യു.എൻ നാലാമത് ലോക വനിതാ സമ്മേളനം
1995 സെപ്റ്റംബറിൽ ബീജിംഗിൽ നടന്ന ഇന്റർ-റീജിയണൽ റൗണ്ട് ടേബിളിൽ നിന്നുള്ള ഉദ്ധരണി
1995 സെപ്തംബറിൽ, ചൈനയിലെ ബെയ്ജിംഗിൽ നടന്ന നാലാമത്തെ ലോക സമ്മേളനം സ്ത്രീകളെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും മുമ്പ് നടന്ന മൂന്ന് ആഗോള സമ്മേളനങ്ങളിലെ രാഷ്ട്രീയ കരാറുകളുടെ പരിസമാപ്തിയായിരുന്നു. 189 രാജ്യങ്ങൾ സ്ത്രീ ശാക്തീകരണത്തിനുള്ള വിഷയവിവരപത്രിക ഏകകണ്ഠമായി ബീജിംഗിൽ അംഗീകരിച്ചത് ലിംഗസമത്വത്തെക്കുറിച്ചുള്ള പ്രധാന ആഗോള നയരേഖയായി കണക്കാക്കപ്പെടുന്നു.
ഈ ആഗോള വേദിയിൽ അതിഥി പ്രഭാഷകയായി ശ്രീ മാതാജിയെ ക്ഷണിച്ചു. സ്ത്രീകളുടെ പങ്കിനെ കുറിച്ച് ശ്രീ മാതാജി എപ്പോഴും തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിരുന്നു. ഈ ലോകത്ത് അവർക്ക് പുരുഷന്മാരെപ്പോലെ തന്നെ പ്രാധാന്യമുണ്ട്, എന്നാൽ ലിംഗഭേദം തമ്മിൽ പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനുപകരം അവർ തമ്മിലുള്ള വ്യത്യാസങ്ങൾ ശ്രദ്ധേയമാക്കണം. സുസ്ഥിരവും സമാധാനപൂർണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സ്ത്രീയും പുരുഷനും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ അത്യന്താപേക്ഷിതമാകുന്നു. ഭിന്നതകളുടെ അംഗീകാരവും, പരസ്പര ശക്തികളോടുള്ള ആദരവുമായിരുന്നു ആവശ്യം. പുരുഷന്മാരും സ്ത്രീകളും അവരുടെ അന്തർലീനമായ "പുരുഷ", "സ്ത്രീ" വശങ്ങളുമായി ഒരു ആന്തരിക സന്തുലിതാവസ്ഥ കണ്ടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ മാതാജി വീണ്ടും വീണ്ടും ആളുകളെ ഓർമ്മിപ്പിച്ചു. സ്ത്രീകൾക്ക് സാമൂഹിക തലത്തിലാണ് സ്വാധീനം ചെലുത്താൻ കഴിയുന്നത്.
ശ്രീ മാതാജി ഒരിക്കലും സ്വയം ഒരു രാഷ്ട്രീയ പ്രവർത്തകയായി കണക്കാക്കിയിരുന്നില്ല. ശ്രീ മാതാജിയുടെ കാഴ്ചപ്പാട്, സ്ത്രീകളിലും പുരുഷന്മാരിലും ആത്മസാക്ഷാത്കാരത്തിലൂടെ ഒരു ആന്തരിക പരിവർത്തനമായിരുന്നു, അതിലൂടെ അവർ സ്വാഭാവിക സന്തുലിതാവസ്ഥ കൈവരിക്കുക എന്നതായിരുന്നു. പുരുഷന്മാരുടെ ആധിപത്യമുള്ള ലോകത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള മാർഗ്ഗമാണ് ഈ സ്വയം പരിവർത്തനം അഥവാ ആത്മ സാക്ഷാത്കാരം.
"വിത്തുകൾക്ക് സ്വന്തമായി ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. പൂക്കളും പഴങ്ങളും മറ്റ് അനുഗ്രഹങ്ങളും നൽകുന്നത് ഭൂമി മാതാവാണ്. അതുപോലെ, കുഞ്ഞിനെ സൃഷ്ടിക്കുന്നതും അതിനെ പരിപാലിക്കുന്നതും ഒടുവിൽ നാളത്തെ പൗരന്മാരെ വളർത്തുന്നതും സ്ത്രീയാണ്. അതിനാൽ മുഴുവൻ മാനവരാശിയുടെയും സൗധമായി ഭൂമി മാതാവിനൊപ്പം സ്ത്രീകൾ ബഹുമാനിക്കപ്പെടണം.”
കിഴക്കും പടിഞ്ഞാറും ഒരുപോലെ ജീവിക്കുകയും ധാരാളം യാത്ര ചെയ്യുകയും ചെയ്ത ശ്രീ മാതാജി, പല സമൂഹങ്ങളിലും സ്ത്രീകളോട് പെരുമാറുന്ന രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടു, പലർക്കും ഉണ്ടായിരുന്ന അവകാശങ്ങളുടെ ദാരുണമായ അഭാവം അവർ സമ്മതിക്കുമ്പോൾ, സ്ത്രീകളോടുള്ള ബഹുമാനക്കുറവാണ് ശ്രീ മാതാജിയെ ഗൗരവമായി ആകുലപ്പെടുത്തിയത്.
സ്ത്രീക്കും പുരുഷനും അവരുടെ സ്വന്തം മൂല്യങ്ങളും പരസ്പര ഗുണങ്ങളും മനസ്സിലാകുമ്പോൾ- അത് ആത്മസാക്ഷാത്കാരത്തിലൂടെ നേടാനാകുമെന്നും തുടർന്ന് മനുഷ്യരാശിക്കിടയിൽ ഐക്യം കൈവരിക്കാനാകുമെന്നും ശ്രീ മാതാജി കരുതിയിരുന്നു.
“അതിനാൽ, ഈ നിമിഷത്തിൽ, നമ്മുടെ സ്രഷ്ടാവ് നമുക്ക് നൽകിയ ഈ മഹത്തായ ശക്തിയുടെ മൂല്യം മനസ്സിലാക്കേണ്ടത് അവശ്യമാണ്. എന്നാൽ നമ്മൾ എന്താണ് കാണുന്നത്? കിഴക്കായാലും പടിഞ്ഞാറായാലും, സ്ത്രീകൾക്ക് അവരുടെ മഹത്വം പൂർണ്ണമായും പ്രകടമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.”
സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, സുരക്ഷിതമായ ജീവിത അന്തരീക്ഷം, നിയമപരമായ സംരക്ഷണം എന്നിവയ്ക്കുള്ള തുല്യ അവകാശങ്ങൾ വേണമെന്ന് ശ്രീ മാതാജി നിസ്സന്ദേഹം വാദിച്ചു.
"മനുഷ്യ സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് അമ്മയായോ, സന്താനോൽപാദകയായോ, കുട്ടികളെ പരിപാലിക്കുന്നവളായോ, ഒരു ഭാര്യയായോ, സഹോദരിയായോ മാത്രമാണെന്ന് ഞാൻ നിർദ്ദേശിക്കുന്നില്ല. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവും ഭരണപരവും കൂടാതെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യ പങ്കാളികളായി പങ്കെടുക്കാൻ സ്ത്രീകൾക്ക് പൂർണ്ണ അവകാശമുണ്ട്. എന്നാൽ അവർ അമ്മമാരാണെങ്കിൽ, അവർക്ക് അവരുടെ കുട്ടികളോടും സമൂഹത്തോടും വലിയ ഉത്തരവാദിത്തമുണ്ട്.”
ലിംഗഭേദം മൂലമുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാൻ സാധിക്കുന്നത് നമ്മൾ സ്വയം ഉള്ളിലേക്ക് തിരിയുകയും ആത്മസാക്ഷാത്ക്കാരത്തിന്റെ ശക്തിയാൽ നമ്മെ നയിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ മാത്രമാണെന്ന് ശ്രീ മാതാജി വിശ്വസിച്ചു.
“നമുക്ക് വേണ്ടത് രണ്ട് അറ്റങ്ങൾക്കിടയിലുള്ള സന്തുലിതാവസ്ഥയാണ്. സ്ത്രീകൾക്ക് തുല്യമായ പരിഗണനയാണ് വേണ്ടത്, പക്ഷേ പുരുഷന്മാർക്കൊപ്പം സമാനമായ പങ്കാളിത്തമല്ല."