംബൈയിലും ലണ്ടനിലുമുള്ള കുറച്ചു ‘ഉത്സുകരായ സത്യാന്വേഷകരോടൊപ്പമാണ്’ ആരംഭിച്ചത്. ഈ കാലയളവിൽ, 1980-കളുടെ പകുതി വരെ, ശ്രീ മാതാജി, തന്റെ വളർന്നുവരുന്ന ആത്മീയ കുടുംബത്തോടൊപ്പം പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനും സാധനങ്ങൾ വാങ്ങാനും സിനിമക്ക് പോകാനും പതിവായി ധ്യാനം ചെയ്യാനും ഒക്കെ കൂട്ടു നിന്ന മാതൃസഹജമായ ഒരു സാന്നിധ്യമായിരുന്നു.
യു.എൻ. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ സെക്രട്ടറി ജനറലായ ശ്രീ മാതാജിയുടെ ഭർത്താവ് സർ സി.പി.ശ്രീവാസ്തവ, തന്റെ ഭാര്യയുടെ 'തുറന്ന വാതിൽ' നയത്തിൽ ആദ്യം അൽപ്പം അമ്പരന്നു. എന്നാൽ ക്രമേണ, മറ്റുള്ളവരെ സഹായിക്കാനുള്ള ശ്രീ മാതാജിയുടെ അനുകമ്പയും ആഗ്രഹവും അദ്ദേഹത്തിനും പ്രചോദനമായി. തന്റെ ഭാര്യ വ്യക്തികളെ തങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതും അവർക്ക് ആത്മസാക്ഷാത്കാരവും പരിചരണവും നൽകുന്നതും സഹജ യോഗയുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്വയം സുഖപ്പെടുത്താൻ അവരെ പഠിപ്പിക്കുന്നതും അദ്ദേഹം നിരീക്ഷിച്ചു. അത്തരമൊരു സംഭവത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു, “അപ്പോൾ ഞാൻ അത്ഭുതം സംഭവിക്കുന്നത് കാണാൻ തുടങ്ങി. ശ്രീ മാതാജി ആ യുവാവിനോട് വളരെ കരുതലോടും വാത്സല്യത്തോടും പെരുമാറി, സഹജ യോഗ വഴി ആ യുവാവിൽ പരിവർത്തനം ഉണ്ടാകാൻ തുടങ്ങി…”
ഒരു പ്രമുഖ നയതന്ത്രജ്ഞന്റെ ഭാര്യയെന്ന നിലയിൽ ശ്രീ മാതാജിക്ക് ഇതിനകം തന്നെ ഉയർന്ന പദവിയുണ്ടായിരുന്നെങ്കിലും, പൊതു പരിപാടികളിൽ പ്രസംഗിച്ചും, പത്ര അഭിമുഖങ്ങൾ നൽകിയും, പ്രഭാഷണങ്ങൾ നടത്തിയും, എല്ലാറ്റിനുമുപരിയായി ആഗ്രഹിക്കുന്ന എല്ലാവരുമായും ആത്മസാക്ഷാത്കാരം പങ്കുവെച്ചും അവർ കൂടുതൽ പൊതു പരിപാടികളിൽ ഭൂമിക വഹിക്കാൻ തുടങ്ങി. സത്യത്തിന്റെ സന്ദേശവും, അക്ഷയമായ ഊർജ്ജവും നർമ്മബോധവും കൊണ്ട് ശ്രീ മാതാജി പോകുന്നിടത്തെല്ലാം ആളുകളെ ആകർഷിച്ചിരുന്നു. പതുക്കെ എന്നാൽ നിസ്സംശയമായും, യുണൈറ്റഡ് കിംഗ്ഡത്തിലും, ഇന്ത്യയിലും പിന്നീട് യൂറോപ്പിലും അമേരിക്കയിലും ഒടുവിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സഹജ യോഗയുടെ പരിശീലനം സ്ഥാപിതമായി.
1990-കളോടെ, ശ്രീ മാതാജി ഒരു ആഗോള വ്യക്തിത്വമായി മാറി, അവർ പോകുന്നിടത്തെല്ലാം മാധ്യമശ്രദ്ധ ആകർഷിച്ചു, കൂടാതെ തുടർച്ചയായി സ്തുത്യുപഹാരങ്ങളും അവാർഡുകളും അവരെ തേടി വന്നു. ശ്രീ മാതാജിയുടെ പേര് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു. ആൽഫ്രഡ് നൊബേലിന്റെ ചെറുമകനും യുണൈറ്റഡ് എർത്ത് ഫൗണ്ടേഷന്റെ ചെയർമാനുമായ ക്ലേസ് നൊബേൽ, "നമ്മുടെ സ്വന്തം വിധിയുടെ യജമാനനാകാൻശ്രീ മാതാജി നമ്മെ ശക്തിപ്പെടുത്തുന്നു" എന്ന് പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തും ബീജിംഗിൽ നടന്ന യു എൻ വനിതാ കോൺഫറൻസിലും സംസാരിക്കാൻ ശ്രീ മാതാജിയെ ക്ഷണിച്ചു. എണ്ണമറ്റ നഗര-പ്രാദേശിക സർക്കാരുകൾ ഒരു ദിനം ശ്രീ മാതാജിയുടെ ബഹുമാനാർത്ഥം ഔദ്യോഗികമായി സ്ഥാപിച്ചു.
മുംബൈയ്ക്ക് സമീപമുള്ള ഇന്റർനാഷണൽ ഹോസ്പിറ്റലും ക്യാൻസർ റിസർച്ച് സെന്റ്ററും ന്യൂഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള നിർധന സ്ത്രീകൾക്കുള്ള സ്ഥാപനമായ നിർമ്മൽ പ്രേമും ഉൾപ്പെടെ നിരവധി സർക്കാരിതര സംഘടനകൾ ശ്രീ മാതാജി സ്ഥാപിച്ചു. രോഗം, ആസക്തി തുടങ്ങിയ പ്രശ്നങ്ങളെ തരണം ചെയ്യാനും അവരുടെ ജീവിതത്തിൽ സന്തോഷവും അർത്ഥവും കണ്ടെത്താനും ആളുകളെ സഹായിക്കുന്നതിന് ഈ സ്ഥാപനങ്ങൾ ഇന്നും സഹജ യോഗയിലെ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.
വളരെ പ്രസിദ്ധ ആയിത്തീർന്നിട്ടും, ശ്രീ മാതാജി എപ്പോഴും അനുകമ്പയും ദയയും താഴ്മയുള്ള വ്യക്തിത്വമായി തുടർന്നു. ശ്രീ മാതാജിയുടെ ഉദ്ദേശ്യം മാറിയില്ല, അതുപോലെ അവരുടെ സന്ദേശവും മാറിയില്ല. ‘മെറ്റാ മോഡേൺ എറ’ എന്ന തന്റെ പുസ്തകത്തിൽ ശ്രീ മാതാജി എഴുതിയത് പോലെ,"ദൈവിക സ്നേഹത്തിന്റെ സർവ്വവ്യാപിയായ ആനന്ദമുണ്ട്, എല്ലാവരും അത് ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." [1]
ശ്രീ മാതാജി തന്റെ ജീവിതാവസാനം വരെ ലോകമെമ്പാടും സഞ്ചരിക്കുന്നത് തുടർന്നു, പിന്നീടുള്ള വർഷങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറഞ്ഞു കാരണം അവർ തന്റെ അടുത്ത കുടുംബാംഗങ്ങളുമായാണ് കൂടുതൽ സമയം ചെലവഴിച്ചിരുന്നത്.
2011 ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി, 87-ആം വയസ്സിൽ ശ്രീ മാതാജി അന്തരിച്ചു. ശ്രീ മാതാജിയുടെ പൈതൃകം ഇന്നും നിലനിൽക്കുന്നു, ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം എണ്ണമറ്റ ജീവിതങ്ങളെ ഇന്നും രൂപാന്തീകരിച്ചുകൊണ്ടിരിക്കുന്നു.