ഹൃദയ ചക്രം
നിരുപാധികമായ സ്നേഹവും നിർഭയത്വവും
ശാശ്വതവും സർവ്വവ്യാപിയുമായ ജീവചൈതന്യം (ജീവാത്മാവ്) മനുഷ്യ ഭ്രൂണ രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആദ്യം മസ്തിഷ്ക്കത്തിലേക്കാണ് പ്രവേശിക്കുന്നത്.നമ്മുടെ ഉള്ളിലെ ജീവാത്മാവിനെ ഉണർത്തുന്ന ആ നിമിഷത്തെയാണ് ശ്രീ മാതാജി ആദ്യത്തെ ഹൃദയമിടിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്. തുടർന്നുള്ള സംഭവങ്ങളുടെ ശൃംഖലയിൽ നമ്മുടെ ഉള്ളിലുള്ള കുണ്ഡലിനി മാതാവ് സൂക്ഷ്മശരീരത്തെ, ഭൗതിക ശരീരത്തിന്റെ വികാസവുമായി ഇഴ ചേർക്കുന്നു. ഗർഭസ്ഥ ശിശുവിന്റെ തലയ്ക്ക് സമീപം വികസിക്കുന്ന ഈ സ്പന്ദിക്കുന്ന ഹൃദയം പിന്നീട് നമ്മുടെ ശരീരം വികസിക്കുമ്പോൾ നെഞ്ചിലേക്ക് തള്ളപ്പെടുന്നു. അത് അവിടെ ശാശ്വതമായി പരിശുദ്ധമായ നിലയിൽ,ജീവിതത്തിലെ ഒരു സംഭവങ്ങളാലും ബാധിക്കപ്പെടാതെ, ഒരു കാഴ്ചക്കാരനെപ്പോലെ ജീവിതമാകുന്ന നാടകത്തിന് സാക്ഷ്യം വഹിക്കുന്നു.
കുണ്ഡലിനി ശക്തി ഈ കേന്ദ്രത്തെ പ്രബുദ്ധമാക്കുമ്പോൾ, നിർമ്മലവും നിരുപാധികവുമായ സ്നേഹത്തിന്റെ അനുഭൂതി നമുക്ക് അനുഭവപ്പെടുന്നു, അത് നമ്മുടെ ആത്മാവിന്റെ ശുദ്ധമായ പ്രകൃതമാണ്. നമ്മുടെ മൂന്നാമത്തെ കേന്ദ്രത്തെ വലയം ചെയ്യുന്ന ഭാവസാഗരത്തിൽ കുടുങ്ങി കിടക്കുന്ന മിഥ്യാധാരണകളിൽ നിന്ന് നമ്മെ, നമ്മുടെ അവബോധം വലിച്ചെടുക്കുമ്പോൾ ലൗകിക ജീവിതത്തോടുള്ള നിസ്സംഗത്വം വളരുന്നു.മിഥ്യാധാരണകളിൽ നിന്ന് മുക്തരായാൽ നമ്മൾ പൂർണ്ണമായും നിർഭയരാകുന്നു.
ശുദ്ധമായ ഹൃദയത്തിൽ നിന്നാണ് അനുകമ്പയും സ്നേഹവും പ്രകടമാകുന്നത്, കൂടാതെ മറ്റുള്ളവരോടുള്ള ഉത്തരവാദിത്തബോധവും പരോപകാര തൽപ്പരതയും നമുക്ക് നൽകുന്നത് ഹൃദയ ചക്രമാണ്. ഹൃദയ ചക്രം നമുക്ക് പൂർണ്ണമായ സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്നു. അത്തരമൊരു വ്യക്തിത്വം വളരെ ചലനാത്മകമാണ്, ജീവിതത്തിന്റെ കാഴ്ചപ്പാടും ലക്ഷ്യവും ആർജ്ജിച്ചതുമാണ്. ഗാന്ധിജിയുടെ നിസ്വാർത്ഥ പ്രയത്നം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് കാരണമായത്, ഇതിന്റെ ഒരു മികച്ച ഉദാഹരണമാണ്.
സ്ഥാനം:
നമ്മുടെ നട്ടെല്ലിനുള്ളിലാണ് ഹൃദയചക്രം സ്ഥിതി ചെയ്യുന്നത്. ഇത് ഏകദേശം നെഞ്ചിന്റെ തലത്തിൽ, നമ്മുടെ ഉരാസ്ഥിക്ക് (സ്റ്റെർനം അസ്ഥി) പിന്നിൽ സ്ഥിതിചെയ്യുന്നു. ഈ കേന്ദ്രം കാർഡിയാക് പ്ലെക്സസിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. അനാഹത ചക്രത്തിന്റെ സ്പന്ദനം നമ്മുടെ ഇരു കൈകളിലെയും ചെറുവിരലുകളിൽ അനുഭവപ്പെടുന്നു.
നിറം:
ഹൃദയ ചക്രത്തെ പ്രതിനിധീകരിക്കുന്നത് ചുവപ്പ് നിറമാണ്. ഇതിനെ വായുവിന്റെ അവശ്യ ഘടകവുമായി വിന്യസിച്ചിരിക്കുന്നു.
ഹൃദയ ചക്രത്തിൽ ഉൾപ്പെടുന്ന ഗുണങ്ങൾ:
• പരിമിതിയില്ലാത്ത സ്നേഹം
• നിരുപാധികമായ അനുകമ്പ
• സൗമ്യമായ പെരുമാറ്റം
• സത്യം
• ആനന്ദം
• ആത്മവിശ്വാസം
• ജീവിതത്തിൽ നിർഭയത്വവും സുരക്ഷിതത്വബോധവും
• സകാരാത്മകമായ മാതൃ- പിതൃ ബന്ധങ്ങൾ തുടങ്ങിയവയാണ്.
അനാഹത ചക്രത്തിന്റെ അടിസ്ഥാന ഗുണം നിരുപാധികമായ സ്നേഹമാണ്. ആത്മസാക്ഷാത്കാരത്തിന് ശേഷം ഈ ചക്രം പ്രവർത്തനക്ഷമമാകുമ്പോൾ, ആത്മവിശ്വാസവും, സ്വന്തമായ സ്ഥിരപ്രത്യാശയും, ധാർമ്മിക ഉത്തരവാദിത്വവും വൈകാരികമായി സന്തുലനവും അനുഭവിക്കാൻ നമ്മൾ പ്രാപ്തരാകുന്നു. ഈ സൂക്ഷ്മ കേന്ദ്രത്തിന്റെ ഗുണങ്ങൾ നമ്മുടെ അവബോധത്തിൽ വികസിക്കുമ്പോൾ, അസ്തിത്വത്തിന്റെ നിർമ്മലമായ ആനന്ദം നാം അനുഭവിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം നാം കണ്ടെത്തുകയും ആത്മീയ അവബോധത്തിന്റെ ഉയർന്ന അവസ്ഥയിലേക്ക് പരിണമിക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നു.
അനുഭവവും നേട്ടങ്ങളും:
അനാഹത ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശരീരശാസ്ത്രപരമായ പ്രവർത്തനം നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും നിയന്ത്രിക്കുക എന്നതാണ്. ഈ അവയവങ്ങൾ നിങ്ങളുടെ രക്തചംക്രമണത്തിന്റെയും, ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തേയും നിയന്ത്രിക്കുന്നു, അങ്ങനെ തികച്ചും പ്രവർത്തനക്ഷമതയുള്ളതാക്കുന്നു. അനാഹത ചക്രം സ്തനങ്ങളെയും തൈമസ് ഗ്രന്ഥിയേയും നിയന്ത്രിക്കുന്നു. തൈമസ് ഗ്രന്ഥി നിങ്ങളുടെ മാറെല്ലിനു പുറകിൽ, മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ്.നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനത്തിന് അത് അത്യന്താപേക്ഷിതമാണ്.
ചില സമയങ്ങളിൽ, നമ്മുടെ സ്നേഹവും, അനുകമ്പയും അധികാരത്തിന്റെയും സ്വാർത്ഥതയുടെയും അഭികാമ്യമല്ലാത്ത വികാരങ്ങളുമായി ആശയക്കുഴപ്പത്തിലാകുന്നു. സഹജയോഗ നിങ്ങളുടെ ഹൃദയത്തെ ദിവ്യമായ ഊർജ്ജം കൊണ്ട് നിറയ്ക്കുന്നതിനാൽ, നിങ്ങൾക്ക് ആ വ്യത്യാസം തിരിച്ചറിയാൻ കഴിയുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ ബോധവാന്മാരാകും. നിസ്സ്വാർത്ഥമായും, നിർമ്മലമായും സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയും.
മറ്റ് പല ചക്രങ്ങളേയും പോലെ, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ ഹൃദയ ചക്രത്തിന്റെ തടസ്സത്തിനും അസന്തുലിതാവസ്ഥയ്ക്കും ഇടയാകും.അമിതമായ ചിന്ത, അതിമാത്രമായ ആസൂത്രണം, അരക്ഷിതാവസ്ഥ, ഉത്കണ്ഠ എന്നിവയെല്ലാം നിങ്ങളുടെ അനാഹത ചക്രത്തിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. എന്നിരുന്നാലും, ധ്യാനത്തിലൂടെ ഈ ചക്രത്തെ ഊർജ്വസ്വലമാക്കുമ്പോൾ, നിങ്ങൾ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നു. നിങ്ങൾക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും അനുഭവപ്പെടും, നിഷേധാത്മക സ്വാധീനങ്ങളോട് പ്രതിരോധിക്കും.ഹൃദയ ചക്രം ശക്തമാകുമ്പോൾ, ജീവിതത്തിലെ ആനന്ദത്തെ നിങ്ങൾക്ക് പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്നു.
പ്രതികൂലമായ മാതൃ- പിതൃ ബന്ധങ്ങൾ നിങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ,ശക്തമായ അനാഹത ചക്രത്തിന് അവ പരിഹരിക്കുന്നതിനായി നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ സ്വന്തം പെരുമാറ്റത്തിന് അതിരുകൾ നിശ്ചയിക്കാനും മറ്റുള്ളവരുടെ അതിരുകളെ ബഹുമാനിക്കാനും നിങ്ങൾ പഠിക്കും. അതിന്റെ ഫലമായി നിങ്ങളുടെ എല്ലാ ബന്ധങ്ങളും മെച്ചപ്പെടും.
സ്വയം വിലയിരുത്തൽ:
നിങ്ങളുടെ അനാഹത ചക്രത്തിൽ തടസ്സം അല്ലെങ്കിൽ അസന്തുലിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഹൃദയമിടിപ്പ്, ആസ്ത്മ, ദുർബലമായ രോഗപ്രതിരോധ ശേഷി തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ഏറ്റവും രൂക്ഷമമായ അവസ്ഥകളിൽ, ഹൃദയാഘാതം, സ്തനാർബുദം, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങൾ അത്തരമൊരു അവസ്ഥയിൽ എത്തിയിരിക്കാൻ സാധ്യതയില്ല. ഈ ചക്രം സന്തുലിതമാക്കുന്നത് ലളിതമാണ്, മാത്രമല്ല ഈ ഗുരുതരമായ രോഗങ്ങളെ തടയാനും, കാര്യമല്ലാത്ത ലക്ഷണങ്ങളെ കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും.
അസന്തുലിതാവസ്ഥയ്ക്കുള്ള കാരണങ്ങൾ:
- ഭയം
- ഉയർന്ന ഉത്തരവാദിത്തം / ഉത്തരവാദിത്തമില്ലായ്മ
- വെറും സ്വാർത്ഥതാൽപ്പര്യം
എങ്ങനെ സന്തുലനം ചെയ്യാം:
നിങ്ങളുടെ അനാഹത ചക്രം സന്തുലിതമാക്കണമെങ്കിൽ, നിരവധി സെക്കൻഡുകൾ ആഴത്തിലും സാവധാനത്തിലും ശ്വസിക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ശാന്തത അനുഭവപ്പെടുന്നു. ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുത്ത് കുറച്ച് സെക്കൻഡുകൾ വിടാതിരിക്കുക. പിന്നെ സാവധാനത്തിലും സുഗമമായും ശ്വാസം വിടുക. ഈ പ്രക്രിയ നിരവധി തവണ ആവർത്തിക്കുക.
നിങ്ങളുടെ വലത്, മദ്ധ്യഭാഗം, ഇടത് വശത്തുമുള്ള ഹൃദയ ചക്രങ്ങൾക്ക്, സന്തുലനം കൊണ്ടുവരാൻ ഇനി പറയുന്ന രീതിയും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വലതു കൈപ്പത്തി ഹൃദയ ചക്രത്തിൽ നിന്ന് കുറച്ച് ഇഞ്ചുകൾ അകലെ അകത്തേക്ക് അഭിമുഖീകരിച്ച് വെക്കുക. നിങ്ങളുടെ കൈകളിലൂടെ ഊർജ്ജം ഒഴുകുന്നതായി അനുഭവപ്പെടുമ്പോൾ, ഹൃദയ ചക്രത്തിന് ചുറ്റും ഘടികാരദിശയിൽ തിരിക്കുക. ഭ്രമണം നിരവധി തവണ ആവർത്തിക്കുക.
ധ്യാനത്തിലിരിക്കുമ്പോൾ, പ്രത്യേകിച്ച് ഇടതു ഹൃദയം സന്തുലിതമാക്കാനായി വലത്തു കൈപ്പത്തി, ഇടത് ഹൃദയത്തിൽ വച്ചുകൊണ്ട് ഈ വാക്കുകൾ പലതവണ പറയുക: "ഞാൻ എന്റെ ആത്മാവുമായി ഒന്നിച്ചിരിക്കുന്നു" ഈ വാക്കുകളെ നിങ്ങളുടെ ഹൃദയത്തിൽ അനുഭവിക്കുക കൂടി ചെയ്യുക.