സഹജയോഗ ധ്യാനം
ആന്തരിക നിശബ്ദതയുടെ ശക്തി
ധ്യാനം.. എന്ന വാക്ക് എണ്ണമറ്റ രീതിയിൽ നിർവചിക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്. അതായത്.. ഒരു വിഷയത്തെ കുറിച്ച് ആഴത്തിൽ പ്രതിഫലിപ്പിക്കുന്നത് മുതൽ.. കണ്ണുകൾ അടച്ച് ശ്രദ്ധ കേന്ദ്രീകരിച്ച്.. നിശബ്ദമായി ഇരിക്കുക എന്നുവരെ.
സഹജയോഗയിലെ ധ്യാനം ആത്മസാക്ഷാത്കാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്,അവിടെ സാധകന്റെ കുണ്ഡലിനി (സൂക്ഷ്മമായ ആന്തരിക ഊർജ്ജം) ഉണർന്ന് നിർവിചാര സമാധി (ചിന്തയില്ലാത്ത അവസ്ഥ) എന്നറിയപ്പെടുന്ന ഒരു സ്ഥിതിയിലേക്ക് എത്തിച്ചേരുന്നു. ഈ സ്ഥിതിയിൽ,മനസ്സ് .. ചിന്തകളുടെയും വികാരങ്ങളുടെയും പ്രക്ഷുബ്ധമായ തിരമാലകളിൽ നിന്ന് തികച്ചും സ്വതന്ത്രമാകുകയും,സമാധാനമുള്ള ഒരു തടാകം പോലെ ശാന്തമാകുകയും, ആത്മാവിന്റെ (ശാശ്വതവും സർവ്വവ്യാപിയുമായ ആത്മാവിന്റെ) ആനന്ദകരമായ ആന്തരിക സന്തോഷത്തിന്റെ പൂർണ്ണമായ അവബോധത്തിൽ [1a] നിലകൊള്ളുകയും ചെയ്യുന്നു.

കുണ്ഡലിനിയുടെ കൂടുതൽ ഇഴകൾ നട്ടെല്ലിലൂടെ ഉയർന്ന് ചക്രങ്ങളെയും (ഊർജ്ജ കേന്ദ്രങ്ങൾ) നാഡികളെയും പ്രബുദ്ധമാക്കുമ്പോൾ, സാധകർ അവരുടെ സൂക്ഷ്മ സംവിധാനത്തിന്റെ ആന്തരിക അവസ്ഥയെക്കുറിച്ച് അനായാസമായി ബോധവാന്മാരാകുകയും.. അവരുടെ ശരീരം മുഴുവൻ ഒരു തണുത്ത കാറ്റ് വലയം ചെയ്യുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു, പ്രത്യേകിച്ച് ഈ കുളിർകാറ്റ് തലയുടെ മൂർദ്ധാവിൽ നിന്നും, കൈപ്പത്തിയുടെ ഉൾഭാഗത്തു നിന്നുമാണ് അനുഭവപ്പെടുന്നത്. ഏതാനും ആഴ്ചകൾ കൊണ്ടുള്ള പരിശീലനത്തിലൂടെ, ഒരാൾക്ക് സ്വന്തം സൂക്ഷ്മ സംവിധാനത്തെക്കുറിച്ചുള്ള അവബോധം മാത്രമല്ല, ചുറ്റുപാടുമുള്ള ഊർജ്ജത്തിന്റെയും സമീപത്തുള്ള വ്യക്തികളുടെ സൂക്ഷ്മ വ്യവസ്ഥയുടെ അവസ്ഥയേയും മനസ്സിലാക്കാനുള്ള സംവേദനക്ഷമത വികസിപ്പിക്കാൻ പര്യാപ്തമാകുന്നു.
സഹജയോഗയിലെ ധ്യാന പരിശീലനം ലളിതമാണ്, അത് വീട്ടിലോ, ഓഫീസിലോ, തനിച്ചോ മറ്റുള്ളവരോടൊപ്പമോ ഇരുന്ന് ചെയ്യാവുന്നതാണ്. ആത്മീയ പ്രബുദ്ധത നേടുവാൻ സമൂഹത്തെ ഉപേക്ഷിക്കേണ്ട ആവശ്യമില്ല എന്ന് ശ്രീ മാതാജി ഊന്നി പറയുന്നുണ്ട്. എല്ലാവരിലുമുള്ള ഈ ഊർജ്ജത്തെ ഉണർത്തുക എന്നതാണ് ഈ ധ്യാനരീതിയുടെ അടിസ്ഥാനം. ഇത് തുടരണമോ അല്ലെങ്കിൽ പരിശീലിക്കണമോ എന്നത് ഓരോ വ്യക്തിയുടെയും തിരഞ്ഞെടുക്കാനുള്ള ഇഷ്ടത്തെ ആശ്രയിച്ചിരിക്കുന്നു. ശ്രദ്ധയും ഏകാഗ്രതയും കൊടുത്ത് ചെയ്യുന്ന ഏതൊരു വ്യായാമത്തിനെക്കാളും, ഇത് അനായാസമായ ധ്യാനത്തിന്റെ അനുഭവമാണ് നൽകുന്നത്.
ഓസ്‌ട്രേലിയയിലും ഇന്ത്യയിലും നടത്തിയ മെഡിക്കൽ പഠനങ്ങൾ കാണിക്കുന്നത് ശരീരത്തിന്റെ രോഗശാന്തി സംവിധാനങ്ങൾ സജീവമാകുന്നത് ആഴത്തിലുള്ള ശ്വസനം അല്ലെങ്കിൽ ദൃശ്യവൽക്കരണം പോലെ ശാന്തത നൽകുന്ന രീതി ഉപയോഗിക്കുമ്പോഴല്ല, മറിച്ച്.. ഒരാൾ നിർവിചാര സ്ഥിതിയിൽ ധ്യാനത്തിലിരിക്കുമ്പോഴാണ്.
സമ്മർദം കുറയ്ക്കുന്നതിന് ആശ്വസിപ്പിക്കുന്ന രീതികൾ ഫലപ്രദമാണെങ്കിലും,സഹജയോഗ ധ്യാനരീതി നൽകുന്നത് പോലെ അളവറ്റ വൈദ്യശാസ്ത്രപരമായ ഗുണങ്ങൾ അതിൽ ഉണ്ടാവുന്നില്ല. [1b]
സഹജയോഗ ധ്യാനത്തിന്റെ സവിശേഷമായ പ്രത്യേകത എന്തെന്നാൽ ആത്മീയതയിലേക്ക് പ്രത്യക്ഷമായി ഒരു മാർഗ്ഗം അത് വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ്. ഭക്ഷണ നിയന്ത്രണങ്ങളോ, മതപരമായ ബാധ്യതകളോ ഇല്ല. ഓരോ സാധകനും അവരവരുടെ പാത തിരഞ്ഞെടുക്കാനും, ഉദ്ധാനത്തിന്റെ പുരോഗതിയുടെ നിരക്ക്, ആത്മീയ ലക്ഷ്യങ്ങൾ എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഒരു വ്യക്തിയും ഏതെങ്കിലും ഒരു പാത സ്വീകരിക്കാൻ നിർബന്ധിതനല്ല, നിർദ്ദിഷ്ട പ്രവേശന കവാടവും ഇല്ല. സ്വയം രൂപകല്പന ചെയ്ത ഓരോ വഴിയും ഇഷ്ടാനുസരണം ക്രമീകരിക്കാൻ സാധിക്കുന്നവയാണ്. പ്രത്യേക ആവശ്യങ്ങൾക്കും, സാഹചര്യങ്ങൾക്കും അനുയോജ്യമായ ഒരു ജീവിത പ്രക്രിയയാണിത്. [2]
ലോകമെമ്പാടും സഹജ യോഗ ധ്യാന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, അവിടെ ശ്രീ മാതാജി പ്രയോഗത്തിൽ കൊണ്ടുവന്ന ധ്യാനരീതി സൗജന്യമായി പഠിപ്പിക്കുന്നു.
1a. ^ 1b. ^ ഡോ രമേഷ് മനോച, 'ധ്യാനം ചെയ്യുന്നത് കൊണ്ട് പ്രത്യേക ഫലം ഉണ്ടോ?: മാനസിക നിശബ്ദതയെ അടിസ്ഥാനമാക്കിയുള്ള നിർവചനത്തിന്റെ ചിട്ടയായ പരീക്ഷണാത്മക വിലയിരുത്തൽ' (NSW യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ 2008); ഇ-ബുക്ക്:ഹാച്ചെറ്റ് ഓസ്‌ട്രേലിയ 2013 ൽ പ്രസിദ്ധീകരിച്ച 'സൈലൻസ് യുവർ മൈൻഡ്' ; ഗവേഷണ ധ്യാനം - ധ്യാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
2.^ നിഗൽ ടി. പവൽ,'സഹജയോഗ മെഡിറ്റേഷൻ' ലണ്ടൻ: കോർവാലിസ് പബ്ലിഷിംഗ് 2005.