May 5th World Realization Day

മെയ് 5, ലോക സാക്ഷാത്കാര ദിനം

സഹജ യോഗയുടെ സ്ഥാപകയായ ശ്രീ മാതാജി നിർമ്മല ദേവിയെ ആദരിച്ചു കൊണ്ട് മെയ്‌ 5 ലോക സാക്ഷാത്കാര ദിനമായി പ്രഖ്യാപിച്ചിരിക്കുന്നു

സഹജ യോഗയുടെ സ്ഥാപകയായ ശ്രീ മാതാജി നിർമ്മല ദേവിയുടെ പ്രവർത്തനത്തെയും വീക്ഷണത്തേയും മാനിച്ച് മെയ് 5,ലോക സാക്ഷാത്കാര ദിനമായി പ്രഖ്യാപിക്കുന്നതിൽ ശ്രീ മാതാജി നിർമ്മല ദേവി സഹജ യോഗ വേൾഡ് ഫൗണ്ടേഷന്, അത്യധികം സന്തോഷമുണ്ട്. വർഷങ്ങളോളം നീണ്ടു നിന്ന ധ്യാനത്തിനും മനുഷ്യാവസ്ഥയെക്കുറിച്ചുള്ള പഠനത്തിനും ശേഷം,1970 മെയ് 5-ന് ഇന്ത്യയിലെ നാർഗോളിൽ വെച്ച് ശ്രീ മാതാജി അവസാനത്തെ സൂക്ഷ്മ ഊർജ്ജ കേന്ദ്രമായ -'സഹസ്രാര (ഇംഗ്ലീഷിൽ 'ഫോണ്ടനെൽ') ചക്രം' തുറന്നു. ഈ ചക്രം മസ്തിഷ്കത്തിന്റെ മൂർദ്ധാവിലാണ് സ്ഥിതി ചെയ്യുന്നത്.

ഈ അഭൂതപൂർവമായ മുന്നേറ്റം ആന്തരിക പരിവർത്തനത്തിലൂടെയുള്ള വിമോചനത്തിന്റെ ഒരു പുതിയ യുഗത്തിലേക്കുള്ള വാതിൽ തുറന്നു.ധാരാളം ആളുകളിൽ ആത്മീയമായ ഉണർവ്വ് നൽകാൻ കഴിയുന്ന ഒരു പ്രക്രിയ ശ്രീ മാതാജി കണ്ടെത്തി. ആത്മസാക്ഷാത്കാരം എന്ന് വിളിക്കപ്പെടുന്ന ഈ ഉണർവ്, ഓരോ മനുഷ്യന്റെയും ഉള്ളിൽ നിലനിൽക്കുന്ന സുപ്രധാനമായ കുണ്ഡലിനി ഊർജ്ജം സജീവമാകുന്നതിലൂടെയാണ് നടക്കുന്നത്. ഏകാന്തമായി പർവതമുകളിലും മറ്റും പോയി കഠിനമായ നിഷ്ഠകളൊന്നും കൂടാതെ തന്നെ ഹൃദയത്തിൽ നിന്നും "തനിക്കും ആ അനുഭവം നൽകണം" എന്ന കേവലം ശുദ്ധമായ ഇച്ഛയിലൂടെ ഏതൊരാൾക്കും സഹജമായി, ഈ സൗമ്യമായ ശക്തിയെ ഉണർത്തി ആത്മസാക്ഷാത്കാരം സ്വീകരിക്കാം.

ശ്രീ മാതാജി ആത്മസാക്ഷാത്കാരം അടിസ്ഥാനമാക്കിയാണ് താൻ വികസിപ്പിച്ചെടുത്ത ധ്യാന രീതിയായ സഹജ യോഗ മനുഷ്യ സമൂഹത്തിന് നൽകിയത്. ഈ പരിശീലനത്തിന്റെ മാർഗ്ഗം മറ്റ് ധ്യാന രീതികളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത് 'ചിന്തയില്ലാത്ത അവബോധം' ആണ്,ഇത് ദൃശ്യവൽക്കരണമോ മറ്റ് തരത്തിൽ മനസ്സുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി നിർവിചാരിത കൈവരിക്കുന്നതാണ്. ഇതിനെ കൂടുതൽ ശ്രേഷ്ഠമാക്കുന്നതും ഇത് തന്നെയാണ്. കഴിഞ്ഞ 40 വർഷം കൊണ്ട് സഹജയോഗ ധ്യാനം അത്ഭുതകരമാകും വിധം വളർന്നു,ഇപ്പോൾ 100-ൽ പരം രാജ്യങ്ങളിൽ ഇത് പരിശീലിപ്പിക്കപ്പെടുന്നു. ഈ അദ്വിതീയ ധ്യാനത്തിലൂടെ സമാധാനവും സംതൃപ്തിയും ക്ഷേമവും കണ്ടെത്തുന്നതിന് വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സത്യാന്വേഷകർ വരുന്നു.

ശ്രീ മാതാജി ഒരു വിദ്യാർത്ഥിയായിരിക്കെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അഹിംസാത്മക പോരാട്ടത്തിൽ മഹാത്മാ ഗാന്ധിയോടൊപ്പം പങ്കെടുത്തിരുന്നു. രണ്ടു തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു,1989-ൽ യു എൻ സമാധാന മെഡൽ ലഭിച്ചു. 40 വർഷത്തിലേറെ ശ്രീ മാതാജി ലോകമെമ്പാടും സഞ്ചരിച്ച്,സഹജയോഗ ധ്യാനത്തിലൂടെ സമാധാനവും ഐക്യവും വ്യാപിപ്പിക്കാൻ കഴിയുമെന്ന തന്റെ സന്ദേശം പ്രചരിപ്പിച്ചു. അക്കാലത്തെ ഗുരുക്കന്മാർ എന്ന് എന്നറിയപ്പെടുന്നവരിൽ നിന്നും അതുല്യമായ ശ്രീ മാതാജിയുടെ സന്ദേശം ഇതായിരുന്നു- ഓരോ വ്യക്തിയും അവരവരുടെ ഉള്ളിൽ സ്വയം ഗുരുത്വത്തിന്റെ വിത്ത് വഹിക്കുന്നു. സിദ്ധാന്തങ്ങളെയോ ആചാരങ്ങളെയോ അവലംബിക്കാതെ അവർക്ക് സ്വയം ഗുരുവായിത്തീരാം.

ശ്രീ മാതാജി 2011-ൽ അന്തരിച്ചു, എന്നാൽ ശ്രീ മാതാജിയുടെ പാരമ്പര്യം ലോകമെമ്പാടുമുള്ള അനുയായികളുടെ ജീവിതത്തിലും സാമൂഹികപ്രവർത്തനത്തിലും നിലനിൽക്കുന്നു. ഓരോ വ്യക്തിക്കും അവരുടെ ആത്മസാക്ഷാത്കാരം സൗജന്യമായി നേടാനുള്ള അവകാശമുണ്ടെന്ന് ശ്രീ മാതാജി ആവർത്തിച്ച് വിശദീകരിച്ചു,എണ്ണമറ്റ പൊതുപരിപാടികളിലൂടെ ഓരോ വ്യക്തിക്കും ശ്രീ മാതാജി നേരിട്ടു നൽകിയിട്ടുള്ള അതേ അനുഭവം,ആത്മസാക്ഷാത്കാരം ആവശ്യപ്പെട്ട് വരുന്നവർക്കെല്ലാം ഊർജ്ജസ്വലമായി നൽകിക്കൊണ്ട് ഇന്നും തുടരുന്നു.

മെയ് 5, മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷികമായി ഒരു ദിവസം അംഗീകരിക്കപ്പെടും. അതുവരെ,ആധുനിക ലോകത്തിലേക്ക് സുവ്യക്തമായതും അർത്ഥവത്തായതുമായ ആത്മീയത കൊണ്ടുവന്ന ഗുരുക്കന്മാരുടെ ഗുരുവും അധ്യാപകരുടെ അധ്യാപികയുമായ ശ്രീ മാതാജിയുടെ സാർവത്രികവും സ്നേഹനിർഭരവുമായ സ്മാരകമായി ഇത് പ്രവർത്തിക്കും.

ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത് 2013 മെയ് 3-നാണ്.