നമ്മുടെ ആത്മീയ ഉദ്ധാനം

നമ്മുടെ ആത്മീയ ഉദ്ധാനം

1991 ഫെബ്രുവരി 16-ന് ഇറ്റലിയിലെ ചിയാൻസിയാനോ ടെർമെയിലെ ഒരു സെമിനാറിൽ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണി

ഈ ആത്മസാക്ഷാത്കാരവും, ആത്മാവിനെ അറിയുന്നതും എങ്ങനെയാണെന്നും, അതിനു വേണ്ടി ആളുകൾ എങ്ങനെയൊക്കെ പീഡിപ്പിക്കപ്പെട്ടു എന്നതിനെ കുറിച്ചും, ഞാൻ ചില പുസ്തകങ്ങൾ വായിക്കുകയായിരുന്നു.

ശരീരം സുഖസൗകര്യങ്ങൾ ആഗ്രഹിക്കുന്നതിനാൽ, ഒന്നാമതായി ശരീരത്തെ ഏതുവിധേനയെയും നിരാകരിക്കാനും, നിഷേധിക്കാനും, ശിക്ഷിക്കുവാനുമാണ് അവരോട് ആവശ്യപ്പെടുന്നത്. തുടർന്ന് മെത്തക്കു പകരം പരവതാനിയിൽ ഉറങ്ങാൻ ശ്രമിക്കുക എന്ന് പറഞ്ഞു. അതും പോരാഞ്ഞ്, പിന്നെ പരവതാനിയിൽ നിന്ന് ഒരു പായയിലേക്കു മാറണം, അതിൽ നിന്ന്, ചിലപ്പോൾ നിങ്ങൾ തറയിലേക്ക് കിടക്കണം. തറയിൽ കിടന്നിട്ടും ശരിയാവുന്നില്ലെങ്കിൽ നിങ്ങൾ ഒരു പാറയിൽ കിടന്നുറങ്ങാൻ തുടങ്ങണം. പക്ഷേ ഹിമാലയം അപ്പോഴും വളരെ അകലെയാണ്, കാരണം ശ്രീ ശിവൻ വസിക്കുന്നത് കൈലാസത്തിലാണ്. അതുകൊണ്ട് നിങ്ങൾ ഹിമാലയത്തിൽ പോയി മഞ്ഞുകട്ടയിൽ കിടക്കുവാൻ പറയുന്നു. ഇതായിരുന്നു ഏറ്റവും കുറഞ്ഞ ആവശ്യം.

പിന്നെ പറയുന്നത്, നിങ്ങൾ നല്ലഭക്ഷണത്തോട് പ്രിയമുള്ളവരാണെങ്കിൽ, വിഭവസമൃദ്ധമായ ഭക്ഷണം ഒരുപാട് കഴിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, ശരി.. അപ്പോൾ നിങ്ങൾ ആരംഭിക്കുന്നത് ഇഷ്ടമുള്ളതെല്ലാം നിരാകരിച്ചു കൊണ്ടായിരിക്കണം, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം നിരാകരിക്കണം, ഉദാഹരണത്തിന് ഇറ്റലിക്കാർക്ക് പാസ്ത കഴിക്കാതിരിക്കാൻ കഴിയില്ല. അപ്പോൾ അവർ അത് നിരാകരിക്കണം... എന്നാൽ അതൊന്നും മതിയാവില്ല.. അതിനു ശേഷം വളരെ കയ്പ്പുള്ള സാധനങ്ങൾ കഴിക്കാൻ തരുന്നു. അത് സെൻ സമ്പ്രദായത്തിലുള്ളതാണ്. ക്വിനൈൻ പോലെ 108 ഇരട്ടി കയപ്പേറിയ കഷായം പോലെ ഉള്ളതായിരിക്കും. ഒന്നുകിൽ തികച്ചും കയപ്പേറിയതായിരിക്കും, അല്ലെങ്കിൽ തികഞ്ഞ മധുരമുള്ളതായിരിക്കും. അവിടെ അത് നിങ്ങളുടെ നാവിനെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ്.

shri-mataji-explaining

അപ്പോഴും വയറിന്റെ പ്രശ്നം അവിടെയുണ്ട്. നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ, ഒരു ദിവസം മാത്രം ഉപവസിക്കുന്നത് പര്യാപ്തമാവില്ല. അങ്ങനെയാണെങ്കിൽ ഏഴു ദിവസം ഉപവസിക്കുക. പിന്നെ നാല്പതു ദിവസം ഉപവസിക്കുക. ഞാൻ ഉദ്ദേശിച്ചത്, ഒരു മാസത്തിൽ മുപ്പത് ദിവസമേ ഉള്ളൂ, അപ്പോൾ നാല്പതു ദിവസം ഉപവസിക്കുക എന്നതിനർത്ഥം നിങ്ങളുടെ കാര്യം ഏകദേശം കഴിഞ്ഞു എന്നാണ്. നിർവ്വാണത്തിനുവേണ്ടി തപസ്സു ചെയ്യേണ്ടിവരുന്നത് അങ്ങനെയാണ്. അങ്ങനെയാണെങ്കിൽ, നിങ്ങൾക്ക് നിർവ്വാണം ലഭിക്കും, കാരണം അപ്പോഴേക്കും നിങ്ങളുടെ കാര്യം കഴിഞ്ഞിട്ടുണ്ടാവും.. നിങ്ങൾ മരിച്ചു കാണും. നിങ്ങളിൽ പിന്നെ ഒന്നും തന്നെ അവശേഷിക്കുകയില്ല. അസ്ഥികളല്ലാതെ മറ്റൊന്നും കാണില്ല, അനന്തരം ഈ അസ്ഥികൾക്ക് നിർവ്വാണം ലഭിക്കും, ആത്യന്തികമായി നിങ്ങളെ മരണം പിന്തുടരുകയും നിങ്ങളുടെ കാര്യം കഴിയുകയും ചെയ്യുന്നു. അപ്പോൾ നിർവ്വാണമുണ്ടാവും, അതിൽ ഒരു സംശയവുമില്ല.

അത് കഴിയുമ്പോൾ നിങ്ങൾ വീട്ടിൽ താമസിക്കുന്നില്ല, കാരണം വീട് സുഖം നൽകുന്നതാണ്. നിങ്ങൾ ഭാര്യയെ ഉപേക്ഷിക്കുന്നു, കുട്ടികളെ ഉപേക്ഷിക്കുന്നു, എല്ലാവരെയും ഉപേക്ഷിക്കുന്നു. അതിനുശേഷം ഒരു തുണി പോലെ എന്തെങ്കിലും മാത്രം ചുറ്റിയുടുത്ത്, ആളുകളോട് ഭിക്ഷ ചോദിക്കുന്നു. ഈ ഒരു കഷ്ണം തുണിയും ഇപ്പോൾ പ്രശ്നമാണ്, കാരണം നിങ്ങൾക്ക് ആ.. തുണിയോട് ഒരു ബന്ധനം ഉണ്ടാകുന്നു. ആരും കാണാതിരിക്കാൻ നിങ്ങൾ ഹിമാലയത്തിലേക്ക് പോകുന്നു, അവിടെ വെച്ച് നിങ്ങൾ ഇട്ടിരിക്കുന്ന വസ്ത്രവും മാറ്റുന്നു. ആ തണുപ്പത്ത്...... തണുത്ത് വിറച്ച് അവിടെ വസിക്കുന്നു. അപ്പോൾ നിങ്ങൾക്ക് നിർവ്വാണം ലഭിക്കും. ആ അവസ്ഥയിൽ നിങ്ങൾക്ക് നിർവാണം ലഭിക്കുന്നു. തുടക്കത്തിൽ ഇത്തരം നിബന്ധനകളെല്ലാം വയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. നിങ്ങൾ നിങ്ങളുടെ ശരീരത്തോട് പറയുക.. "ഇല്ല, ഒന്നും ചെയ്യുന്നില്ല. നീ നിന്റെ നിർവ്വാണത്തിനായി നന്നായി പ്രവർത്തിക്കുക." എന്ന്.

നിങ്ങളുടെ ഹൃദയത്തിൽ നിന്നു ആരംഭിച്ച്,അത് നിങ്ങളുടെ മസ്തിഷ്ക്കത്തിലേക്ക് പോകുന്നു, ആനന്ദത്തിൽ നിന്ന് ഉണ്ടാവുന്ന ആ അനുഭവം നിങ്ങളുടെ മസ്തിഷ്കത്തെ മൂടുന്നു..

അതുകൊണ്ട് നിങ്ങളുടെ മസ്തിഷ്കത്തിന് കൂടുതലായി അത് നിഷേധിക്കാനാവില്ല.അതിനാൽ പ്രത്യേകിച്ച് പാശ്ചാത്യ ജനതയ്ക്ക് ഇത് പ്രധാനമാണ്.ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഹൃദയം തുറക്കുക,കാരണം ഇത് നിങ്ങളുടെ മസ്തിഷ്ക്കത്തിൽ നിന്നല്ല, നിങ്ങളുടെ ഹൃദയത്തിൽ നിന്നാണ് അത് ആരംഭിക്കുന്നത്.

രണ്ടാമത്തെ കാര്യം,നിങ്ങളെ ഇന്ദ്രിയങ്ങളിലേക്കും,സന്തോഷം നൽകുന്ന കാര്യങ്ങളിലേക്കും കൊണ്ടുപോകുന്ന.. നിങ്ങളുടെ മനസ്സിനെ ഇല്ലാതാക്കുക എന്നതാണ്. നിങ്ങൾ എന്തെങ്കിലും കാര്യം വളരെയധികം ആഗ്രഹിക്കുന്നുവെന്ന് കരുതുക,അപ്പോൾ അതിനെ നിഷേധിക്കുക, അത് വേണ്ടെന്ന് വെയ്ക്കുക.നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്ന എന്തിനോടും,"ഇല്ല, ഇല്ല, ഇല്ല" എന്ന് പറയുക.അതിന് സംസ്കൃതത്തിൽ ഉള്ള ശ്ലോകം ഇങ്ങനെയാണ്,"യ നേതി നേതി വചനേ, നിഗമോ വാച" - "നേതി, നേതി" എന്ന് നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കണം: "ഇല്ല, ഇതല്ല, ഇതല്ല, ഇതല്ല, ഇതല്ല."

അതിനുശേഷം മാത്രം.. നിങ്ങൾക്ക് ചർച്ച ചെയ്യാം - നിർവ്വാണത്തെ കുറിച്ച്,അതേ- ചർച്ചകൾ മാത്രം ചെയ്യാം.അതിന് മുൻപ് നിങ്ങൾക്ക് നിർവ്വാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും യോഗ്യതയില്ല. ഈ പുസ്തകം വായിച്ചപ്പോൾ ഞാൻ പറഞ്ഞു, "ബാബ,ഞാൻ ഇത് ഉപേക്ഷിക്കുകയാണ്. എനിക്കിത് വിചാരിച്ചതിലും കൂടുതലാണ്.”

എന്നാൽ സഹജയോഗയിൽ ഇത് മറ്റൊരു രീതിയിലാണ് ചെയ്യുന്നത്, ആദ്യം കെട്ടിടത്തിന്റെ ഗോപുരമാണ് പണിയുന്നത്, പിന്നീടാണ് അടിത്തറ പണിയുന്നത്. സഹജയോഗയിൽ നിങ്ങളുടെ സഹസ്രാരം തുറക്കുക എന്നതാണ് ആദ്യം കൈവരിക്കേണ്ടത്.

പിന്നെ സഹസ്രാരത്തിന്റെ പ്രകാശത്തിൽ നിങ്ങൾ സ്വയം നിരീക്ഷിക്കുകയും, നിങ്ങളെ സ്വയം കാണുകയും ചെയ്യുന്നു. പതുക്കെ പതുക്കെ ആത്മപരിശോധന ചെയ്യുന്നത് ഒരു നല്ല കാര്യമാണ്, എന്നാൽ അത് അറിയേണ്ടത് ചൈതന്യ സ്പന്ദങ്ങളിലൂടെയാണ്: എനിക്ക് ഇതിന്റെ ആവശ്യമെന്താണ്? എന്തുകൊണ്ടാണ് എന്റെ ശ്രദ്ധ സുഖം അന്വേഷിച്ച് പോകുന്നത്? എനിക്ക് ഏറ്റവും ഉന്നതമായതാണ് നേടേണ്ടത് എന്നിരിക്കെ, എന്തുകൊണ്ടാണ് എന്റെ ശ്രദ്ധ ഭക്ഷണത്തിലേക്കും, എന്റെ കുടുംബത്തിലേക്കും, കുട്ടികളിലേക്കും പോകുന്നത്? അതുകൊണ്ട് നിങ്ങൾ സ്വയം ആത്മപരിശോധന ചെയ്യാൻ തുടങ്ങുന്നു. അപ്പോൾ ചൈതന്യ സ്പന്ദനങ്ങളിലൂടെ നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാകുന്നു. അപ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് എന്താണ് കുഴപ്പമുള്ളതെന്ന് കാണാൻ ശ്രമിക്കുകയില്ല, നിങ്ങൾ സ്വയം കാണാൻ ശ്രമിക്കും; കാരണം നിങ്ങൾക്ക് നേടാനുള്ളത് നിങ്ങളുടെ സ്വന്തം ആത്മീയ ഉന്നതിയാണ്.

പണ്ട് ഈ കാര്യങ്ങളൊക്കെ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. നിർവ്വാണത്തിന്റെ പാത ആരംഭിക്കുന്ന ഒരു വ്യക്തി, ഏകാന്തതയിലേക്ക് പോകും... അതായത് ഏകാന്തമായ സ്ഥലങ്ങളിലേക്ക് പോയി, ആളുകളിൽ നിന്ന് അകന്ന് കഴിയുകയും, അവരെ ഒഴിവാക്കുകയും, അവരിൽ നിന്ന് എല്ലാ വിധത്തിലും അകന്നു നിൽക്കുകയും ചെയ്യുന്നു. അനന്തരം തനിക്കു മാത്രമായി ആത്മീയ ഉന്നതിയും ആത്മസാക്ഷാത്കാരവും, നേടിയെടുക്കുന്നു. അത് മറ്റുള്ളവർക്ക് വേണ്ടിയായിരുന്നില്ല.

പിന്നെ ഈ മാന്യൻ തന്നിലേക്ക് മാത്രം ഒതുങ്ങി കൂടുന്നു, അയാൾ ആരോടും സംസാരിക്കുകയില്ല, ആരെയും കാണുകയില്ല, ഏതെങ്കിലും ഒറ്റപ്പെട്ട മലമുകളിൽ പോയി ഏകാന്തതയിൽ ഇരിക്കും. ആരെങ്കിലും അയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ അയാൾ കല്ലെറിയുകയോ അസുഖകരമായ കാര്യങ്ങൾ പറയുകയോ ചെയ്യുമെന്നല്ലാതെ, അയാൾ ഒരിക്കലും കാണാൻ കൂട്ടാക്കുകയില്ല.

എന്നാൽ സഹജയോഗ അങ്ങനെയല്ല. സഹജയോഗ എന്നത് മൊത്തത്തിലുള്ള ഉദ്ധാനമാണ്. ഇത്തരത്തിലുള്ള ഒറ്റതിരിഞ്ഞ നേട്ടങ്ങൾ ആളുകളെ എവിടേയും എത്തിച്ചിട്ടില്ല. മഹാത്മാക്കൾ തീർച്ചയായും ആളുകളോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു, അവരോട് ആത്മസാക്ഷാത്കാരത്തെ കുറിച്ചും, ദൈവത്തെ കുറിച്ചും, നീതിയെ കുറിച്ചും, മൂല്യ വ്യവസ്ഥയെ കുറിച്ചും പറയാൻ ശ്രമിച്ചിരുന്നു; പക്ഷേ അവരേയും അസാധാരണ വ്യക്തികളായി കണക്കാക്കി, പീഡിപ്പിക്കുകയും, വിഷമിക്കുകയും ചെയ്തു.

Jakubov rebrík duchovného vzostupu od Williama Blakea
Jakubov rebrík duchovného vzostupu od Williama Blakea

സഹജയോഗ വരുന്നതുവരെ, വ്യക്തിഗതമായ ഉദ്ധാനത്തിന്റെ തലത്തിൽ, ആളുകളോടു അതിനെ കുറിച്ച് സംസാരിക്കുകയും പറയുകയും ചെയ്യുകയല്ലാതെ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവർക്ക് കഴിയുമായിരുന്നില്ല. അതിനെക്കുറിച്ച് സംസാരിക്കുന്നത് പോലും നിരോധിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ ആരും ഇതിനെക്കുറിച്ച് പൊതുജനമധ്യത്തിൽ സംസാരിച്ചിരുന്നില്ല. ഇതെല്ലാം സംസ്‌കൃത ഭാഷയിലായിരുന്നു, വളരെ ബുദ്ധിമുട്ടുള്ള സംസ്‌കൃത പുസ്‌തകങ്ങൾ വളരെ കുറച്ച് അന്വേഷകർക്ക് മാത്രമാണ് ലഭ്യമായിരുന്നത്. വളരെ കുറച്ച്, എണ്ണത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് അത് വിശദീകരിച്ചു കൊടുത്തിരുന്നത്. എന്നാൽ ആത്മസാക്ഷാത്കാരം നൽകുന്നത് നിഷേധിക്കപ്പെട്ടിരുന്നു.

ആ സമയത്ത് ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എല്ലാം വ്യക്തിഗതമായ ഉയർച്ചയും, വ്യക്തിഗതമായ പ്രവർത്തനങ്ങളും മാത്രമായിരുന്നു. അങ്ങനെയുള്ള ശിഷ്യനെ മറ്റുള്ളവരിൽ നിന്ന് അകറ്റി, രഹസ്യമായി പാർപ്പിക്കുകയും, അവനിലൂടെ അത് പ്രാവർത്തീകമാക്കുകയും ചെയ്തു. എന്നു മാത്രമല്ല, അവന് കേവലം അതിനെക്കുറിച്ച് പാടാം, കവിതകളെഴുതാം, അതിനെക്കുറിച്ച് സംസാരിക്കാം, അവന്റെ ആനന്ദം എന്താണെന്ന് പറഞ്ഞറിയിക്കുകയും ചെയ്യാം, എന്നാൽ ആർക്കും ആത്മസാക്ഷാത്കാരം നൽകാൻ അയാൾക്ക് അവകാശം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല ആത്മസാക്ഷാത്കാരം എങ്ങനെയാണ് നൽകേണ്ടതെന്നും അയാൾക്ക് അറിയില്ലായിരുന്നു.

അതുകൊണ്ട് നിങ്ങളിപ്പോൾ എത്ര ദൂരം മുന്നോട്ട് പോയി എന്ന് കാണുക. നിങ്ങൾക്കിപ്പോൾ അധികമൊന്നും ത്യജിക്കാതെ തന്നെ അത്മസാക്ഷാത്കാരം ലഭിച്ചു. കൂടുതൽ വിപുലമായ തോതിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയും, മറ്റുള്ളവർക്ക് ആത്മസാക്ഷാത്കാരം നൽകാൻ നിങ്ങൾക്ക് കഴിയും. സഹജയോഗയെ കുറിച്ചുള്ള എല്ലാ സൂക്ഷ്മമായ അറിവുകളും നിങ്ങൾക്കുണ്ട്....

ഉദാഹരണമായി, ശങ്കരാചാര്യർ വിവേകചൂഡാമണി എന്ന മനോഹരമായ ഒരു ഗ്രന്ഥം രചിച്ചു, അതിൽ അദ്ദേഹം ദൈവം എന്താണെന്നും, തുടങ്ങി.. അതും ഇതും എല്ലാം വിവരിച്ചിട്ടുണ്ട്. "വിവേകം" എന്നത് അന്തഃകരണമാണന്നും, കൂടെ പ്രജ്ഞയെ കുറിച്ചും, എല്ലാമെല്ലാം അദ്ദേഹം വളരെയധികം വിവരിച്ചിട്ടുണ്ട്. എന്നാൽ ശർമ്മ എന്നു പറയുന്ന മോശപ്പെട്ട ഒരാൾ അദ്ദേഹത്തോട് തർക്കിക്കാൻ തുടങ്ങിയപ്പോൾ, ശങ്കരാചാര്യർക്ക് വല്ലാതെ മടുപ്പു തോന്നുകയും, “അവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് പറയുകയും ചെയ്തു.”

അതിനാൽ അദ്ദേഹം സൗന്ദര്യ ലഹരി എഴുതി. സൗന്ദര്യ ലഹരി എന്നത് അമ്മയെ സ്തുതിക്കുന്ന മന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹം പറഞ്ഞു, "എന്തിന്, എനിക്കറിയാം അമ്മയെ, ഇപ്പോൾ ഞാൻ അമ്മയെ സ്തുതിക്കട്ടെ. മറ്റൊന്നും ചെയ്യാനില്ല.” "ഇവരോടൊക്കെ സംസാരിച്ചിട്ട് എന്ത് പ്രയോജനം? വിഡ്ഢികളായ ഇവർക്ക് ഇതൊക്ക എങ്ങനെ മനസ്സിലാകും?" തനിക്കറിയാവുന്നത്, മനസ്സിലാക്കാനുള്ള കഴിവും... സംവേദനക്ഷമതയും അവർക്ക് ഇല്ല, എന്ന് അദ്ദേഹം മനസ്സിലാക്കി.

ദൈവം എന്താണെന്ന് അറിയുക…. അതാണ് യഥാർത്ഥ അറിവ്. ദൈവം അതാണെങ്കിൽ, നിങ്ങൾക്ക് എങ്ങനെ എന്തെങ്കിലും സംശയിക്കാൻ കഴിയും, എങ്ങനെ എന്തെങ്കിലും വിശകലനം ചെയ്യാൻ കഴിയും? ദൈവം അതാണ്.. എല്ലാം അറിയുന്നവനും.. എല്ലാം ചെയ്യുന്നവനും.. എല്ലാം ആസ്വദിക്കുന്നവനുമായ സർവശക്തനായ ദൈവം.

അതാണ് ജ്ഞാനം, അതാണ് അറിവ്, യഥാർത്ഥ അറിവ്, ശുദ്ധമായ അറിവ് എന്നാണ് നിങ്ങൾ പറയേണ്ടത്.. അത് ചക്രങ്ങളെക്കുറിച്ചുള്ള അറിവല്ല, ചൈതന്യസ്പന്ദനങ്ങളെക്കുറിച്ചുള്ള അറിവല്ല, കുണ്ഡലിനിയെ കുറിച്ചുള്ള അറിവല്ല, മറിച്ച് സർവ്വശക്തനായ ദൈവത്തെ കുറിച്ചുള്ള അറിവാണ്. സർവശക്തനായ ദൈവത്തെക്കുറിച്ചുള്ള അറിവ് മാനസികമല്ല..

Šri Matadži hovorí o duchovne a Sahdža joge.
Šri Matadži hovorí o duchovne a Sahdža joge.

വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു, അത് നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ആരംഭിച്ച് നിങ്ങളുടെ മസ്തിഷ്ക്കത്തിലേക്ക് പോകുന്നു, നിങ്ങളുടെ ആനന്ദത്തിൽ നിന്ന് വരുന്ന അനുഭവം നിങ്ങളുടെ മസ്തിഷ്കത്തെ പൊതിയുന്നു.. അതിനാൽ നിങ്ങളുടെ മസ്തിഷ്കത്തിന് അതിനെ ഇനിയും നിഷേധിക്കാനാവില്ല.

ചിലപ്പോൾ ഇതുപോലെയാണത്- നിങ്ങളുടെ അമ്മയുള്ളപ്പോൾ, അമ്മയുടെ സ്നേഹം നിങ്ങൾക്കറിയാം. എന്നാൽ നിങ്ങൾക്ക് അത് വിശദീകരിക്കാൻ കഴിയില്ല, അത് നിങ്ങളുടെ ഹൃദയത്തിൽ നിന്നാണ് വരുന്നത്, അപ്പോൾ നിങ്ങൾ പറയുന്നു, "ഇല്ല, അത് എന്റെ അമ്മയാണ്, അമ്മയ്ക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല, എന്റെ അമ്മയെ എനിക്ക് നന്നായി അറിയാം." നിങ്ങൾക്ക് ജന്മം നൽകിയ നിങ്ങളുടെ അമ്മയെക്കുറിച്ചുള്ള അറിവ്; ചിലപ്പോൾ അമ്മ വളരെ നല്ലവരായിരിക്കണമെന്നില്ല, അത് എന്തുതന്നെയായാലും. എന്നാൽ ദൈവത്തെക്കുറിച്ചുള്ള അറിവ്, അതായത് അദ്ദേഹം സ്നേഹമാണെന്നും, അദ്ദേഹം സത്യമാണന്നും, അദ്ദേഹം എല്ലാം അറിയുന്നുവെന്നും, അദ്ദേഹം, പൂർണ്ണമായും നിങ്ങളുടെ അസ്തിത്വത്തിന്റെ അവിഭാജ്യഘടകമായി മാറുന്നുവെന്നും.... പൂർണ്ണമായും മാറുന്ന ആ സമയമാണ് നമ്മൾ "നിർവ്വാണം'' എന്നു പറയുന്നത്.

അതിനാൽ ഇത് പ്രധാനമാണ്, പ്രത്യേകിച്ച് പാശ്ചാത്യ ജനതയ്ക്ക്, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഹൃദയം തുറക്കുക, കാരണം അത് നിങ്ങളുടെ മസ്തിഷ്കത്തിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് ആരംഭിക്കുന്നത്.