Marriage and Independence

വിവാഹവും സ്വാതന്ത്ര്യവും

കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ല്

ശ്രീ മാതാജിയുടെ ബാല്യവും കൗമാരവും നവ ഭാരതം എന്ന രാഷ്ട്രത്തിന്റെ പിറവിയുമായി ഇഴചേർന്നിരുന്നു; ഭാര്യയും അമ്മയും എന്ന നിലയിലുള്ള ശ്രീ മാതാജിയുടെ ജീവിതവും അങ്ങനെ തന്നെയായിരുന്നു എന്ന് തെളിയിച്ചു.

ഇപ്പോൾ ശ്രീ മാതാജി നിർമ്മല ദേവി എന്ന് പരക്കെ അറിയപ്പെടുന്ന നിർമ്മല സാൽവെ, 1947 ഏപ്രിൽ 7-ന് ചന്ദ്രിക പ്രസാദ് ശ്രീവാസ്തവയെ വിവാഹം കഴിച്ചു. നൂറ്റി ഇരുപത്തിയൊമ്പത് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ ഇന്ത്യ സ്വതന്ത്രമായി.

YouTube player

ശ്രീ മാതാജിയുടെ ഇളയ സഹോദരൻ, ബാബമാമ എന്നറിയപ്പെടുന്ന എച്ച്. പി. സാൽവെ വിവരിച്ചു: “വർഗീയ കലാപകാലത്ത് (1947-ലെ വിഭജന സമയത്ത്) ഒരു സന്ദർഭത്തിൽ ആരോ വാതിലിൽ മുട്ടി.. ശ്രീ മാതാജി വാതിൽ തുറന്നപ്പോൾ, ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും പ്രവേശന കവാടത്തിൽ അത്യധികം ഭയത്തോടെ നിൽക്കുന്നതായി കണ്ടു. തങ്ങൾ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാണെന്നും അവരിൽ ഒരാൾ മുസ്ലീമായതിനാൽ ഹിന്ദുക്കൾ വാളുമായി തങ്ങളെ പിന്തുടരുകയാണെന്നും അവർ ശ്രീ മാതാജിയോട് പറഞ്ഞു. ശ്രീ മാതാജി ഒരു മടിയും കൂടാതെ അവരെ അകത്തേയ്ക്ക് വിളിക്കുകയും ഒരു മുറിയിൽ ഒളിപ്പിക്കുകയും ചെയ്തു.

"കുറച്ചു കഴിഞ്ഞപ്പോൾ ചില ആളുകൾ ഊരിപ്പിടിച്ച വാളുമായി വന്നു," ബാബമാമ തുടർന്നു, "വീട്ടിൽ ഒരു മുസ്ലീം ഒളിച്ചിരിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു, ശ്രീ മാതാജി ഇത് നിഷേധിച്ചു, താൻ ഒരു ഉറച്ച ഹിന്ദുവാണെന്നും പിന്നെ എങ്ങനെയാണ് മുസ്ലിങ്ങൾക്ക് സംരക്ഷണം നൽകുതെന്നും ചോദിച്ചു. ആയുധങ്ങളുമായി വന്ന ആളുകൾ ആദ്യം അത് വിശ്വസിച്ചില്ല,പക്ഷേ ശ്രീ മാതാജിയുടെ നെറ്റിയിൽ വിവാഹിതയായ ഒരു ഹിന്ദു സ്ത്രീയുടെ പ്രതീകമായ വലിയ പൊട്ട് കണ്ടപ്പോൾ, അവർ അത് വിശ്വസിക്കുകയും തിരിച്ചു പോകുകയും ചെയ്തു…” [1]

shri-mataji-with-infant-daughter-kalpana

ഈ സംഭവം നടന്നത് ശ്രീ മാതാജി ഗർഭിണിയായിരുന്ന കാലത്താണ്. 1947 ഡിസംബറിൽ ശ്രീ മാതാജി തന്റെ ആദ്യ കുഞ്ഞ് കൽപ്പനയെ പ്രസവിച്ചു. 1948 ജനുവരി 29-ന് ശ്രീ മാതാജി മഹാത്മാഗാന്ധിയെ കാണുകയും, കൽപനയെ മടിയിലിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, "നേപ്പാളീ ( ശ്രീ മാതാജിക്ക് അദ്ദേഹം നൽകിയ വാത്സല്യമുള്ള വിളിപ്പേര്), നിങ്ങളെ കാണാൻ അതുപോലെ തന്നെയുണ്ട്, ഇപ്പോൾ നിങ്ങൾ ഒരു അമ്മയാണ്. എപ്പോഴാണ് നിങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്നത്? ഇപ്പോൾ നമ്മൾ സ്വതന്ത്രരാണ്, നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തായാലും അത് ആരംഭിക്കണം.” ദൗർഭാഗ്യകരമെന്നു പറയട്ടെ, അടുത്ത ദിവസം, സായാഹ്ന പ്രാർത്ഥനയിൽ പങ്കെടുത്ത മഹാത്മാഗാന്ധിയെ ഒരു രാഷ്ട്രീയ തീവ്രവാദി വധിക്കുകയും ചെയ്തു.

1948-ൽ ശ്രീ മാതാജിയുടെ ഭർത്താവ് ചന്ദ്രിക പ്രസാദ് ശ്രീവാസ്തവ (പിന്നീട് പരക്കെ സർ സി.പി. ശ്രീവാസ്‌തവ എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹത്തെ 1990-ൽ എലിസബത്ത് രാജ്ഞി "സർ" പദവി നൽകി ആദരിച്ചു). ഇന്ത്യൻ ഫോറിൻ സർവീസിലേക്കും, ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സർവീസിലേക്കും (ഐ.എ.എസ്.) തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ മാതാജിയുടെ ഉപദേശത്തെ തുടർന്ന് സർ സി.പി. ഐ.എ.എസിൽ ഭാരതത്തിൽ നിന്ന് കൊണ്ടുതന്നെ തന്റെ രാജ്യത്തെ സേവിക്കാമെന്ന് തീരുമാനിച്ചു. വിവാഹത്തിന്റെ തിരക്കേറിയ ഈ ആദ്യ വർഷങ്ങളിൽ, അവരുടെ രണ്ടാമത്തെ കുട്ടി സാധന, 1950 ഫെബ്രുവരിയിൽ ജനിച്ചു. ആ വർഷം മേയ് മാസത്തിൽ, സർ സി.പി. ലഖ്‌നൗവിലേക്ക് സിറ്റി മജിസ്‌ട്രേറ്റായി നിയമിക്കപ്പെടുകയും, കുടുംബവുമായി കുറച്ചുകാലം അവിടെ തുടർന്നു.

1951-ൽ, സർ സി.പി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായി മീററ്റിലേക്ക് പോയി. പരമ്പരാഗത ബ്രിട്ടീഷ് ശൈലിയിൽ നിർമ്മിച്ച ഔദ്യോഗിക ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത് ഒരു വലിയ വസ്തുവിലാണ്. രണ്ട് ചെറിയ കുട്ടികളുള്ള ശ്രീ മാതാജി ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്ത് കൃഷി ചെയ്തു. ഒരു കൃഷിക്കാരന്റെ സഹായത്തോടെ ഉപയോഗിക്കാതെ കിടന്ന ഭൂമി വളരെ ഫലഭൂയിഷ്ഠമായ പച്ചക്കറിത്തോട്ടമാക്കി മാറ്റി. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യുകയും മിച്ചമുള്ളത് വിറ്റ് അവരുടെ കുടുംബ വരുമാനം വർധിപ്പിക്കുകയും ചെയ്തു.

സർ എച്ച്. പി. സാൽവെ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ, അനുസ്മരിച്ചു, “ശ്രീ മാതാജിയുടെ കൃഷിത്തോട്ടം ജില്ലയിലെ ഏറ്റവും മികച്ച കൃഷിത്തോട്ടമായി കണക്കാക്കപ്പെട്ടിരുന്നു. വഴുതനങ്ങ വളരെ വലുതായതിനാൽ എനിക്ക് അവയെ ഉയർത്താൻ പോലും കഴിഞ്ഞിരുന്നില്ല. വളരെ വലിയ കോളിഫ്ളവർ, തക്കാളി, വെള്ളരി എന്നിവ അവിടെ ധാരാളം ഉണ്ടായിരുന്നു. ശ്രീ മാതാജി എങ്ങനെയാണ് ഇത്രയും വലിയ പച്ചക്കറികൾ ഉണ്ടാക്കിയത് എന്നത് അവിശ്വസനീയമായിരുന്നു.”

1953-ൽ, സർ സി.പി. ഡയറക്ടറേറ്റ്-ജനറൽ ഓഫ് ഷിപ്പിംഗിലേക്ക് (പിന്നീട് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) നിയമിക്കപ്പെട്ടപ്പോൾ, ശ്രീ മാതാജിയുടെ കുടുംബം മുംബൈയിലേക്ക് താമസം മാറി. മധ്യ ഭാരതത്തിലെ ചിന്ദ്വാരയ്ക്കടുത്തുള്ള പഞ്ചമടി എന്ന ഹിൽസ്റ്റേഷനിൽ ശ്രീ മാതാജിക്കും അവരുടെ കുട്ടികൾക്കും ഒപ്പം മനോഹരമായ വേനൽക്കാല അവധിക്കാലം ചിലവഴിച്ചതിനെ കുറിച്ച് സാൽവെ അനുസ്മരിച്ചു. അത് പുരാതന ഗുഹകളും, വെള്ളച്ചാട്ടങ്ങളും, വനങ്ങളും, വന്യജീവികളും നിറഞ്ഞ അതിമനോഹരമായ പ്രദേശമായിരുന്നു. അവരുടെ ബന്ധുക്കൾ താമസിച്ചിരുന്ന നാഗ്പൂരിലും ശ്രീ മാതാജിയും കുടുംബവും ധാരാളം സമയം ചെലവഴിച്ചു.

1955 ഫെബ്രുവരി 8-ആം തീയതി ഞായറാഴ്ച, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശ്രീ മാതാജിയുടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചയ്‌ക്കുശേഷം അദ്ദേഹത്തിന്റെ എല്ലാ മക്കളും അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടി. ശ്രീ മാതാജി തന്റെ പിതാവിനോട് അങ്ങേയറ്റം അടുപ്പം പുലർത്തിയിരുന്നു. പ്രത്യേകിച്ച് ആത്മീയ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് എപ്പോഴും വില കല്പിച്ചിരുന്നു. പിതാവ് ശ്രീ മാതാജിയോട് ചോദിച്ചതായി സഹോദരൻ അനുസ്മരിച്ചു, “നിങ്ങൾക്ക് ആ രീതി കണ്ടെത്താൻ കഴിഞ്ഞോ?”- ഈ ചോദ്യത്തിലൂടെ അദ്ദേഹം പരാമർശിച്ചത് കൂട്ടായ ആത്മ സാക്ഷാത്കാരം നൽകുന്ന രീതിയെയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, 1955 ഫെബ്രുവരി 17-ന് കുടുംബത്തിലെ എല്ലാവരുടേയും സാന്നിധ്യത്തിൽ ശ്രീ പ്രസാദ് സാൽവെ അന്തരിച്ചു. “ഒരു യാചകനെ കണ്ടാൽ പോലും കണ്ണുനീർ തുളുമ്പുന്ന ശ്രീ മാതാജി, വ്യക്തിപരമായി വലിയ നഷ്ടം നേരിട്ട ആ നിമിഷത്തിൽ തന്റെ എല്ലാ ധൈര്യവും സംഭരിച്ച് ശവസംസ്കാര ചടങ്ങുകൾ നടത്താൻ തുടങ്ങി” എന്ന് എച്ച്. പി. സാൽവേ അനുസ്മരിച്ചു.

"നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം, നിലനിൽപ്പിന്റെ ഏക ലക്ഷ്യം ജീവിതത്തിന്റെ അന്ധകാരത്തിൽ വെളിച്ചത്തിന്റെ ഒരു തിരികൊളുത്തുക എന്നതാണ്."
കാൾ ഗുസ്താവ് ജംഗ്

1. ^ എ ച്ച്. പി. സൽവേ,മൈ മെമോർസ്,ന്യൂ ഡൽഹി ലൈഫ് ഏറ്റെർണൽ ട്രസ്റ്റ് 2000.