ആത്മസാക്ഷാത്കാരവും ധ്യാനവും

ആത്മസാക്ഷാത്കാരവും ധ്യാനവും

ജീവാത്മാവിന്റെ അതുല്യവും നൈസർഗ്ഗികവുമായ സാക്ഷാത്കാരം

യാഥാർത്ഥ്യവുമായുള്ള ആദ്യത്തെ പ്രത്യക്ഷാനുഭവമാണ് ആത്മസാക്ഷാത്കാരം

സഹജ യോഗ ധ്യാനത്തിന്റെ അടിസ്ഥാനമായി ശ്രീ മാതാജി കുണ്ഡലിനിയെ (സംസ്കൃതത്തിൽ ചുരുണ്ടത് എന്നർത്ഥം) ഉണർത്തുന്ന പുരാതന പ്രക്രിയയാണ് ഉപയോഗിച്ചത്. മുൻകാലങ്ങളിൽ, ഈ ആന്തരിക ആത്മീയ ഊർജ്ജത്തിന്റെ ഉണർവ് നേടാൻ ശുദ്ധീകരണത്തിന്റെയും സന്യാസത്തിന്റെയും കഠിനമായ പരിശ്രമങ്ങൾ നിർബന്ധമായിരുന്നു, അതും കുറച്ച് ആളുകൾക്ക് മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

മുൻകൂർ ജ്ഞാനമോ ആത്മീയ പരിശീലനമോ ആവശ്യമില്ലാതെ ഈ ഊർജ്ജത്തെ മൊത്തമായി ഉണർത്താനുള്ള സ്വതസിദ്ധമായ ഒരു രീതി ശ്രീ മാതാജി കണ്ടെത്തി. ഈ ഉണർവിന് നൽകിയ പേര് ആത്മസാക്ഷാത്കാരം എന്നാണ്. ഈ സ്വതസിദ്ധമായ ഉണർവ്വിനെ മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പകർന്നു കൊടുക്കാൻ പണം നൽകുകയോ, ഡിപ്ലോമക്ക് പഠിക്കുകയോ, ശിഷ്യത്വം സ്വീകരിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഈ പ്രതിഭാസത്തെ ഒരാൾ ജ്വലിപ്പിച്ച മെഴുകുതിരി കൊണ്ട് മറ്റൊരു മെഴുകുതിരി ജ്വലിപ്പിക്കുന്ന ക്രിയയുമായി താരതമ്യം ചെയ്യാവുന്നതാണ്.

ആത്മസാക്ഷാത്കാരമില്ലാത്ത ധ്യാനം എഞ്ചിൻ സ്റ്റാർട്ട് ചെയ്യാതെ കാർ ഓടിക്കാൻ ശ്രമിക്കുന്നതുപോലെയാണെന്ന് ശ്രീ മാതാജി വിശദീകരിക്കുന്നു. സ്റ്റിയറിംഗ് വീൽ തിരിക്കുകയോ ആക്‌സിലറേറ്റർ അമർത്തുകയോ ചെയ്താൽ നിങ്ങൾ എവിടെയും എത്താൻ പോകുന്നില്ല. അതുപോലെ, കുണ്ഡലിനിയുടെ ഉണർവിലൂടെ ഒരാളുടെ യഥാർത്ഥ സ്വത്വം തിരിച്ചറിയുകയും സ്വന്തം ആന്തരിക സൂക്ഷ്മ വ്യവസ്ഥയുടെ അവസ്ഥ അനുഭവിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ധ്യാനാവസ്ഥ നേടാനുള്ള എല്ലാ ശ്രമങ്ങളും വ്യർത്ഥമാണ്.

ആത്മസാക്ഷാത്കാരത്തിലൂടെ,നട്ടെല്ലിന്റെ അടിഭാഗത്ത് ഓരോ മനുഷ്യനിലും വസിക്കുന്ന കുണ്ഡലിനിയെ (സൂക്ഷ്മമായ ആന്തരിക ഊർജ്ജം) കുറിച്ച് ഒരാൾ ബോധവാനാകുന്നു. ഈ സൂക്ഷ്മമായ ഊർജ്ജം പല പുരാതന സംസ്കാരങ്ങളിലും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. പുരാതന ഗ്രീക്കുകാർ "ഓസ് സാക്രം"("വിശുദ്ധ അസ്ഥി" എന്നർത്ഥം) എന്ന പ്രത്യേക പേരാണ് അസ്ഥിക്ക് നൽകിയത്,ഇത് ഈ വിശുദ്ധ ഊർജ്ജത്തെ സൂക്ഷിക്കുന്ന പാത്രമായി വർത്തിക്കുന്നു. ഉണർത്തപ്പെടുമ്പോൾ,ഈ പരോപകാരിയായ,പരിപോഷിപ്പിക്കുന്ന ഊർജ്ജം സൂക്ഷ്മമായ സംവിധാനത്തിലൂടെ ഉയർന്നു പൊങ്ങി,നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന യഥാർത്ഥ ആന്തരികതയെ (ആത്മാവ്) സ്പർശിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു, പിന്നെ ശിരസ്സിനു മുകളിലുള്ള മൂർദ്ധാവിലൂടെ പുറത്തേക്കു ഒഴുകുന്നു. അതുവഴി നമ്മുടെ ശ്രദ്ധ ഒരു ഉദാത്തമായ തലത്തിലേക്ക് ഉയരുന്നു. നിശബ്ദ ധ്യാനത്തിന്റെ അനായാസമായ അവസ്ഥ.

കുണ്ഡലിനി ഊർജ്ജം തലയ്ക്ക് മുകളിലും കൈപ്പത്തികളിലും ഒരു കുളിർകാറ്റായി പ്രകടമാകുന്നത് യഥാർത്ഥത്തിൽ അനുഭവിക്കാൻ കഴിയുന്നു. സഹജയോഗ ധ്യാന പരിശീലനത്തിലൂടെ നിലനിൽക്കുന്ന ഈ ഊർജ്ജം നമ്മുടെ ഘടനയിൽ രോഗശമനവും സന്തുലിതവുമായ സ്വാധീനവും ചെലുത്തുന്നു. ചിന്താശൂന്യമായ അവബോധം [1], എന്നറിയപ്പെടുന്ന ഒരു പുനഃസ്ഥാപിക്കുന്ന അവസ്ഥയും ഇത് സുഗമമാക്കുന്നു,അതിൽ മനസ്സ് നിശ്ചലമാണെങ്കിലും ഒരാൾക്ക് തന്റെ ചുറ്റുപാടുകളെക്കുറിച്ച് പൂർണ്ണമായി അറിയാൻ കഴിയുന്നു. മറ്റ് പ്രാചീന യോഗ ധ്യാന പരിശീലനങ്ങളിൽ നിന്ന് സഹജ യോഗ ധ്യാനത്തെ വേർതിരിക്കുന്നത് എന്തെന്നാൽ, ഇതിനു മുമ്പ് ആത്മസാക്ഷാത്കാരം നേടുന്നതിനായി അന്വേഷകർക്ക് ഒരു ഗുരുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ അവരുടെ സൂക്ഷ്മമായ സംവിധാനത്തെ ശുദ്ധീകരിക്കാൻ വർഷങ്ങളോളം ചെലവഴിക്കേണ്ടി വന്നിരുന്നു എന്നതാണ്. ശ്രീ മാതാജി ഈ വ്യവസ്ഥയെ മുഴുവനായി മാറ്റുകയും,ആദ്യപടിയായി നമ്മുടെ സൂക്ഷ്മ വ്യവസ്ഥയെ പ്രകാശിപ്പിക്കുകയും പിന്നീട് ധ്യാനത്തിൽ മുഴുകുന്ന അനുഭവം നൽകുകയും ചെയ്തു.

ലളിതവും അനായാസകരവുമായതു കാരണം,സഹജയോഗയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ആത്മസാക്ഷാത്കാരം ലഭിച്ചിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളിലെ ധ്യാന കേന്ദ്രങ്ങൾ ഈ ലളിതവും എന്നാൽ ഫലപ്രദവുമായ ധ്യാനത്തിന്റെ പരിശീലകർക്ക് തുടർച്ചയായി സൗജന്യ കോഴ്‌സുകളും സാമൂഹിക പിന്തുണയും കൊടുക്കുന്നു. സംസ്ഥാപിത സംഘങ്ങൾ,വിദ്യാലയങ്ങൾ,ആശുപത്രികൾ, ജയിലുകൾ, തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ ഇത് സാകാരാത്മകമായ ഫലങ്ങളോടെ അവതരിപ്പിച്ചു പോരുന്നു.

സഹജയോഗയിലൂടെ ലഭ്യമാകുന്ന ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം,ദിവസേന കുറച്ചു സമയം ധ്യാനത്തിനായി നീക്കിവെക്കുന്നവർക്ക് പോലും കാര്യമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു. അത് സമ്മർദ്ദവും ക്ഷീണവും കുറയ്ക്കുന്നു,വൈകാരിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നു,ഏറ്റവും പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽപ്പോലും ഒരാൾക്ക് സമാധാനവും സംതൃപ്തിയും നൽകുന്നു.

വാസ്തവത്തിൽ,ആത്മസാക്ഷാത്കാരാനുഭവം വളരെ ലളിതവും അനായാസവുമാണ്,ഒരാൾക്ക് ഓൺലൈൻ ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തം വീട്ടിലെയോ ഓഫീസിലെയോ സുഖസൗകര്യങ്ങളിൽ ഇരുന്നു കൊണ്ട് പോലും അത് സ്വീകരിക്കാനാകും.

ആത്മസാക്ഷാത്കാരം അനുഭവിക്കാനും സമാധാനം, ഐക്യം, സന്തുലിതത്വം എന്നിവയുടെ ഒരു പുതിയ ആന്തരിക യാത്ര ആരംഭിക്കാനും ഞങ്ങൾ വായനക്കാരെ ക്ഷണിക്കുന്നു.

ഇപ്പോൾ പലരും എന്നോട് ചോദിക്കുന്ന ചോദ്യം ഇതാണ്, “അമ്മേ, ഇത് വളരെ ലളിതമാണെങ്കിൽ, മുമ്പ് ബുദ്ധിമുട്ടിയിരുന്നത് എന്തുകൊണ്ടാണ്?” ഇത് ഒരിക്കലും ബുദ്ധിമുട്ടുള്ളതായിരുന്നില്ല. ശിവാജി മഹാരാജാവിന്റെ ഗുരു രാംദാസ് സ്വാമിയോട് ഒരാൾ ചോദിച്ചു, “കുണ്ഡലിനിയെ ഉണർത്താൻ എത്ര സമയമെടുക്കും?” അദ്ദേഹം മറുപടി പറഞ്ഞു, “തത് ക്ഷൺ,” അതായത് ആ ഒരു നിമിഷം. എന്നാൽ കൊടുക്കാൻ ഒരു വ്യക്തി ഉണ്ടായിരിക്കണം, കൂടാതെ സ്വീകരിക്കാനും ഒരു വ്യക്തി ഉണ്ടായിരിക്കണം. മുമ്പ്, നൽകാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നിരിക്കാം, എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമേ സ്വീകരിക്കാനുണ്ടായിരുന്നുള്ളൂ. ഇന്ന്, സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകളുണ്ട്; അതുകൊണ്ടാണ് ഇത് എളുപ്പമായത്.

1.^ ഡോ രമേഷ് മനോച, 'ധ്യാനം ചെയ്യുന്നത് കൊണ്ട് പ്രത്യേക ഫലം ഉണ്ടോ?: മാനസിക നിശബ്ദതയെ അടിസ്ഥാനമാക്കിയുള്ള നിർവചനത്തിന്റെ ചിട്ടയായ പരീക്ഷണാത്മക വിലയിരുത്തൽ' (NSW യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ 2008); ഇ-ബുക്ക്: ഹാച്ചെറ്റ് ഓസ്‌ട്രേലിയ 2013-ൽ പ്രസിദ്ധീകരിച്ച 'സൈലൻസ് യുവർ മൈൻഡ്'.

Explore this section