ലോകത്തിനായി ഒരു നഗര പൊതു മന്ദിരം
കാക്സ്റ്റൺ ഹാൾ - ഹൃദയങ്ങൾ സംഗമിക്കുന്ന ഇടം

സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ നഗരത്തിലാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. ഇംഗ്ലണ്ടിൽ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ച വില്യം കാക്സ്റ്റണിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട, ഈ മന്ദിരം നിർമ്മിച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് - അറിവിലേക്കുള്ള പ്രവേശനത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു നവീകരണമായിരുന്നു അത്. ധീരവും നവീനവുമായ ആശയങ്ങൾ കൈമാറുകയും സമഗ്രപഠനം നടത്തുകയും ചെയ്ത സ്ഥലമെന്ന നിലയിൽ ഇതിന് ഒരു സുദീർഘമായ ചരിത്രമുണ്ട്.
തുടക്കത്തിൽ കാക്സ്റ്റൺ ഹാൾ സർക്കാരിന്റെ ഒരു കെട്ടിടമായിരുന്നു; ഒരു പൊതു മന്ദിരം.എന്നിരുന്നാലും, വർഷങ്ങളായി രണ്ടു ഭൂമികകളാണ് ഇതിന് ഉണ്ടായിരുന്നത് . ശബ്ദായമാനമായ മീറ്റിംഗുകൾ, റാലികൾ, നിവേദനങ്ങൾ, സാമൂഹിക പരിഷ്കരണത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങൾ കൂടാതെ ആഭ്യന്തര ചടങ്ങുകളും സെലിബ്രിറ്റി വിവാഹങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പല മഹത്തായ ആശയങ്ങളും പ്രസ്ഥാനങ്ങളും ആഗോള രംഗത്തേക്ക് ഒഴുകിയത് കാക്സ്റ്റൺ ഹാളിന്റെ കവാടങ്ങളിലൂടെയാണ്.സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനം, സമാജവാദം , അടിമത്തത്തിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്ന ആദ്യത്തെ പാൻ ആഫ്രിക്കൻ സമ്മേളനം എന്നിവ ഇവിടെ നടന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്.
അതിനാൽ, 1977-ൽ ശ്രീ മാതാജി നിർമ്മല ദേവി തന്റെ സന്ദേശം പൊതുരംഗത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ, തിരഞ്ഞെടുത്തത് ഈ ഹാളായിരുന്നു എന്നത് താൽപര്യമുളവാക്കുന്നതായിരുന്നു.1977 നും 1983ക്കും ഇടയിൽ ശ്രീ മാതാജി ഏകദേശം നൂറ് തവണ ഈ വേദിയെ അഭിസംബോധന ചെയ്തു, ഇത് വിശാലമായ പൊതുജന മധ്യത്തിലേക്കുള്ള ഗണ്യമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതായിരുന്നു..അവരുടെ വാക്കുകൾ എല്ലാവർക്കും വേണ്ടിയായിരുന്നു. ക്ഷണം മുക്തകൺഠവും, പ്രവേശനം സൗജന്യവുമായിരുന്നു.
1913-ലെ വേനൽക്കാലത്ത് മഹാനായ ബംഗാളി കവിയും, നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോർ ഇവിടെ വിജയകരമായ ഒരു പ്രഭാഷണ പരമ്പര നടത്തിയിരുന്നു. "പ്രപഞ്ചവുമായുള്ള വ്യക്തിയുടെ ബന്ധം", "ആത്മ ബോധം", "സ്നേഹത്തിൽ നിന്നുള്ള തിരിച്ചറിവ് ","സ്വന്തമായ പ്രശ്നങ്ങൾ" തുടങ്ങിയ തലക്കെട്ടുകളോടെയുള്ള പ്രഭാഷണങ്ങളായിരുന്നു അവ. എഴുപത് വർഷങ്ങൾക്ക് ശേഷം ശ്രീ മാതാജി നേരിട്ട് അഭിസംബോധന ചെയ്ത വിഷയങ്ങളായിരുന്നു ഇവയെല്ലാം. തന്റെ പൂർവ്വികരെപ്പോലെ, പാശ്ചാത്യരായ ആളുകൾക്ക് പൗരസ്ത്യരുടെ പൂർവ്വീകമായ ജ്ഞാനം പങ്കുവെച്ച് നൽകുന്നതിലൂടെ, അവരെ അവരുടെ ഉള്ളിലേയ്ക്കുള്ള ഒരു യാത്രയിലേക്ക് കൊണ്ടുപോകാനും ശ്രീമാതാജി ആഗ്രഹിച്ചു.
"സ്ഥലത്തിന്റെയും സമയത്തിന്റെയും നിയന്ത്രണം അവസാനിക്കുന്നതും, പരിണാമത്തിന്റെ കണ്ണികൾ ഐക്യത്തിൽ ലയിക്കുന്നതുമായ ഇടം നമ്മുടെ ഉള്ളിലുണ്ട്"
രബീന്ദ്രനാഥ ടാഗോർ

എങ്ങനെയായാലും, ശ്രീ മാതാജിയുടെ കാര്യത്തിൽ, അവരുടെ പ്രഭാഷണങ്ങളുടെയെല്ലാം ലക്ഷ്യം കേവലം ഒരു പുതിയ ആശയത്തിൽ മാത്രം പര്യവേക്ഷണം നടത്തുകയായിരുന്നില്ല, മറിച്ച് ആ ആശയം യാഥാർത്ഥ്യമാക്കി തീർക്കുക എന്നതായിരുന്നു. അവരുടെ പ്രഭാഷണങ്ങൾ എപ്പോഴും ഒരു അധിക പാരിതോഷികമായിരുന്നു. അവയുടെ എല്ലാം അവസാനഘട്ടത്തിൽ, അവർ എപ്പോഴും ആളുകൾക്ക് ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം വാഗ്ദാനം ചെയ്തിരുന്നു. ഗഹനമായ ധ്യാനത്തിൽ ലഭിക്കുന്ന ശാന്തിയിലേക്ക് നയിച്ചുകൊണ്ട്, പ്രേക്ഷകർക്ക് അവരുടെ സ്വന്തം ഗാംഭീര്യം അനുഭവിച്ചറിയാൻ അവസരം നൽകി. ടാഗോറിന്റെ, "ബ്രഹ്മ സാക്ഷാത്കാരം", ശ്രീ മാതാജിയുടെ "ശുദ്ധമായ ആത്മാവിന്റെ അനുഭവജ്ഞാനം" ആയി മാറി.
കാക്സ്റ്റൺ ഹാളിന്റെ പടികളിൽ നിന്ന് വീണ്ടും ഒരു വിപ്ലവ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. മനുഷ്യന്റെ ആത്മീയ തലത്തിലേക്കുള്ള ഉയർച്ചയുടെ അടിസ്ഥാനപരമായ ഒരു ചുവടുവെപ്പായിരുന്നു അത്. എന്നുമാത്രമല്ല പലർക്കും തങ്ങളിൽ അഗാധമായ പരിവർത്തനം ഉണ്ടായതായും അവരുടെ ലോകവീക്ഷണത്തിൽ തന്നെ ഒരു മാറ്റം അനുഭവപ്പെടുകയും ചെയ്തു.
ആറുവർഷക്കാലം കാക്‌സ്റ്റൺ ഹാളിൽ വെച്ച് എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുമായി ശ്രീ മാതാജി സംസാരിച്ചു. അവരുടെ എല്ലാ ആശങ്കകൾക്കും പരിഹാരം കാണാൻ സമയം കണ്ടെത്തി. “നമ്മൾ എന്തുകൊണ്ട് ഇവിടേയ്ക്ക് വന്നു?”, “എന്താണ് എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം?”, “എന്തിനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്?”, " ഒരു ദൈവം ഉണ്ടോ?" എന്നിങ്ങനെയുള്ള എല്ലാ വലിയ ചോദ്യങ്ങളെയും അവർ അഭിസംബോധന ചെയ്തു. അവസാനം അമ്മ എല്ലാവരെയും അവരുടെ ജീവാത്മാവുമായി ബന്ധിപ്പിക്കുന്നതിനായി ക്ഷണിച്ചു.
അങ്ങനെ യഥാർത്ഥത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ശ്രീ മാതാജിയുടെ പൊതുവായുള്ള പൗരോഹിത്യം ആരംഭിച്ചു. ഇവിടെ കാക്സ്റ്റൺ ഹാളിൽ, എല്ലാവർക്കും സ്വാഗതം അരുളിയിരുന്നു. എന്നു മാത്രമല്ല ഏറ്റവും മൂല്യവത്തായ കാര്യം സൗജന്യമായി നൽകപ്പെടുകയും ചെയ്തു. ആത്മസാക്ഷാത്കാരം ലഭിച്ച നിരവധി പേർ അവരുടെ കൂടെത്തന്നെ നിലകൊള്ളുകയും സത്യാന്വേഷികളായ പരമാവധി ആളുകളിലേക്ക് അവരുടെ ശ്രമങ്ങളെ എത്തിക്കാനായി അവരെ പിന്തുണക്കുകയും ചെയ്തു.
1980-ൽ ശ്രീ മാതാജി തന്നെ പറഞ്ഞിട്ടുണ്ട്, "(സത്യത്തിനായുള്ള) തിരച്ചിൽ തുടരുകയാണ്, (സത്യം വാഗ്ദാനം ചെയ്യുന്നപ്പെടുന്ന)നിരവധി കടകൾ തുറക്കപ്പെട്ടിട്ടുണ്ട് .ഇത് ഒരു കടയല്ല, ഇതൊരു ക്ഷേത്രമാണ്, എങ്കിലും അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിന്റെ മൂല്യം കുറവായിരിക്കും. നിങ്ങൾ ഏഴ് പർവ്വതങ്ങൾ താണ്ടി ചെന്നെത്തുന്ന ക്ഷേത്രത്തിന്റെ മാഹാത്മ്യം വലുതാണ്. എന്നാൽ വളരെ കുറച്ചുപേർക്ക് മാത്രമേ അവിടെ ജീവനോടെ ചെന്നെത്താൻ കഴിയൂ. അതുകൊണ്ട്, ജനങ്ങളോട് സംവദിക്കുവാൻ ഈ ക്ഷേത്രത്തിന് ലണ്ടനിലെ കാക്സ്റ്റൻ ഹാളിലേക്ക് വരേണ്ടി വന്നു”.
ശ്രീ മാതാജി തന്റെ ആത്മസാക്ഷാത്ക്കാരം എന്ന പാരിതോഷികം നൽകി എല്ലാവരെയും സ്വാഗതം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തു.
ടാഗോറിന്റെ വാക്കുകളിൽ, "എല്ലാ പരിമിതികളെയും സ്വാഗതം ചെയ്യുകയും അവയെ മറികടക്കുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്റെ പരമമായ ധർമ്മം". അപ്പോൾ ഹൃദയങ്ങളെയും ലോകത്തെയും ജ്ഞാനദീപ്തമാക്കാനായി ശ്രീ മാതാജിയുടെ സ്നേഹവും, സ്നേഹസമ്മാനവും, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്നു.
