കുടുംബത്തിന്റെ പ്രാധാന്യം
സമൂഹത്തിന്റെ അടിത്തറ
വിജയകരമായ ഒരു സമൂഹം നിലകൊള്ളുന്നത് അതിലുള്ള കുടുംബങ്ങളുടെ ശക്തിയിലും, നമ്മളോരോരുത്തരുടേയും കർത്തവ്യ നിർവഹണത്തിലും പരസ്പര ബന്ധത്തിലുമാണ്. അത്തരമൊരു സന്തുലിതമായ സമൂഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ശ്രീ മാതാജി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിലുടനീളം, കുടുംബത്തിലും സമൂഹത്തിലും ലോക വേദിയിലും ഒരു സ്ത്രീക്ക് നിറവേറ്റാൻ കഴിയുന്ന വൈവിധ്യമാർന്ന പങ്കുകളുടെ ഉത്തമ ഉദാഹരണമായിരുന്നു ശ്രീ മാതാജി.
ചെറുപ്രായത്തിൽ തന്നെ ശ്രീ മാതാജി തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ശ്രീ മാതാജിയുടെ മാതാപിതാക്കൾ ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പോരാടുന്ന സമയത്ത്,പ്രായത്തിൽ മൂത്തതല്ലെങ്കിലും, ശ്രീ മാതാജി തന്റെ സഹോദരങ്ങളെ പരിപാലിച്ചു പോന്നു. ശ്രീ മാതാജിയും ഈ സമര പ്രസ്ഥാനത്തിൽ ഒരു യുവതിയെന്ന നിലയിൽ പങ്കെടുത്തിരുന്നു.ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ, ശ്രീ മാതാജി തന്റെ കുട്ടികളെ പരിപാലിക്കുകയും,അതോടൊപ്പം ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഓർഗനൈസേഷനു വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള പ്രവർത്തനങ്ങൾക്കായുള്ള യാത്ര വേളകളിൽ ഭർത്താവിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.ആഗോളതലത്തിൽ മാനവികതയെ കുറിച്ചുള്ള ഉത്കണ്ഠ ശ്രീ മാതാജിക്ക് ഉണ്ടായിരുന്നെങ്കിലും, തന്റെ പെൺമക്കളെ വിവാഹം കഴിപ്പിച്ചു സുസ്ഥിരമാക്കിയതിനു ശേഷം മാത്രമാണ് ശ്രീ മാതാജി പൊതുപ്രവർത്തനം ആരംഭിച്ചത്.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിനെക്കുറിച്ച് ശ്രീ മാതാജി ഒരിക്കൽ ഇങ്ങനെ പറഞ്ഞു,”നിങ്ങൾ സന്തുലനാവസ്ഥയിലായിരിക്കണം. ഇത് ഭർത്താവോ ഭാര്യയോ എന്നില്ല, രണ്ടുപേരും അങ്ങനെയായിരിക്കണം.നിങ്ങൾ പരസ്പരം ബഹുമാനിക്കുകയും, സ്നേഹിക്കുകയും, എല്ലാം പരസ്പരം പങ്കുവെക്കുകയും ചെയ്യണം. മറ്റുള്ളവർ കാണുമ്പോൾ ഒരു രഥത്തിന്റെ ഇടതും വലതുമുള്ള രണ്ട് ചക്രങ്ങൾ എന്ന വിധത്തിൽ നിലനിൽക്കുകയും വേണം.” സന്തുലിതാവസ്ഥ കൈവരിക്കണമെങ്കിൽ സമത്വം ആവശ്യമാണ്. “അസന്തുലിതാവസ്ഥയല്ല. അവർ തുല്യരാണ്, പക്ഷേ സമാനരല്ല."
ശ്രീ മാതാജി ഒരു ഭാര്യയുടെ ഗുണങ്ങളെ ഭൂമി മാതാവിന്റെ ഗുണങ്ങളോട് താരതമ്യം ചെയ്തു: അവൾ നമ്മെ പോഷിപ്പിക്കുന്നു,കൂടാതെ ഉദാരമതിയും സ്നേഹവതിയുമാണ്,സൗന്ദര്യം സൃഷ്ടിക്കാൻ കഴിയുന്നവളുമാണ്. അവൾ സമാധാനസ്ഥാപകയാണ്, ഒരു കുടുംബത്തിലെ ബന്ധങ്ങൾ യോജിപ്പോടെ നിലനിർത്താൻ സഹായിക്കുന്നവളാണ് .അവൾ ഒരു കുടുംബത്തിന്റെ ശക്തിയുടെ ഉറവിടമാണ്, അവളുടെ സംഭാവന കുടുംബ മണ്ഡലത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു."സ്ത്രീ അധികാരം നൽകുന്നു ... നിങ്ങളുടെ മകന്, നിങ്ങളുടെ ഭർത്താവിന്, സമൂഹത്തിന് മുഴുവനും.”

ഒരു ഭർത്താവിന്റെ ഉത്തരവാദിത്തം എന്തെന്നാൽ തന്റെ കുടുംബത്തിലെ എല്ലാവരേയും പരിപാലിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്.ഭാര്യാഭർത്താക്കന്മാർക്കിടയിൽ പരസ്പര ബഹുമാനം ഉണ്ടായിരിക്കണം,കാരണം അവരുടെ കർത്തവ്യങ്ങൾ പരസ്പരം ആശ്രയിക്കുന്നതും തുല്യ മൂല്യമുള്ളതുമാണ്.
കുട്ടികളും മാതാപിതാക്കളും,അതുപോലെ സഹോദരീസഹോദരന്മാരും,ഇളയ കുടുംബാംഗങ്ങളും മുതിർന്നവരും തമ്മിലുള്ള ബന്ധങ്ങൾ കുടുംബജീവിതത്തിന്റെ പ്രധാന വശങ്ങളിൽ ഉൾപ്പെടുന്നു. കുടുംബത്തിൽ സന്തുലിതാവസ്ഥയും സമാധാനവും ഉണ്ടാകുമ്പോൾ, അത് പ്രതിധ്വനിക്കുകയും സമൂഹത്തിൽ സമാധാനപരവും സന്തുലിതവുമായ പ്രഭാവം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ മൂല്യങ്ങളോടും കാഴ്ചപ്പാടുകളോടും കൂടി, ഭാര്യ, അമ്മ, മുത്തശ്ശി (ഒപ്പം മുതുമുത്തശ്ശിയായും) എന്ന നിലയിലുള്ള സ്വന്തം കർത്തവ്യം നിറവേറ്റുമ്പോഴും, ശ്രീ മാതാജിയുടെ ശ്രദ്ധ ആഗോള തലത്തിൽ തന്നെയായിരുന്നു.1995-ൽ ബീജിംഗിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ അവർ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സന്തുലിതാവസ്ഥയുടെയും പരസ്പരാശ്രിതത്വത്തിന്റെയും ഈ സന്ദേശം ലോക വേദിയിൽ അവതരിപ്പിച്ചു. ഇവിടെ ശ്രീ മാതാജി സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പ്രകടിപ്പിക്കുകയും അമ്മയുടെ പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു; പല സമൂഹങ്ങളും വിലകുറച്ച് കണ്ട ഒരു ഭൂമിക.
എല്ലാ മഹാന്മാരായ നേതാക്കളെയും പോലെ, ശ്രീ മാതാജി ഒന്നിപ്പിക്കാനും പ്രചോദിപ്പിക്കാനും ശ്രമിച്ചു; വംശമോ,മതമോ,ദേശീയതയോ പരിഗണിക്കാതെ ശ്രീ മാതാജി ലോകത്തെ മുഴുവൻ തന്റെ കുടുംബമായി കണക്കാക്കി.എല്ലാ ആളുകളും ശ്രീ മാതാജിയുടെ ശ്രദ്ധയ്ക്കും പരിചരണത്തിനും പാത്രമായിരുന്നു.