Kundalini

കുണ്ഡലിനി

സ്നേഹത്തിന്റെ പരിണാമ ശക്തി

ആദികുണ്ഡലിനി ഒരു ഭീമമായ ചൂള പോലെ ഉയരുന്നത് ഞാൻ കണ്ടു, എന്നാൽ അത് വളരെ നിശ്ശബ്ദമായ ഒരു ഉജ്ജ്വല പ്രതിഭാസമായിരുന്നു. നിങ്ങൾ ചില ലോഹത്തെ ചൂടാക്കുമ്പോൾ പ്രകടമാകുന്ന നിരവധി നിറങ്ങൾ പോലെ ഈ കുണ്ഡലിനി ഒരു ഭീമമായ ചൂളയായി കാണപ്പെട്ടു. ഈ ചൂള ഒരു തുരങ്കം, അതായത് കൽക്കരി കത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്ന കേന്ദ്രങ്ങൾ പോലെ പ്രത്യക്ഷമായി എന്ന് നിങ്ങൾക്ക് പറയാം, പിന്നെ അത് ഒരു ദൂരദർശിനി പോലെ വിസ്തൃതമായി ഒന്നിന് പുറകെ ഒന്നായി പുറത്തേക്കു വന്നു- നിറയൊഴിക്കുന്നതുപോലെ പുറത്തേക്കു വന്നുകൊണ്ടേയിരുന്നു.

കുണ്ഡലിനിയുടെ ഉണർവ്വിനെക്കുറിച്ചുള്ള ശ്രീ മാതാജിയുടെ സഹജമായ ആത്മീയാനുഭവവും, സൂക്ഷ്മ ശരീരത്തിൽ അതിന്റെ സങ്കീർണ്ണമായ പ്രവർത്തനവും സഹജ യോഗ ധ്യാനത്തിന്റെ അടിത്തറയായി മാറുകയും, അത് ശ്രീമാതാജി ലോകം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു. ഗർഭപിണ്ഡ രൂപീകരണത്തിന്റെ വളരെ പ്രാരംഭ ഘട്ടത്തിൽ കുണ്ഡലിനി എങ്ങനെ അതിനുള്ളിൽ പ്രവേശിക്കുന്നുവെന്നും, അതിന്റെ ദൈവിക സ്വഭാവവും, സ്നേഹത്തിന്റെ ഈ പ്രബലമായ ദിവ്യശക്തി നമ്മുടെ സ്വാതന്ത്ര്യത്തെ എങ്ങിനെ ബഹുമാനിക്കുകയും നമ്മുടെ സ്വച്ചന്ദമായ ആഗ്രഹങ്ങളിൽ ഇടപെടാതെയിരിക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളും ഈ മേഖലയിലെ ഒരു പരമമായ ഗുരുവും അധിപതിയും എന്ന നിലയിൽ ശ്രീമാതാജി വിശദമായി വിവരിക്കുന്നു.

പരമമായ സത്യം അനുഭവിച്ചറിയാനുള്ള നമ്മുടെ ശുദ്ധമായ ഇച്ഛ ഒന്നു കൊണ്ടു മാത്രമേ നമ്മുടെ അവബോധത്തിലുള്ള ആത്മീയ ശക്തി ഉണരുകയുള്ളൂ, പിന്നീട് അത് നമ്മളെ ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു.

ഓരോ മനുഷ്യനിലും,നട്ടെല്ലിന്റെ അടിഭാഗത്തുള്ള വലിയ ത്രികോണാകൃതിയിലുള്ള സാക്രം അസ്ഥിയിൽ, സൂക്ഷ്മവും സ്ത്രീസഹജവുമായ ആത്മീയ ഊർജ്ജത്തിന്റെ മൂലരൂപം കുടികൊള്ളുന്നു. ഈ മാതൃ ഊർജ്ജം സംസ്കൃതത്തിൽ കുണ്ഡലിനി എന്നറിയപ്പെടുന്നു,അതിനർത്ഥം ചുരുണ്ടത്- അതായത് അത് മൂന്നര ചുറ്റുകളായി ചുരുണ്ടിരിക്കുന്നു. കുണ്ഡലിനി ഉണർന്നാൽ അത് നട്ടെല്ലിലൂടെ ഉയർന്ന് നമ്മുടെ ഊർജ്ജ കേന്ദ്രങ്ങളിലൂടെ അഥവാ ചക്രങ്ങളിലൂടെ കടന്നുപോയി, മൂർദ്ധാവിലൂടെ (ശിശുക്കളുടെ തല ഭാഗത്ത് കാണുന്ന മൃദുവായ സ്ഥാനം) പുറത്തേക്ക് വരുന്നു. കുണ്ഡലിനി ഈ പ്രദേശത്തുകൂടെ പുറത്തേക്ക് പോകുമ്പോൾ, ഒരു നീരുറവയിൽ നിന്ന് ഒഴുകുന്നതുപോലെ ഒരു മൃദുവായ തണുത്ത കാറ്റ് നമുക്ക് അനുഭവപ്പെടുന്നു. രസകരമെന്നു പറയട്ടെ, "ചെറിയ ജലധാര" എന്നർത്ഥമുള്ള പഴയ ഫ്രഞ്ച് പദമായ ‘ഫോണ്ടനേൽ’ നിന്നാണ് ഇംഗ്ലീഷ് പദമായ ‘ഫോണ്ടെനെൽ’ ഉരുത്തിരിഞ്ഞത്.

എല്ലാ സൃഷ്ടികളുടെയും ഉറവിടമായ ദൈവ സ്നേഹത്തിന്റെ ശാശ്വതമായ ശക്തിയുടെ പ്രതിഫലനമാണ് കുണ്ഡലിനി. ഏറ്റവും ചെറിയ പരമാണു കണികകൾ മുതൽ ഏകകോശ ജീവരൂപങ്ങളിൽ വരെ ഒരു ഐക്യ മാതൃകയിൽ ചിന്തിപ്പിക്കുകയും മനസ്സിലാക്കുകയും ഏകോപിപ്പിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒരു സാർവത്രിക ശക്തിയാണിത്.

Sacrum

നാഥ പന്തികൾ പോലെയുള്ള യോഗപാരമ്പര്യങ്ങളിലെ ചില വിഭാഗങ്ങളിൽ കുണ്ഡലിനിയെക്കുറിച്ചുള്ള അറിവ് രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും, പല പുരാതന സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും കുണ്ഡലിനിയുടെ സ്വഭാവത്തെക്കുറിച്ച് ധാരാളം പരാമർശങ്ങൾ ഉണ്ടെന്ന് ശ്രീ മാതാജി ചൂണ്ടിക്കാട്ടി. കുണ്ഡലിനി വസിക്കുന്ന നട്ടെല്ലിന്റെ അറ്റത്തുള്ള ത്രികോണാകൃതിയിലുള്ള അസ്ഥിയെക്കുറിച്ചുള്ള പുരാതന പരാമർശങ്ങൾ ഇതിൽ ഉൾപ്പെടുന്നു, അതിനെ "ഓസ് സാക്രം" എന്ന് വിളിക്കുന്നു, ഇത് വിശുദ്ധം എന്നാണ് അർത്ഥമാക്കുന്നത്, പഴയ ഗ്രീക്ക് ശബ്ദമായ "ഹൈറോൺ ഓസ്റ്റിയോൺ" എന്നതിൽ നിന്ന് നേരിട്ടുള്ള വിവർത്തനമായി ഇത് ഉരുത്തിരിഞ്ഞതാണ്. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിൽ ഈ അസ്ഥിയുടെ പവിത്രത അവരുടെ പുനരുത്ഥാനത്തിന്റെയും കൃഷിയുടെയും ദേവനായ ഒസിരിസുമായി ബന്ധമുള്ളതായി പരാമർശിക്കപ്പെടുന്നു. ബൈബിൾ സങ്കീർത്തനങ്ങൾ 34:20-ൽ ഈ വിശുദ്ധ അസ്ഥിയെക്കുറിച്ചുള്ള പരാമർശവും കണ്ടെത്തിയിട്ടുണ്ട്. "അവൻ തന്റെ എല്ലാ അസ്ഥികളെയും സംരക്ഷിക്കുന്നു, അവയിൽ ഒന്നുപോലും ഒടിഞ്ഞിട്ടില്ല." മദ്ധ്യകാല യൂറോപ്പിലെ രസവാദവിദ്യയുടെയും മരുന്നുവിദ്യയുടെയും പ്രതീകരൂപമായ കാഡൂസിയസിൽ, രണ്ട് സർപ്പങ്ങൾ ഒരു ധ്രുവത്തിൽ ഏഴ് മടങ്ങ് ചുറ്റുന്നതായി കാണിക്കുന്നു. പല പുരാതന കലാസൃഷ്ടികളും കുണ്ഡലിനിയുടെ മൂന്നര ചുരുളാകൃതിയെ ചിത്രീകരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ചരിത്രത്തിലുടനീളം ഈ സൂക്ഷ്മ ശക്തി ആളുകളെ അബോധാവസ്ഥയിൽ നയിച്ചുകൊണ്ടിരിന്നിരുന്നു എന്നാണ്.

YouTube player

കുണ്ഡലിനിയെ ഉണർത്തുന്നത് അപകടകരമോ ദോഷകരമോ ആണെന്നുള്ള പല തെറ്റായ ആശയങ്ങൾക്കും ശ്രീമാതാജി വ്യക്തത കൊടുത്തു. അനേകം ജന്മങ്ങൾ കടന്നിട്ടുള്ള നമ്മുടെ ജീവിതയാത്രയിൽ നമ്മെ അനുഗമിക്കുകയും നമ്മുടെ ആത്മസാക്ഷാത്കാരം ലഭിക്കാൻ നാം ആഗ്രഹിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്ന നമ്മുടെ സഹജമായ ആത്മീയമാതാവ് എന്ന നിലയിലാണ് കുണ്ഡലിനിക്ക് ശ്രീ മാതാജി വ്യക്തത നൽകിയത്. പ്രകൃതിയിലുള്ള ഒരു ജീവജാലങ്ങളിലും അമ്മ സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുന്നില്ല. മറിച്ച്, കുഞ്ഞിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ്. അങ്ങനെ ആ മാതൃ ശക്തി അതിനെ പരിണാമത്തിന്റെ ഉന്നതികളിലേക്ക് എത്തിക്കുന്നു.

"രൂപരഹിതം എന്നാൽ പരിപൂർണ്ണം, ആകാശത്തിനും ഭൂമിക്കും മുമ്പേ നിലനിന്നിരുന്നത്. നിശ്ശബ്ദവും അതിരുകളില്ലാത്തതും, ഏകനും മാറ്റമില്ലാത്തതും, എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നതും, എന്നാൽ തളർച്ചയില്ലാത്തതും. അത് ദൈവരാജ്യത്തിന് കീഴിലുള്ള എല്ലാറ്റിന്റെയും മാതാവാണ്. അതിന്റെ പേര് എനിക്കറിയില്ല, അതിനാൽ ഞാൻ അതിനെ താവോ എന്ന് വിളിക്കുന്നു."
ലാവോ ത്സു - താവോ തേ ചിംഗ്

കുണ്ഡലിനിയുടെ ഈ നിഗൂഢമായ അനുഭവം ആദിശങ്കരാചാര്യ (എ.ഡി. 700), കബീർ (എ.ഡി. 1400), ജ്ഞാനദേവ് (എ.ഡി. 1200) തുടങ്ങിയ നിരവധി ഭാരതീയ വിശുദ്ധന്മാർ വിവരിച്ചിട്ടുണ്ട്.

കുണ്ഡലിനി ഊർജ്ജം പൊതുവെ ഉറങ്ങി കിടക്കുകയാണ്. ആത്മസാക്ഷാത്കാരത്തിന്റെ ലക്ഷ്യം ഈ ഊർജ്ജത്തെ ഉണർത്തി അതിലൂടെ അതിന്റെ ഗുണങ്ങൾ പ്രകടമാക്കുക എന്നതാണ്. ശുദ്ധമായ ഇച്ഛാശക്തിയിലൂടെ ഇതിനെ ഉണർത്താൻ കഴിയും- നമ്മിലെ പരമാർത്ഥമായ സത്യത്തെ അഥവാ, നമ്മുടെ ആത്മാവിനെ അറിയാനുള്ള നമ്മുടെ ശുദ്ധമായ ഇച്ഛയിലൂടെ ഇത് സാധിക്കുന്നു. ഈ ആത്മ ചൈതന്യം പലപ്പോഴും നമ്മുടെ സ്വന്തം ചിന്തകളാലും വികാരങ്ങളാലും നമ്മിൽ നിന്ന്മ റഞ്ഞിരിക്കുന്നു, എന്നാൽ കുണ്ഡലിനി ഉയരുമ്പോൾ അത് സ്വയമേവ നമ്മെ ധ്യാനാവസ്ഥയിലേക്ക് കൊണ്ടുവരുന്നു. നമ്മുടെ നിശബ്ദമായ ചിത്തത്തിൽ ശുദ്ധമായ ആത്മാവിനെ പ്രകടമാക്കുന്നു. അങ്ങനെ, നമ്മളെ ചിന്തകളിൽ നിന്നും വികാരങ്ങളിൽ നിന്നും വേർപ്പെടുത്തി, എല്ലാവരുടെയും ഉള്ളിൽ ശാശ്വതമായി നിലനിൽക്കുന്ന ആ ശുദ്ധമായ ആനന്ദവും സമാധാനവും അനുഭവിച്ചറിയാൻ പ്രാപ്തരാക്കുന്നു.

"ഭൗതികതയിൽ നിന്ന് അകന്ന്... ഞാൻ മനസ്സാകുന്ന ആകാശത്തിലേക്ക് പ്രവേശിച്ചു, പത്താം കവാടം തുറന്നു. ചുരുണ്ടു കിടക്കുന്ന കുണ്ഡലിനി ശക്തിയുടെ ചക്രങ്ങൾ തുറന്നിരിക്കുന്നു, ഞാൻ എന്റെ പരമാത്മാവായ ദൈവത്തെ ഭയപ്പെടാതെ കണ്ടുമുട്ടി"
സന്ത് കബീർ

കുണ്ഡലിനിയുടെ പ്രഭാവം നമ്മുടെ സൂക്ഷ്മ ശരീരത്തിൽ അനുഭവിക്കാൻ സാധിക്കും, ഇത് സ്ഥൂല ശാരീരികതലത്തിൽ നമ്മുടെ കേന്ദ്ര നാഡീവ്യൂഹമായി പ്രതിപാദിക്കപ്പെടുന്നു. കുണ്ഡലിനി ഉയരുമ്പോൾ, അത് നമ്മുടെ നട്ടെല്ലിലെ പ്രധാന നാഡി വ്യൂഹമായി ബന്ധപ്പെട്ട ചക്രങ്ങളിലൂടെ കടന്നുപോകുന്നു. ദശലക്ഷക്കണക്കിന് ഇഴകളുള്ള ഒരു കയറായി നമുക്ക് കുണ്ഡലിനിയെ സങ്കൽപ്പിക്കാൻ കഴിയുമെന്ന് ശ്രീ മാതാജി വിശദീകരിച്ചു. നമുക്ക് ആദ്യമായി ആത്മസാക്ഷാത്കാരം ലഭിക്കുമ്പോൾ, ഒന്നോ രണ്ടോ ഇഴകൾ മാത്രമേ ചക്രങ്ങളിലൂടെ സഹസ്രാരത്തിൽ, അതായത് ശിരസ്സിന്റെ ഉച്ചിയിൽ എത്തുകയുള്ളൂ. ദൈനംദിന ധ്യാനത്തിലൂടെ, കുണ്ഡലിനിയുടെ കൂടുതൽ ഇഴകൾ ഉയർന്ന്, പരമചൈതന്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തി, നമ്മുടെ ധ്യാനാനുഭവങ്ങൾ വളരെ ആഴമേറിയതും കൂടുതൽ അഗാധവും ആനന്ദകരവുമാക്കുന്നു.

 

ഇപ്പോഴത്തെ പ്രശ്നം നിങ്ങളുടെ മനസ്സിൽ നിന്ന് എങ്ങനെ ചിന്തകൾ ഇല്ലാതാക്കാം എന്നതാണ്. എല്ലാ സമയവും നിങ്ങളുടെ മനസ്സിൽ ചിന്തകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ കുണ്ഡലിനി ഉയരുമ്പോൾ, പിന്നെ സംഭവിക്കുന്നത് ഈ ചിന്തകൾ ദീർഘിപ്പിക്കപ്പെടുന്നു എന്നതാണ്.. ചിന്തകൾക്കിടയിൽ ഒരു അകലം വരുന്നു, ഈ അകലമാണ് നമ്മുടെ സമാധാനത്തിന്റെ ഇടം. ആ സമാധാനം നമുക്ക് നേടാൻ സാധിച്ചെങ്കിൽ, ലോകസമാധാനം കൈവരിക്കാനാകും. വിളംബരങ്ങൾ കൊണ്ടോ, സമാധാനത്തിന് വേണ്ടി ആക്രോശിച്ചതുകൊണ്ടോ, നിങ്ങൾക്ക് സമാധാനം സ്ഥാപിക്കാൻ കഴിയില്ല. സമാധാനം ഉണ്ടാകേണ്ടത് മനുഷ്യഹൃദയങ്ങളിൽ നിന്നാണ്.  മനുഷ്യഹൃദയങ്ങളിൽ, അതിന്റെ അന്തർഭാഗത്ത് ആത്മാവിനെ ദൃഡപ്പെടുത്തിയാൽ മാത്രമേ, സമാധാനം സ്ഥാപിക്കാൻ കഴിയൂ, അവിടെ അത് സമാധാനത്തിന്റെ ആനന്ദം പ്രകടമാക്കുന്നു. സമാധാനത്തിന്റെ ആനന്ദം ആസ്വദിക്കാൻ തുടങ്ങുമ്പോൾ, നിങ്ങൾക്ക് യുദ്ധങ്ങളുടെ ആവശ്യമില്ല, നിങ്ങൾ ഒരു യുദ്ധത്തെക്കുറിച്ചും ചിന്തിക്കുന്നില്ല, ആ ഒരു സ്ഥിതിയിലേക്കാണ് മനുഷ്യർ ഉയർത്തെഴുന്നേൽക്കേണ്ടത്.